X

നരകജീവിതത്തിന് അവസാനം; മാലി ജയിലില്‍ നിന്ന് റുബീന മോചിതയായി

അഴിമുഖം പ്രതിനിധി

മാലിദ്വീപില്‍ തടവില്‍ കഴിഞ്ഞിരുന്ന മലയാളി റൂബിന മോചിതയായി. റൂബിനയുടെ പേരിലുള്ള കേസുകള്‍ പിന്‍വലിച്ചതായാണ് അറിയുന്നത്. ഇവര്‍ തിങ്കളാഴ്ച്ചയോടെ കേരളത്തില്‍ എത്തുമെന്നും അറിയുന്നു.

വിദശരാജ്യങ്ങളിലെ ജയിലുകളില്‍ അന്യായമായി തടവില്‍ കഴിയുന്ന മലയാളികളുടെ മോചനത്തിനായി പരിശ്രമിക്കുന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ റൈറ്റ് ഓഫ് റിട്ടേണ്‍ എന്ന ഗ്രൂപ്പിന്റെ നിരന്തരമായ ഇടപെടുലുകളുടെയും അതിന്റെ ഫലമായി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കാണിച്ച ഉത്സാഹവുമാണ് ചതിയില്‍പ്പെട്ട് മൂന്നുവര്‍ഷത്തോളം മാലിദ്വീപിലെ തടവറയില്‍ കിടക്കേണ്ടി വന്ന റുബീന ബുറുഹനുദീന്‍ എന്ന മുപ്പതുകാരിയുടെ മോചനത്തിന് കാരണമായത്.

2010 ല്‍ പത്തുമാസം പ്രായമുള്ള സ്വന്തം മകനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചുകൊന്നശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്നതായിരുന്നു റുബീനയ്ക്കുമേല്‍ ചാര്‍ത്തപ്പെട്ട കുറ്റം. കുപ്രസിദ്ധമായ മാലികല്യാണത്തിന്റെ ഇരയായി മാലിദ്വീപിലെത്തിയ റുബിനയെ അവരുടെ മാലിക്കാരനായ ഭര്‍ത്താവ് ഹസന്‍ ജാബിര്‍ ചതിക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. അമ്പത് വയസുള്ള ജാബിര്‍ റുബീനയെ വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് പ്രായം വെറും 24 വയസ്സായിരുന്നു. ജാബിര്‍ ഈ കല്യാണം നടത്തിയതു തന്നെ വ്യാജരേകഖള്‍ ഹാജരാക്കിയാണ്. മലയാളിയായ ജിഷ എന്ന നേഴ്‌സുമായി ജാബിറിനുണ്ടായിരുന്ന അവിഹിത ബന്ധം റുബീന കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ജാബിറും റുബീനയും തമ്മില്‍ വഴക്കായി. ഇതിനു പിന്നാലെ ഇവരുടെ വീട്ടില്‍ നടന്നൊരു പാര്‍ട്ടിയില്‍ ജിഷയും പങ്കെടുത്തിരുന്നു. ഈ പാര്‍ട്ടിക്കിടയില്‍ ജിഷയോ ജാബിറോ നല്‍കിയ പാനീയം കുടിച്ച് റുബീനയും കുഞ്ഞും മയങ്ങിപ്പോവുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് തന്റെ കുഞ്ഞ് മരിച്ചെന്ന കാര്യം അറിയുന്നതെന്നാണ് റുബീന വീട്ടുകാരോടു പറഞ്ഞത്. എന്നാല്‍ ഈ കുറ്റം തലയില്‍ ചുമത്തപ്പെട്ട റുബീന വിചാരണയില്ലാതെ മൂന്നു വര്‍ഷമാണ് ജയിലഴികള്‍ക്കുള്ളില്‍ കിടന്നത്. വിചാരണ സമയത്താകട്ടെ മലയാളം മാത്രമറിയുന്ന റുബീനയോട് ചോദ്യങ്ങള്‍ ചോദിച്ചത് മാലി ഭാഷയായ ദിവേഹിയിലും. ഇവര്‍ക്ക് ഒരു ദ്വിഭാഷിയുടെ സഹായംപോലും ഏര്‍പ്പെടുത്തിയില്ല. മാത്രമല്ല നിയമസഹായിയുടെ സേവനവും റുബീനയ്ക്ക് നിഷേധിക്കപ്പെട്ടു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടത്തിയ റിപ്പോര്‍ട്ട് പോലും കോടതിക്കു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടില്ല. ഇവരുടെ ഭര്‍ത്താവിനെയോ പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോക്ടറെയോ ചോദ്യം ചെയ്യാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ ചെയ്യാത്ത കുറ്റത്തിന് 25 വര്‍ഷത്തെ ജയില്‍ ജീവിതവും ഈ സാധു സ്ത്രീക്ക് വിധിക്കുകയായിരുന്നു.

റുബീനയുടെ ദയനീയസ്ഥിതി പുറംലോകത്ത് എത്തിയതോടെയാണ് അവരുടെ മോചനത്തിനായി ശബ്ദമുയര്‍ന്നു തുടങ്ങിയത്. അതിന് നേതൃത്വം വഹിച്ചത് റൈറ്റ് ഓഫ് റിട്ടേണ്‍ പ്രവര്‍ത്തകരും. അവരുടെ നിരന്തരമായ അഭ്യാര്‍ത്ഥനകളും ഇടപെടലുകളും കേന്ദ്രത്തിലെയും കേരളത്തിലെയും സര്‍ക്കാരുകളെ ഉണര്‍ത്തിയപ്പോള്‍ തിരിച്ചുകിട്ടിയത് ഒരു പാവം സ്ത്രീക്ക് നഷ്ടപ്പെട്ടെന്നു കരുതിയ ജീവിതവും.

This post was last modified on December 27, 2016 2:51 pm