X

സോളാറില്‍ ചാണ്ടി ഉമ്മന്റെ പങ്ക് വെളിപ്പെടുത്തി സരിത

അഴിമുഖം പ്രതിനിധി

സോളാര്‍ കമ്മീഷന് മുന്നില്‍ മൂന്നാം ദിവസവും സരിത മൊഴി നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനും എതിരായ വെളിപ്പെടുത്തലുകള്‍ തുടര്‍ന്ന സരിത ഇന്ന് മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന് സോളാറിലെ പങ്കും വെളിപ്പെടുത്തി.

സോളാര്‍ കേസിലെ ഒരു സ്ത്രീയുമായി ചാണ്ടി ഉമ്മന് ബന്ധമുണ്ട്. ഇവരുമൊത്ത് ദുബായിലേക്ക് പോയി. ഇതിന്റെ ചിത്രങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈവശമുണ്ട്. ഇതുപയോഗിച്ച് തിരുവഞ്ചൂര്‍ ഉമ്മന്‍ചാണ്ടിയോട് മന്ത്രിസഭാ പുനസംഘടനയുടെ സമയത്ത് വിലപേശി. എന്നാല്‍ ഈ സ്ത്രീയുടെ പേര് പുറത്തു പറയില്ലെന്നും സരിത പറഞ്ഞു.

സ്റ്റാര്‍ ഫ്‌ളേയിംസ് എന്ന വിദേശ കമ്പനിയുമായി ബന്ധമുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു. സ്ഥാപനത്തിനുവേണ്ടി വിദേശത്തു നിന്ന് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സഹായിക്കാമെന്ന് പറഞ്ഞു. തോമസ് കുരുവിളയ്ക്ക് പണം നല്‍കിയത് ചാണ്ടി ഉമ്മനെ വിളിച്ചശേഷമാണ്.  ചാണ്ടി ഉമ്മനെ ഡയറക്ടറാക്കി കമ്പനി രൂപീകരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ചാണ്ടി ഉമ്മനെ രണ്ട് തവണ ക്ലിഫ് ഹൗസില്‍ വച്ച് കണ്ടിട്ടുണ്ടെന്നും സരിത വെളിപ്പെടുത്തി. ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാനാണ് ചാണ്ടി ഉമ്മനെ കണ്ടതെന്നും സരിത വിശദീകരിച്ചു. സോളാറില്‍ നിന്നുള്ള ലാഭമെടുത്ത് സ്വന്തം കമ്പനിയുണ്ടാക്കാന്‍ ചാണ്ടി ഉമ്മന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

കടപ്ലാമറ്റത്ത് വച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചത് ബിസിനസ് കാര്യങ്ങള്‍ ആണെന്നും സരിത പറഞ്ഞു. തനിക്കും ടീം സോളാറിനും നല്‍കിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. അമേരിക്കന്‍ കമ്പനിയായ സോളാര്‍ ഫ്‌ളേയിംസ് വഴി സോളാര്‍ പാനലുകള്‍ ഇറക്കുമതി ചെയ്യാമെന്നും മുഖമന്ത്രി വാഗ്ദാനം നല്‍കി. അനര്‍ട്ടില്‍ നിന്നുള്ള കുടിശിക ലഭിക്കാന്‍ മുഖ്യമന്ത്രിയും ആര്യാടനും സഹായിച്ചു.
മുഖ്യമന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് 34 ലക്ഷം രൂപ അനെര്‍ട്ടില്‍ നിന്ന് ലഭിച്ചു. ഇതിന്റെ രേഖകള്‍ അനര്‍ട്ടിലുണ്ടെന്നും സരിത പറഞ്ഞു. മൂന്ന് തവണ മാത്രമല്ല മുഖ്യമന്ത്രിയെ കണ്ടതെന്നും സരിത വെളിപ്പെടുത്തി. അനര്‍ട്ടിന്റെ ടെണ്ടര്‍ സ്വരാന എന്ന കമ്പനിക്ക് ലഭിച്ചത് ആര്യാടന്റെ സഹായംമൂലമാണ്. സെക്കന്തരാബാദിലാണ് സ്വരാന വെഞ്ചേഴ്‌സിന്റെ ആസ്ഥാനം.

ഇന്നത്തെ മൊഴിയെടുപ്പ് അവസാനിപ്പിക്കണമെന്ന് സരിത ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സോളാര്‍ കമ്മീഷന്‍ ഇന്നത്തെ സിറ്റിംഗ് അവസാനിപ്പിച്ചു. താന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ബന്ധപ്പെട്ടര്‍ നിഷേധിക്കുന്നതാണ് ഇഷ്ടമെന്നും ആരോപണങ്ങള്‍ തെളിയിക്കാന്‍ തനിക്ക് ആവേശം ലഭിക്കുമെന്നും സരിത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

This post was last modified on December 27, 2016 3:34 pm