X

പഠനം ഉപേക്ഷിക്കുന്ന പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുന്നു

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് വിദ്യാഭ്യാസം ഉപേക്ഷിക്കുന്ന പട്ടികജാതി/വര്‍ഗ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുന്നു. 2014-16 കാലഘട്ടത്തില്‍ പഠനം ഉപേക്ഷിച്ചത് 3,975 കുട്ടികളാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പഠനത്തെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈന്‍ വെളിപ്പെടുത്തിരിക്കുന്നത്. 2014-15ല്‍ അഞ്ചു മുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ പട്ടികജാതി വിഭാഗത്തില്‍ 1,590 വിദ്യാര്‍ത്ഥികളും പട്ടികവര്‍ഗ വിഭാഗത്തില്‍ 2,385 വിദ്യാര്‍ത്ഥികളും കഴിഞ്ഞ വര്‍ഷം പഠനം മതിയാക്കി. ഈ പഠന വര്‍ഷത്തില്‍ പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പെടുന്ന 127 വിദ്യാര്‍ത്ഥികള്‍കൂടി പഠനം അവസാനിപ്പിച്ചു.

കേരളത്തില്‍ പട്ടികജാതി വിഭാഗത്തില്‍ 6,35,373 വിദ്യാര്‍ത്ഥികളും പട്ടികവര്‍ഗ വിഭാഗത്തില്‍ 83,149 വിദ്യാര്‍ത്ഥികളുമാണ് പഠനം നടത്തുന്നത്. പഠനം അവസാനിപ്പിക്കാനുള്ള പ്രധാനകാരണം വിദ്യാര്‍ത്ഥികളുടെ കുടുംബപ്രശ്നങ്ങളാണെന്നാണ് വിദ്യാഭ്യാസവകുപ്പ് പറയുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ പഠനത്തില്‍ രക്ഷിതാക്കള്‍ മക്കളുടെ പഠനത്തില്‍ താല്‍പര്യം കാണിക്കാത്തതും കോളനികളിലെ സാമൂഹിക അന്തരീക്ഷവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സാമൂഹികപരവും ഭാഷാപരവുമായ ഒറ്റപ്പെടലും വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കൃത്യമായ ആസൂത്രണമില്ലാത്തതാണ് കുട്ടികളുടെ കൊഴിഞ്ഞുപോക്കിനു കാരണമെന്നു വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നു. പട്ടികവര്‍ഗ വികസനവകുപ്പിനു കീഴില്‍ 19 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളാണുള്ളത്. ഈ സ്‌കൂളുകളില്‍ പലതിനും അടിസ്ഥാന സൗകര്യങ്ങളില്ല. കോടികളുടെ ഫണ്ടുണ്ടായിട്ടും ഇവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കുന്നതില്‍ അധികൃതര്‍ അലംഭാവമാണ് കാണിക്കുന്നത്.

പഠനം ഉപേക്ഷിക്കുന്ന പട്ടികജാതി/വര്‍ഗ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുന്നതില്‍ നടപടിയെടുക്കുവാനുള്ള പരിശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പും പട്ടികജാതി/വര്‍ഗ വകുപ്പും. പട്ടികജാതി/വര്‍ഗ വിദ്യാര്‍ത്ഥികള്‍ പഠനം അവസാനിപ്പിക്കുന്നതിനെപ്പറ്റി വിശദമായി പഠിക്കാനും പോരായ്മകള്‍ പരിഹരിക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഇരു വകുപ്പുകളും അറിയിച്ചിട്ടുണ്ട്.

 

This post was last modified on December 27, 2016 2:21 pm