X

ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയത് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ല: ദേവസ്വം മന്ത്രി

അഴിമുഖം പ്രതിനിധി

ശബരിമല ധര്‍മശാസ്താ ക്ഷേത്രമെന്നുള്ളത് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രമെന്ന് പുനര്‍നാമകരണം ചെയ്ത വിവരം സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രത്തിന്റെ പേര് മാറ്റിയ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തില്‍ നിഗൂഢതയുണ്ടെന്നും പേര് മാറ്റാന്‍ ബോര്‍ഡിനാവകാശമില്ലെന്നും കടകംപള്ളി പറഞ്ഞു. കൂടാതെ വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രത്തിന്റെ പുനര്‍നാമകരണം ചെയ്യുകയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. അയ്യപ്പന്റെ ജീവതവുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യത്തെ ആധാരമാക്കിയാണ് ക്ഷേത്രം പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചതെന്ന് പ്രയാര്‍ പറഞ്ഞത്. പേരു മാറ്റിയത്തിന് ഗസറ്റ് വിജ്ഞാപനവും നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

ക്ഷേത്രത്തിന്റെ പേര് മാറ്റിയത് സ്ത്രീപ്രവേശന കേസിന്റെ പശ്ചാത്തലത്തിലാണെന്നും ആരോപണമുണ്ട്. ധര്‍മശാസ്താവ് വിവാഹിതനായിരുന്നു എന്നും അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്നുമാണ് വിശ്വാസം. ധര്‍മശാസ്താവിന്റെ അംശമാണ് അയ്യപ്പന്‍ എന്നും പറയപ്പെടുന്നു. അയ്യപ്പന്‍ നൈഷ്ഠികബ്രഹ്മചാരിയായതിനാല്‍ അവിടെ പത്തിനും അന്‍പതിനും മധ്യേ പ്രായമുള്ള വനിതകള്‍ വരാന്‍ പാടില്ല എന്ന ആചാരം നിലനിര്‍ത്താന്‍ കോടതിയുടെ അനുകൂല മനോഭാവം ലഭ്യമാകാന്‍ സാധ്യതയുണ്ട്.

This post was last modified on December 27, 2016 2:15 pm