X

എന്റെ മകന് നീതി വേണം; സെക്രട്ടറിയേറ്റ് നടയില്‍ സമരവുമായി സത്നാം സിംഗിന്റെ പിതാവ്

അഴിമുഖം പ്രതിനിധി

‘സത്നാം മരിച്ചിട്ട് ഇപ്പോള്‍ നാലുവര്‍ഷം തികയുന്നു. ഇതുവരേയ്ക്കും അവന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചിട്ടില്ല. കൊലപാതകികള്‍ ആരാണെന്ന് എല്ലാവര്‍ക്കും ആറിയാം എന്നാലും നിശബ്ദത പാലിക്കുന്നു’, വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തില്‍ വെച്ച് മര്‍ദ്ദനമേല്‍ക്കുകയും പിന്നീട് തിരുവനന്തപുരം പേരൂര്‍ക്കട മാനസികാശുപത്രിയില്‍ വെച്ച് കൊല്ലപ്പെടുകയും ചെയ്ത സത്നാം സിംഗിന്റെ പിതാവ് ഹരിന്ദര്‍ കുമാര്‍ സിംഗ് പറഞ്ഞു. 

നീതി തേടി വീണ്ടും തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ് ഹരീന്ദര്‍ കുമാര്‍ സിംഗ് . മുന്‍ സര്‍ക്കാരുകള്‍ അവഗണിച്ചിരുന്ന കേസ് ഇടതു സര്‍ക്കാര്‍ പരിഗണിക്കും എന്നുള്ള പ്രതീക്ഷയിലാണ് അദ്ദേഹം. സത്നാം സിംഗ്- നാരായണന്‍ കുട്ടി ഡിഫന്‍സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മയിലും സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന സത്യാഗ്രഹത്തിലും ഹരീന്ദര്‍ കുമാര്‍ സിംഗ്  പങ്കെടുക്കുകയും മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമര്‍പ്പിക്കുകയും ചെയ്യും. ഈ മാസം ഒന്നാം തീയതി കേരളത്തില്‍ എത്തിയ ഹരീന്ദര്‍ കുമാര്‍ സിംഗ് ചൊവ്വാഴ്ച ദിവസം കൊടുങ്ങല്ലൂരില്‍ വച്ച് നടന്ന പ്രതിഷേധ കൂട്ടായ്മയിലും പങ്കെടുത്തിരുന്നു.  ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം റദ്ദ് ചെയ്ത് കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണമോ സത്യസന്ധരായ കേരളാ പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ടുള്ള അന്വേഷണമോ നടത്തണം എന്ന ആവശ്യമാണ് ഹരിന്ദര്‍ സിംഗ് ഉയര്‍ത്തുന്നത്. നീതിക്കായി സുപ്രീം കോടതിയില്‍ പോകാന്‍ ഒരുങ്ങുകയാണ് സത്നാമിന്റെ പിതാവ്.

മകന്റെ കേസില്‍ അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണവും അവര്‍ സമര്‍പ്പിച്ച എഫ്ഐആറും തെറ്റായും കെട്ടിച്ചമച്ചതും  ആണെന്നു കാണിച്ച് ഹരീന്ദര്‍ സിംഗ് സമര്‍പ്പിച്ച കേസില്‍ ഇപ്പോഴും കോടതിയില്‍ നില്‍ക്കുകയാണ്. എന്നാല്‍ അത് വാദത്തിനു പരിഗണിക്കാതെ 40 ഓളം തവണ മാറ്റി വച്ചതായും അദ്ദേഹം പറയുന്നു. ഇക്കാരണത്താല്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം എന്ന അപേക്ഷയുമായാണ് ഹരിന്ദര്‍ സിംഗ് മുഖ്യമന്ത്രിയെ കാണുക. 

ബീഹാറിലെ ഗയ സ്വദേശിയായ സത്നാം സിംഗ് ആത്മീയകാര്യങ്ങളില്‍ തത്പരനായിരുന്നു. ആത്മീയാന്വേഷണ യാത്രയ്ക്കിടെയാണ് അദ്ദേഹം അമൃതാന്ദമയിയുടെ വള്ളിക്കാവ് ആശ്രമത്തില്‍ വച്ച് ആക്രമിക്കപ്പെടുകയും. തുടര്‍ന്ന് തിരുവനന്തപുരത്തെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ വച്ച് കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ടു നാലു വര്‍ഷങ്ങള്‍ക്കു ശേഷവും അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയിലാണ്.

സത്നാം സിംഗ്- നാരായണന്‍ കുട്ടി ഡിഫന്‍സ് കമ്മിറ്റിയാണ് ഹരിന്ദര്‍ കുമാര്‍ സിംഗിന് ആവശ്യമായ പിന്തുണ കേരളത്തില്‍ നല്‍കുന്നത്. കമ്മിറ്റി അംഗങ്ങള്‍ കേരള ജനതയ്ക്കായി ബീഹാറിലെത്തി സത്നാമിന്റെ കുടുംബത്തോട് മാപ്പപപേക്ഷിച്ചിരുന്നു.

This post was last modified on December 27, 2016 4:31 pm