X

പാക് അഭിനേതാക്കള്‍ ഇന്ത്യ വിടണമെന്ന ആവശ്യം തെറ്റ്; താരങ്ങള്‍ക്ക് പിന്തുണയുമായി സല്‍മാന്‍ ഖാന്‍

അഴിമുഖം പ്രതിനിധി

പാകിസ്ഥാനില്‍ നിന്നുള്ള അഭിനേതാക്കള്‍ തീവ്രവാദികളല്ല കലാകാരന്മാരാണെന്നും അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അനുവാദവും വിസയുമൊക്കെ നല്‍കുന്നത് സര്‍ക്കാരാണെന്നും നടന്‍ സല്‍മാന്‍ ഖാന്‍. ഇന്ത്യ-പാക് ബന്ധത്തില്‍ ഉലച്ചില്‍ നേരിടുന്ന സാഹചര്യത്തില്‍ ബോളിവുഡില്‍ അഭിനയിക്കുന്ന പാകിസ്ഥാന്‍ അഭിനേതാക്കള്‍ ഇന്ത്യ വിടണമെന്ന ആവശ്യവുമായി ചില സംഘടനകള്‍ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ അതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സല്‍മാന്‍ ഖാന്റെ പ്രതികരണം.

ഉറി ആക്രമണത്തിന് പിന്നാലെ ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ താരങ്ങള്‍ ഇന്ത്യ വിടണമെന്ന വാദം ഉയര്‍ന്നിരുന്നു. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയാണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്. പിന്നീട് ബി ജെ പിയും രംഗത്തെത്തുകയായിരുന്നു. രാഹുല്‍ ധൊലാക്കിയ സംവിധാനം ചെയ്ത ഷാരൂഖ് ഖാന്‍ ചിത്രം ‘റയീസ്’, കരണ്‍ ജോഹറിന്റെ പുതിയ ചിത്രം ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ എന്നീ സിനിമകളിലെ പാകിസ്ഥാന്‍ താരങ്ങളുടെ രംഗങ്ങള്‍ മുറിച്ചുമാറ്റണമെന്നും ബി ജെ പി ജനറല്‍ സെക്രട്ടറി (മുംബൈ) അമര്‍ജീത് മിശ്ര ആവശ്യപ്പെട്ടിരുന്നു. ‘റയീസില്‍’ ഷാരൂഖിന്റെ ഭാര്യാവേഷത്തില്‍ പാക് താരമായ മഹിറാ ഖാനും കരണ്‍ ജോഹര്‍ ചിത്രത്തില്‍ പാകിസ്താനില്‍ നിന്നുള്ള ഫവാദ് ഖാനും അഭിനയിച്ചിട്ടുണ്ട്.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള താരങ്ങള്‍ക്ക് ബോളിവുഡില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഇന്ത്യന്‍ മോഷന്‍ പിക്ചര്‍’ എന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.

അതിര്‍ത്തി കടന്നു ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന്‍ കേന്ദ്രങ്ങളില്‍ നടത്തിയ മിന്നലാക്രമണത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയത് ശരിയായ  നീക്കമായിരുന്നെന്ന് സല്‍മാന്‍ ഖാന്‍ പ്രതികരിച്ചു. 

തന്‍റെ ചിത്രത്തില്‍ ഇനിയും പാക്‌താരങ്ങള്‍ പങ്കെടുക്കും. അവര്‍ക്ക്‌ വേണ്ടസഹായസകരണങ്ങള്‍ നല്‍കും. മുംബൈയില്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു സല്‍മാന്‍ഖാന്റെ പ്രതികരണം

This post was last modified on December 27, 2016 2:26 pm