X

സഹസ്രാബ്ദങ്ങളായി ഉറഞ്ഞുകിടക്കുന്ന ഭൂമിക്കടിയിലുള്ള മഞ്ഞുകട്ടകള്‍ പോലും അസാധാരണമാംവിധം ഉരുകുന്നു; കാലാവസ്ഥാ വ്യതിയാനം ഭയപ്പെട്ടതിനേക്കാള്‍ വേഗത്തില്‍

കനേഡിയന്‍ ആര്‍ട്ടിക് പ്രദേശത്തെ പെര്‍മാഫ്രോസ്റ്റ് നേരത്തെ പ്രവചിക്കപ്പെട്ടതിനെക്കാള്‍ 70 വര്‍ഷം നേരത്തെ ഉരുകുമെന്ന് റിപ്പോര്‍ട്ട്

കനേഡിയന്‍ ആര്‍ട്ടിക് പ്രദേശത്തെ പെര്‍മാഫ്രോസ്റ്റ് (ജലത്തിന്റെ ഖരാങ്കത്തില്‍ താഴെ ഊഷ്മാവില്‍ സ്ഥിതി ചെയ്യുന്ന മണ്ണ്) നേരത്തെ പ്രവചിക്കപ്പെട്ടതിനെക്കാള്‍ 70 വര്‍ഷം നേരത്തെ ഉരുകുമെന്ന് റിപ്പോര്‍ട്ട്. ആഗോള കാലാവസ്ഥാ പ്രതിസന്ധി ശാസ്ത്രജ്ഞര്‍ ഭയപ്പെട്ടതിനേക്കാള്‍ വേഗത്തില്‍ വര്‍ദ്ധിക്കുന്നുവെന്നതിന്റെ ഏറ്റവും പുതിയ സൂചനയാണിത്.

സഹസ്രാബ്ദങ്ങളായി ഉറഞ്ഞുകിടക്കുന്ന ഭൂമിക്കടിയിലുള്ള മഞ്ഞുകട്ടകള്‍പോലും അസാധാരണമാംവിധം ഉരുകുന്നത് അമ്പരപ്പിക്കുന്നുവെന്ന് അലാസ്‌ക ഫെയര്‍ബാങ്ക്‌സ് സര്‍വകലാശാലയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ പറയുന്നു. ‘കഴിഞ്ഞ 5,000-ത്തില്‍ അധികം വര്‍ഷങ്ങളേക്കാള്‍ ചൂടുള്ള കാലാവസ്ഥയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത് എന്നതിന്റെ സൂചനയാണിതെന്ന്’ യൂണിവേഴ്‌സിറ്റിയിലെ ജിയോഫിസിക്‌സ് പ്രൊഫസറായ വ്ളാഡിമിര്‍ റൊമാനോവ്‌സ്‌കി പറയുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ ഉച്ചകോടി നടക്കാനിരിക്കെ പുറത്തുവന്ന ഈ റിപ്പോര്‍ട്ട് വിഷയത്തില്‍ കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജിയോഗ്രാഫിക്കല്‍ റിസേര്‍ച്ച് ലേറ്റേഴ്‌സില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2016-ല്‍ ഈ പ്രദേശത്തെ അവസാന പര്യവേഷണം പൂര്‍ത്തിയാക്കി റൊമാനോവ്‌സ്‌കിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും വിശകലനം ചെയ്ത ഡാറ്റകളെ അടിസ്ഥാനമാക്കിയാണ് ഈ പ്രബന്ധം തയ്യാറാക്കിയത്. പ്രദേശത്തിന്റെ ഓരോ മുക്കുംമൂലയും സന്ദര്‍ശിക്കാന്‍ പരിഷ്‌ക്കരിച്ച പ്രൊപ്പല്ലര്‍ വിമാനമാണ് സംഘം ഉപയോഗിച്ചത്. മനുഷ്യവാസ കേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയായി ഉപേക്ഷിക്കപ്പെട്ട ശീതയുദ്ധ കാലഘട്ടത്തിലെ റഡാര്‍ ബേസ് ഉള്‍പ്പെടെ അവര്‍ പരിശോധിച്ചിരുന്നു.

ദ്രുതഗതിയിലുള്ള ഉരുകല്‍ കാരണം പെര്‍മാഫ്രോസ്റ്റിന്റെ സ്ഥിരതയെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് ആശങ്കയുണ്ട്. മഞ്ഞുരുകുന്നതോടെ കൂടുതല്‍ വാതകങ്ങള്‍ പുറന്തള്ളപ്പെടും. അത് താപ നില വീണ്ടും ഉയരാന്‍ കാരണമാകും. 2015-ലെ പാരീസ് കരാര്‍ പ്രകാരം മലിനീകരണം കുറയ്ക്കുന്നതിനുള്ള നിലവിലെ പ്രതിബദ്ധതകള്‍ നടപ്പിലാക്കിയാലും ഈ അപകട നില തരണം ചെയ്യാന്‍ കഴിയില്ലെന്നാണ് ഈ പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്.

Read More : എഞ്ചിന് തീ പിടിച്ചാല്‍ കെടുത്താൻ ഉപയോഗിക്കുന്ന സ്വിച്ച് പ്രവര്‍ത്തനരഹിതമാകുന്നു; ബോയിംഗ് വിമാനങ്ങളിലെ സുരക്ഷാ ആശങ്ക തുറന്ന് പ്രകടിപ്പിച്ച് പൈലറ്റുമാര്‍

This post was last modified on June 19, 2019 6:46 pm