X

സമത്വമുന്നേറ്റ യാത്ര ചാതുര്‍വര്‍ണ്യ സംരക്ഷണ യാത്രയെന്ന് വി എസ്

അഴിമുഖം പ്രതിനിധി

സമത്വമുന്നേറ്റം പറയുന്ന വെള്ളാപ്പള്ളി നടേശന്റെ ജാഥയുടെ ഉദ്ഘാടനച്ചടങ്ങില്‍ കണ്ടത് കാലഹരണപ്പെട്ട ചാതുര്‍വര്‍ണ്യത്തിന്റെ തിരതള്ളലാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍.

വെള്ളാപ്പള്ളിക്ക് ജാഥയുടെ കൊടി കൈമാറിയാല്‍ കടുത്ത യാഥാസ്ഥിതികനും ആര്‍എസ്എസിന്റെ പ്രിയങ്കരനുമായ ഉദ്ഘാടകന്‍ പേജാവര്‍ മഠാധിപതിക്ക് അശുദ്ധിയുണ്ടാകും. അതുകൊണ്ടാണ് ഈഴവനായ വെള്ളാപ്പള്ളിക്ക് കൊടി കൈമാറാന്‍ മഠാധിപതി വിസമ്മതിച്ചതും, വിളക്ക് തെളിക്കുക മാത്രം ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചതും. കൊടി കൈമാറുമ്പോള്‍ അബദ്ധത്തിലെങ്ങാനും വെള്ളാപ്പള്ളിയുടെ കൈയ്യില്‍ തൊട്ടാല്‍ മഠാധിപതിക്ക് കുളിക്കേണ്ടിവരും. അതുകൊണ്ടാണ് കൊടി കൈമാറാതിരുന്നത്. കേരളം പൊരുതി പരാജയപ്പെടുത്തിയ അയിത്തവും തൊട്ടുകൂടായ്മയും തിരിച്ചുകൊണ്ടുവരുന്ന നടപടിയാണിത്. വെള്ളാപ്പള്ളിക്ക് ഇതേപ്പറ്റി എന്താണ് പറയാനുള്ളതെന്ന് വിഎസ് ചോദിച്ചു.

പേജാവര്‍ മഠാധിപതിയുടെ കീഴിലുള്ള ഉടുപ്പി ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ ഭക്ഷിക്കുന്ന ഇലയില്‍ അവര്‍ണരെ ഉരുട്ടുന്ന കെട്ട ആചാരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിന്റെ വക്താവായ മഠാധിപതിയെ കൊണ്ടുവന്ന് ജാഥയുടെ ഉദ്ഘാടനവേദിയിലും അയിത്തത്തിന്റെയും അനാചാരത്തിന്റെയും പ്രകടനം നടത്തുകയാണ് ചെയ്തത്. മൂന്നു മിനിട്ടു മാത്രമാണ് ഈ സവര്‍ണ മഠാധിപതി ദേവിയിലുണ്ടായിരുന്നത് എന്നതും ശ്രദ്ധേയമാണ്. 

കോഴപ്പണംകൊണ്ട് സവര്‍ണനായി അഭിനയിക്കുന്ന വെള്ളാപ്പള്ളി ഒരു കോടി വിലയുള്ള ‘കാരവനി’ല്‍ ഭാര്യാസമേതനായി ആഘോഷപൂര്‍വം ജാഥ നയിക്കുമ്പോള്‍ അക്കീരമണ്‍ ഭട്ടതിരിപ്പാടും ഐഎസ്ആര്‍ഒ മാധവന്‍ നായരും അടക്കമുള്ള ജാഥാംഗങ്ങളോട് തന്റെ കുടിയാന്മാരെപ്പോലെയാണ് വെള്ളാപ്പള്ളി പെരുമാറുന്നത്. അതുകൊണ്ടാണ് അവരെ തനിക്കൊപ്പം കാറില്‍ സഞ്ചരിക്കാന്‍ പോലും വെള്ളാപ്പള്ളി അനുവദിക്കാത്തത്. 

ഈവക നടപടികളിലൂടെ വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്ര ‘ചാതുര്‍വര്‍ണ്യ സംരക്ഷണ ജാഥ’യായി മാറിയിരിക്കുകയാണെന്നും വിഎസ് പറഞ്ഞു.

 

This post was last modified on December 27, 2016 3:25 pm