X

ശശികലയും കുടുംബവും പുറത്തേക്ക്

എഐഎഡിഎംകെ യില്‍ നിന്നും ഇവരെ പുറത്താക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും

തമിഴ്‌നാട് രാഷ്ട്രീയത്തിലെ വളരെ നിര്‍ണായകമായൊരു തീരുമാനം ഉടന്‍ ഉണ്ടാകുമെന്നു സൂചന. എഐഎഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല, ടിടിവി ദിനകരന്‍ ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയില്‍ നിന്നും പുറത്തക്കാനുള്ള തീരുമാനം ഉരുത്തിരിഞ്ഞതായാണു വാര്‍ത്തകള്‍ വരുന്നത്. പാര്‍ട്ടി നേതാവും ധനമന്ത്രിയുമായ ജയകുമാര്‍ ശശികലയേയും കുടുംബത്തെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനത്തെ കുറിച്ചു മാധ്യമങ്ങളെ അറിയിച്ചതായും വിവരം വരുന്നുണ്ട്. എഐഎഡിഎംകെ പാര്‍ട്ടി ഏതെങ്കിലും ഒരു കുടുംബത്തിന്റെ കൈയില്‍ അകപ്പെടാന്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നു ജയകുമാര്‍ നേരത്തെ മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞിരുന്നു.

നേരത്തെ ഒ പനീര്‍ശെല്‍വം ഘടകം ഔദ്യോഗികപക്ഷവുമായി ലയിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ തന്നെ ശശികലയുടെ ഭാവി അപകടത്തിലേക്കെന്ന സൂചനകള്‍ വന്നിരുന്നു. ശശികലയെ പുറത്താക്കാതെ ലയന ചര്‍ച്ചകള്‍ക്കില്ലെന്നു പനീര്‍ശെല്‍വം അസന്നിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉള്‍പ്പെടെ ശശികലയെ പുറത്താക്കുന്ന തീരുമാനത്തിലേക്ക് എത്തിയിരുന്നു. ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ തമ്പിദുരൈയും ഈ നീക്കത്തിന് അനുകൂല തീരുമാനം പറഞ്ഞിരുന്നു. 20 മന്ത്രിമാരോളം ശശികലയെ പുറത്താക്കുന്ന തീരുമാനത്തിനു പിന്തുണ അറിയിച്ചതായും അറിയുന്നു. മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കുശേഷം ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അറിയുന്നു. ധനമന്ത്രി ജയകുമാര്‍ തന്നെയായിരിക്കും ഈ പ്രഖ്യാപനം നടത്തുക.
അതേസമയം ശശികലയെ അനുകൂലിക്കുന്നവര്‍ ഇപ്പോഴും പാര്‍ട്ടിയിലും മന്ത്രിസഭയിലുമുണ്ട്. ഇവര്‍ എന്തു നിലപാടെടുക്കുമെന്ന് വ്യക്തമല്ല. പാര്‍ട്ടി പിളരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

This post was last modified on April 18, 2017 10:13 pm