X

ശബരിമലയോട് ചേര്‍ന്നു വിമാനത്താവളം; അനുകൂല നിലപാടുമായി ദേവസ്വം ബോര്‍ഡ്

അഴിമുഖം പ്രതിനിധി

ശബരിമലയോടു ചേര്‍ന്നു വിമാനത്താവളം നിര്‍മിക്കാന്‍ ദേവസ്വം ബോര്‍ഡ് അനുകൂലമാണെന്നു പ്രസിഡന്റ് പ്രയാര്‍ ഗോപലകൃഷ്ണന്‍. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ശബരിമലയോടു ചേര്‍ന്നു വിമാനത്താവളത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തി നല്‍കും. നിര്‍മാണത്തില്‍ ഉള്‍പ്പെടെ സര്‍ക്കാരുമായി സഹകരിക്കാന്‍ ബോര്‍ഡ് തയ്യാറാണെന്നും പ്രയാര്‍ അറിയിച്ചു.

നിലവിലെ സാഹചര്യത്തില്‍ ശബരിമലയുടെ വികസനത്തിനു ഭൂമി കിട്ടാത്ത സാഹചര്യമാണെങ്കിലും വിമാനത്താവള പദ്ധതിക്ക് ഇതു തടസമാകില്ല, ആവശ്യപ്പെട്ടാല്‍ വനഭൂമി ഉള്‍പ്പെടെ വിട്ടു നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടു സര്‍ക്കാരുമായി ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തിനുള്ള ഭൂമിയായി ബോര്‍ഡ് കാണുന്നത് ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലില്‍ ഉള്ള ഭൂമിയും അതിനോടു ചേര്‍ന്നുള്ള വനഭൂമിയുമാണ്. ഇതിനൊപ്പം ളാഹ, പെരുനാട്,എരുമേലി എന്നിവിടങ്ങളിലുള്ള തോട്ടങ്ങളും ഏറ്റെടുക്കാമെന്നും ബോര്‍ഡ് പറയുന്നു.

ആറന്മുള വിമാനത്താവള പദ്ധതി നടപ്പിലാകില്ലെന്നു വന്നതോടെ പത്തനംതിട്ടയില്‍ മറ്റൊരു വിമാനത്താവളമായി ശബരിമലയെ മാറ്റിയെടുക്കാമെന്ന കണക്കൂട്ടലാണ് ഇപ്പോള്‍ നടക്കുന്നത്. വിമാനത്താവള പദ്ധതിയുമായി ചില സ്വകാര്യകമ്പനികള്‍ ഇപ്പോഴും പത്തനംതിട്ടയില്‍ സജീവമാണ്.

This post was last modified on December 27, 2016 2:29 pm