X

തെരുവുനായ്ക്കളെ ഇനിയും കൊല്ലും; എതിര്‍ക്കുന്നവരുടെ വീട്ടില്‍ നായ്ക്കളെ കൊണ്ടുവിടും: യൂത്ത് ഫ്രണ്ട് എം

അഴിമുഖം പ്രതിനിധി

തെരുവ്നായ സ്നേഹികള്‍ക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് ഫ്രണ്ട് പ്രസിഡന്‍റ് സജി മഞ്ഞകടമ്പില്‍. കഴിഞ്ഞ ദിവസം യൂത്ത് ഫ്രണ്ട് കോട്ടയത്ത് തെരുവ് നായ്ക്കളെ കൊന്നുകെട്ടിത്തൂക്കി മാര്‍ച്ച് നടത്തിയിരുന്നു. ഇതിനെതിരെ വ്യാപകപ്രതിഷേധം ഉയരുന്നതിനിടെയാണ് നായ്ക്കളെ ഇനിയും കൊല്ലുമെന്ന നിലപാടിലുറച്ച് യൂത്ത് ഫ്രണ്ട് പ്രസിഡന്‍റ് പ്രതികരിച്ചിരിക്കുന്നത്. സമരത്തിന്‍റെ അടുത്ത ഘട്ടമായി തെരുവ്നായകളെ സംരക്ഷിക്കണമെന്നു പറയുന്നവരുടെ വീട്ടിലേക്ക് നായ്ക്കളെ കൊണ്ടു ചെന്നാക്കുമെന്നും സജി മഞ്ഞകടമ്പില്‍ അഴിമുഖത്തോട് പറഞ്ഞു.

പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി എഗെയ്ന്‍സ്റ്റ് നിയമപ്രകാരം കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ സമരം സംഘടിപ്പിച്ചവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് എടുക്കേണ്ടത് തങ്ങള്‍ക്കെതിരെയല്ല. മനുഷ്യരുടെ ജീവന് ദോഷമായി നില്‍ക്കുന്ന തെരുവ്നായ്ക്കളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കെതിരെയാണ് കേസ് എടുക്കേണ്ടതെന്നും മഞ്ഞകടമ്പില്‍ പറഞ്ഞു. വന്ധ്യംകരണം ഒരു പരിഹാരമാകില്ല. നായ്ക്കളെ കൊല്ലുന്നത് തന്നെയാണ് യഥാര്‍ഥ പ്രതിവിധി. കേന്ദ്രമന്ത്രി മനേകഗാന്ധി മരുന്ന് കമ്പനികളുടെ ഏജന്‍റാണ്. അതുകൊണ്ടാണവര്‍ തെരുവ്നായ്ക്കളെ കൊല്ലരുതെന്ന് പറയുന്നത്. തെരുവ്നായ്ക്കള്‍ക്കും ജീവിക്കണം, മനുഷ്യര്‍ക്കും ജീവിക്കണം. അതിന് ഇനിയും സമരപരിപാടികളുമായി മുന്നോട്ട് പോകും.

സമരത്തിന്‍റെ ഒന്നാം ഘട്ടം സെക്രട്ടറിയേറ്റ് മാര്‍ച്ച് ആയിരുന്നു. രണ്ടാം ഘട്ടമായാണ് തെരുവ്നായ്ക്കളെ കൊന്നു കെട്ടിത്തൂക്കി നിരത്തിലിറങ്ങിയത്. മൂന്നാം ഘട്ട സമരപരിപാടി ആസൂത്രണം ചെയ്തു കഴിഞ്ഞു. തെരുവ്നായ്ക്കളെ സംരക്ഷിക്കണമെന്ന് പറയുന്നവരുടെ വീട്ടിലേക്ക് നായ്ക്കളെ കൊണ്ടു ചെന്നാക്കും. അതിനുള്ള ശ്രമങ്ങള്‍ വൈകാതെ ആരംഭിക്കും. തെരുവ് നായ്ക്കളെ കൊല്ലാന്‍ നടപടി സര്‍ക്കാര്‍ സ്വീകരിക്കാതിരുന്നാല്‍ പാര്‍ലമെന്‍റ് മാര്‍ച്ച് നാലാം ഘട്ടമായി നടത്താനാണ് യൂത്ത് ഫ്രണ്ട് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്‍റെ തെരുവ്നായ്ക്കളെ കൊല്ലണമെന്ന ആഹ്വാനപ്രകാരമാണ് കൊല്ലാന്‍ തീരുമാനിച്ചത്. പരസ്യമായിട്ടല്ലെങ്കിലും ഇനിയും തെരുവ്നായ്ക്കളെ കൊല്ലാന്‍ തന്നെയാണ് തീരുമാനമെന്നും സജി മഞ്ഞകടമ്പില്‍ കൂട്ടിച്ചേര്‍ത്തു

This post was last modified on December 27, 2016 2:26 pm