X

ശബരിമല; വി ഐ പി ക്യൂ ഒഴിവാക്കുമെന്നു മുഖ്യമന്ത്രി, എതിര്‍പ്പുമായി ദേവസ്വം പ്രസിഡന്റ്

അഴിമുഖം പ്രതിനിധി

ശബരിമലയില്‍ നിലവിലുളള വിഐപി ക്യൂ ഒഴിവാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. മണ്ഡലകാലത്തിന് മുന്നോടിയായുളള ഒരുക്കങ്ങള്‍ സംബന്ധിച്ചു നടന്ന അവലോകന യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഭക്തരുടെ സൗകര്യത്തിനായി ശബരിമലയ്ക്ക് സമീപം പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്ന കാര്യം ആലോചനയിലുണ്ട്. തിരക്കൊഴിവാക്കാനായി റോപ് വേ സംവിധാനം ഏര്‍പ്പെടുത്തണം. നിലവിലുളള വിഐപി ക്യൂ ഒഴിവാക്കി പകരം വിഐപി ദര്‍ശനത്തിനായി പ്രത്യേക പണം ഈടാക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ഭക്തര്‍ക്കായി മികച്ച താമസ സൗകര്യം ഒരുക്കാനായി യാത്രാഭവനുകള്‍ തുടങ്ങും. കൂടാതെ സ്വകാര്യ ഹോട്ടലുകളുടെ കൊളള നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വി ഐ പി ക്യൂ ഒഴിവാക്കുന്നതും വി ഐ പി ദര്‍ശനത്തിനു പ്രത്യേക പണം വാങ്ങുന്നതുമായുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്തു വന്നു. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ ദേവസ്വം പ്രസിഡന്റ് യോഗത്തില്‍ എതിര്‍ത്തു. വിഐപിമാര്‍ക്കുളള പ്രത്യേക ക്യൂ ഒഴിവാക്കാനാവില്ലെന്നായിരുന്നു പ്രസിഡന്റ് വ്യക്തമാക്കിയത്. എന്നാല്‍ തിരുപ്പതി മോഡല്‍ ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീ പ്രവേശനത്തില്‍ ദേവസ്വത്തിന്റെ അഭിപ്രായം കേള്‍ക്കണമെന്നും പ്രയാര്‍ അറിയിച്ചു. പ്രസിഡന്റിന്റെ വാക്കുകളില്‍ രാഷ്ട്രീയമുണ്ടെന്നാണ് മുഖ്യമന്ത്രി തുടര്‍ന്ന് പറഞ്ഞത്.

ഉച്ചയ്ക്ക് രണ്ടുമണിക്ക് സന്നിധാനത്ത് നടത്താനിരുന്ന യോഗം കനത്ത മഴയെ തുടര്‍ന്നാണ് പമ്പയിലേക്ക് മാറ്റിയതും നേരത്തെയാക്കിയതും. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ മന്ത്രിമാരായ കടകംപളളി സുരേന്ദ്രന്‍, കെ.കെ ഷൈലജ, ജി. സുധാകരന്‍, ഇ.ചന്ദ്രശേഖരന്‍, കെ.ടി ജലീല്‍, മാത്യു ടി തോമസ്, എ,കെ ശശീന്ദ്രന്‍, കെ.രാജു എന്നിവരും എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

This post was last modified on December 27, 2016 2:39 pm