X

ആംആദ്മി പാര്‍ട്ടി വിടില്ല: ധൈര്യമുണ്ടെങ്കില്‍ പുറത്താക്കട്ടെ; തനിക്ക് വധഭീഷണിയെന്നും കപില്‍ മിശ്ര

അഴിമതി ആരോപണം ഉന്നയിച്ചതാണ് വധഭീഷണിക്ക് കാരണമെന്നാണ് മിശ്രയുടെ വാദം

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കൈക്കൂലി ആരോപണം നടത്തിയ മുന്‍ മന്ത്രി കപില്‍ മിശ്ര കൂടുതല്‍ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. തനിക്കെതിരെ വധഭീഷണിയുണ്ടെന്നും അദ്ദേഹം ഇന്ന് നടത്തിയ പത്രസമ്മേളനച്ചില്‍ അറിയിച്ചു. ഇന്ന് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് മുമ്പാകെ ഹാജരായ അദ്ദേഹം മുഖ്യമന്ത്രിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നും ആവശ്യപ്പെട്ടു.

കെജ്രിവാലിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതാണ് വധഭീഷണിക്ക് കാരണമെന്നാണ് മിശ്രയുടെ വാദം. കെജ്രിവാളിന്റെ വിശ്വസ്തരായ നേതാക്കളാണ് ഇതിന് പിന്നില്‍. കെജ്രിവാളിനെതിരെ നാളെ സിബിഐയ്ക്ക് പരാതി നല്‍കും. എല്ലാ മന്ത്രിമാരുടെയും അഴിമതിയുടെ ഫയലുകള്‍ പുറത്തുവിടുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

ആര് പാര്‍ട്ടി വിടണം ആര് തുടരണമെന്ന് ജനങ്ങളാണ് തീരുമാനിക്കുന്നതെന്നും മിശ്ര പറഞ്ഞു. ഇതിനിടെ കപില്‍ മിശ്ര നല്‍കിയ പരാതി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അഴിമതി വിരുദ്ധ വിഭാഗത്തിന് കൈമാറി. അഴിമതി ആരോപണത്തില്‍ പ്രതിരോധത്തിലായ കെജ്രിവാളിന് ഇരട്ടപ്രഹരമായിരിക്കുകയാണ് ഇത്. മിശ്രയുടെ പരാതിയില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ നിര്‍ദ്ദേശം.

ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനാണ് മുഖ്യമന്ത്രിയ്ക്ക് പണം കൈമാറിയതെന്നും അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് താന്‍ അത് നേരിട്ട് കണ്ടെന്നും ആന്റി കറപ്ഷന്‍ ബ്യൂറോയോടും അതിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലും അദ്ദേഹം ആവര്‍ത്തിച്ചു. കുടിവെള്ള മാഫിയ നല്‍കിയ പണമാണിതെന്നാണ് അദ്ദേഹം പറയുന്നത്. ഇത് സംബന്ധിച്ച തെളിവുകളും അദ്ദേഹം കൈമാറിയിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ നാളെ സിബിഐയ്ക്കും കൈമാറും.

കെജ്രിവാളിന്റെ ഭാര്യ സഹോരന് 50 കോടി രൂപ വിലമതിക്കുന്ന ഏഴ് ഏക്കര്‍ ഫാം ഹൗസ് തരപ്പെടുത്തി കൊടുക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് സത്യേന്ദ്ര ജയിന്‍ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. ആദ്യമായാണ് ഇദ്ദേഹം ഈ ആരോപണം ഉന്നയിക്കുന്നത്. പഴയ കെജ്രിവാളല്ല ഇപ്പോഴുള്ളത് അഴിമതിക്കാരനായ കെജ്രിവാള്‍ അധികാരത്തിനായി ദാഹിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

This post was last modified on May 8, 2017 8:47 pm