X

അഫ്‌സ്പയെ എതിര്‍ക്കുന്നവര്‍ ദേശ വിരുദ്ധര്‍ ; ആര്‍എസ്എസ്

അഴിമുഖം പ്രതിനിധി 

സൈന്യത്തിന് പ്രത്യേകാധികാരങ്ങള്‍ നല്‍കുന്ന നിയമമായ അഫ്‌സ്പയെ പിന്തുണച്ച് ആര്‍ എസ് എസ്. ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ ദേശ വിരുദ്ധരാണെന്നും ബിജെപിയുടെ മാതൃസംഘടനയായ ആര്‍ എസ് എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ഈ നിയമം ഏറെ പ്രയോഗിക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നായ അസമില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച അവസരത്തിലാണ് അഫ്‌സ്പയെ കുറിച്ചുള്ള സംഘടനയുടെ നിലപാട് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. സംഘര്‍ഷ ഭരിതമായ പ്രദേശങ്ങളില്‍ അഫ്‌സ്പ ആവശ്യമാണെന്ന് ആര്‍ എസ് എസ് പറയുന്നു. 

ഭീകരവാദത്തെ നേരിടാന്‍ സംസ്ഥാന പൊലീസിനെ സജ്ജമാക്കണമെന്ന് ഓര്‍ഗനൈസറിലെ മുഖപ്രസംഗം ആവശ്യപ്പെടുന്നു. അതുവരെ സൈന്യത്തെ വിന്യസിക്കണമെന്നും സൈന്യത്തിന് അഫ്‌സ്പയെ പ്രകാരമുള്ള അധികാരം നല്‍കുകയും വേണം. 

ജമ്മുകശ്മീര്‍, നാഗാലാന്റ്, മണിപ്പൂര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് നിലവില്‍ എ എഫ് എസ് പി എ നിലനില്‍ക്കുന്നത്. പിഡിപിയുമായി ചേര്‍ന്ന് ജമ്മുകശ്മീരില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ബിജെപി അഫ്‌സ്പയെ പിന്തുണയ്ക്കുമ്പോള്‍ സൈന്യത്തിന് സവിശേഷാധികാരം എടുത്തുകളയണമെന്ന നിലപാടാണ് പിഡിപി സ്വീകരിക്കുന്നത്. 

വ്യാജ മനുഷ്യാവകാശ പ്രവര്‍ത്തകരുമായി ചേര്‍ന്ന് ഭീകരര്‍ സൈന്യത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നാണ് ആര്‍ എസ് എസ് നിലപാട്. അവര്‍ പട്ടാളക്കാരെ കോടതിയിലേക്ക് വലിച്ചിഴയ്ക്കുന്നു. സൈനികര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും അവരുടെ ജീവിതം കഷ്ടത്തിലാകുകയും ചെയ്യുന്നു. അത്തരം ഒരു സാഹചര്യത്തില്‍ ഈ നിയമം സൈനികരുടെ രക്ഷയ്‌ക്കെത്തുന്നുവെന്ന് മുഖപ്രസംഗം പറയുന്നു. 

കനയ്യയെ പോലുള്ളവര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയാണെന്ന് ആര്‍ എസ് എസ് ആരോപിക്കുന്നു.

This post was last modified on December 27, 2016 4:07 pm