X

500, 1000 രൂപ പിന്‍വലിക്കല്‍; ജനം പരക്കം പായുന്നു; മണ്ടത്തരമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്

അഴിമുഖം പ്രതിനിധി

500,1000 രൂപ നോട്ടുകൾ പെട്ടെന്ന് അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മണ്ടത്തരമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. മോദിയുടേത് ചെപ്പടി വിദ്യ. കളളപ്പണം മൊത്തമായി നോട്ടു രൂപത്തിൽ ഇന്ത്യയിൽ സൂക്ഷിക്കാൻ മാത്രം മണ്ടന്മാരല്ല രാജ്യത്തെ കളളപ്പണക്കാർ.അർദ്ധരാത്രി ഇങ്ങനെ ചെയ്യുന്നത് ജനദ്രോഹമാണ്.

തീരുമാനം ജനങ്ങളില്‍ വലിയ അങ്കലാപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. വലിയ രാജ്യങ്ങള്‍ പലതും കറന്‍സികള്‍ മാറിയിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒറ്റദിവസം കൊണ്ടായിരുന്നില്ല അത്.  പ്രഖ്യാപനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നിശ്ചലമാക്കിയിരിക്കുകയാണ്. നാളെ എങ്ങനെ ട്രഷറികള്‍ പ്രവര്‍ത്തിക്കുമെന്നതിന് ധാരണയില്ല. 

എടിഎമ്മുകളുടെ മുമ്പിലാകെ വലിയ ക്യൂ ആണ്.ഇന്ന് അർദ്ധരാത്രി മുതൽ 500,1000 നോട്ടുകൾ അസാധുവെന്ന് പ്രഖ്യാപിച്ചതോടെ കടക്കാരും ഈ നോട്ടുകൾ സ്വീകരിക്കാതായി.

സാധാരണക്കാരനാണ് ഏറെ പ്രയാസം. ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളില്ലാത്ത പാവങ്ങൾ നീക്കിയിരിപ്പൊന്നുമില്ലെങ്കിൽ നാളെ മുതൽ രണ്ട് ദിവസമെങ്കിലും പട്ടിണി കിടക്കേണ്ടി വരും.നാളെ സംസ്ഥാന സർക്കാരിന്‍റെ എല്ലാ ധന ഇടപാടുകളും സ്തംഭിക്കുമെന്ന് ധന മന്ത്രി തോമസ് ഐസക് പറഞ്ഞു.

അതേ സമയം 500, 1000 നോട്ടുകള്‍ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ നിക്ഷേപിക്കാന്‍ സാധിക്കും. പണം പിന്‍വലിക്കുന്നതിനുള്ള പരിധി ഒരു ദിവസത്തില്‍ 10,000 രൂപയും ആഴ്ചയില്‍ 20,000 രൂപയും ആയി നിശ്ചയിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചുകൊണ്ട് പഴയ നോട്ടുകള്‍ ബാങ്ക്, ഹെഡ് പോസ്റ്റ് ഓഫീസ്, സബ് പോസ്റ്റോഫീസ് എന്നിവ വഴി മാറ്റിയെടുക്കാന്‍ സാധിക്കും. ചെക്ക്, ഡിമാന്‍ഡ് ഡ്രാഫ്റ്റ്,  ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള വിനിമയത്തിന് യാതൊരു തടസ്സവും ഇല്ല. ഒന്‍പതാം തിയ്യതിയും ചില സ്ഥലങ്ങളില്‍ പത്താം തിയ്യതിയും എ ടി എം പ്രവര്‍ത്തിക്കുകയില്ല. അതിനു ശേഷം പണം പിന്‍വലിക്കുന്നതിനുള്ള പരിധി 2000 മായി നിജപ്പെടുത്തിയിട്ടുണ്ട്. 

This post was last modified on December 27, 2016 2:18 pm