X

കാഴ്ചപരിമിതരായ അധ്യാപകര്‍ക്ക് ഐസിടി പരിശീലനവുമായി ഐടി@സ്‌കൂള്‍; ഇന്ത്യക്ക് മാതൃകയായി കേരളം

ഐസിടി സഹായപഠനത്തിന് യോജിച്ച പഠനസാമഗ്രികള്‍ (ഡിജിറ്റല്‍) തയാറാക്കാന്‍ കാഴ്ചപരിമിതരായ അധ്യാപകരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം

കേരളത്തിലെ കാഴ്ചപരിമിതരായ മുഴുവന്‍ അധ്യാപകര്‍ക്കും ഐ.ടി@സ്‌കൂളിന്റെ പ്രത്യേക ഐ സി ടി പരിശീലനം ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും കാഴ്ചപരിമിതരായ അധ്യാപകരെ മറ്റു അധ്യാപകരെപ്പോലെ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയില്‍ (ഐ സി ടി) പ്രാപ്തരാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഐടി@സ്‌കൂള്‍ പ്രോജക്ട് പരിശീലനം നല്‍കുന്നത്. ഈ അധ്യയന വര്‍ഷം മുതല്‍ ക്ലാസ്മുറികളില്‍ ഡിജിറ്റല്‍ സംവിധാനങ്ങളോടുള്ള പാഠ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാനു കൂടിയാണ് ഈ പരിശീലനം. കേരളത്തിലെ ഐടി@സ്‌കൂള്‍ പ്രോജക്ടിന് 2011-ല്‍ മുഴുവന്‍ കാഴ്ചപരിമിതരായ അധ്യാപകര്‍ക്കും അടിസ്ഥാന ഐടി പരിശീലനം നല്‍കിയതിന് കേന്ദ്ര മാനവശേഷി വകുപ്പിന്റെ പ്രത്യേക അംഗീകാരം ലഭിച്ചിരുന്നു. കമ്പ്യൂട്ടര്‍ ഉപയോഗത്തിനുനപ്പുറം വിദ്യാഭ്യാസ മേഖലയില്‍ ഐസിടിയുടെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്താനാണ് പുതിയ പദ്ധതിയിലെ പരിശീലനത്തിലൂടെ ഐ.ടി@സ്‌കൂളിന്റെ ശ്രമം. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു ശ്രമം ആദ്യമായിട്ടാണ്. ഈ പദ്ധതിയെപ്പറ്റി ഐടി@സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ആന്‍വര്‍ സാദത്ത് അഴിമുഖത്തോട് വിശദീകരിച്ചത്-

‘കാഴ്ചപരിമിതരായ അധ്യാപകര്‍ക്കുള്ള ഐസിടി പരിശീലനം എല്ലാ ജില്ലകളിലും ആരംഭിച്ചിട്ടുണ്ട്. ഐസിടി സഹായപഠനത്തിന് യോജിച്ച പഠനസാമഗ്രികള്‍ (ഡിജിറ്റല്‍) തയാറാക്കാന്‍ കാഴ്ചപരിമിതരായ അധ്യാപകരെ പ്രാപ്തരാക്കുകയെന്നതാണ് ഈ പരിശീലനം കൊണ്ട് പ്രധാനമായും ഞങ്ങള്‍ (ഐടി@സ്‌കൂള്‍) ലക്ഷ്യമിടുന്നത്. അഞ്ഞൂറിനടുത്ത് കാഴ്ചപരിമിതരായ അധ്യാപകരുണ്ട്. ഈ മാസം 200-ഓളം അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം ആരംഭിച്ചിട്ടുണ്ട്. മൂന്നുദിവസത്തെ പരിശീലനമാണ് അവര്‍ക്ക് നല്‍കികൊണ്ടിരിക്കുന്നത്. ബാക്കിയുള്ള 260 പേര്‍ക്ക് ജൂലൈ മാസത്തിലാണ് പരിശീലനം നല്‍കുക. പരിശീലനം പൂര്‍ത്തിയാകുന്നതോട് കൂടി കമ്പ്യൂട്ടര്‍ ഉപയോഗത്തിനുള്ള പരിശീനത്തിനപ്പുറം വിദ്യാഭ്യാസ മേഖലയില്‍ ഐസിടിയുടെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്താന്‍ മുഴുവന്‍ കാഴ്ചപരിമിതരായ അധ്യാപകര്‍ക്കും നല്‍കുന്ന ആദ്യ സംസ്ഥാനമാകും കേരളം.

‘മറ്റ് അധ്യാപകരെ പോലെ കാഴ്ചപരിമിതരായ അധ്യാപകര്‍ക്ക്- ക്ലാസ്‌റൂമില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് സഹായിക്കുന്ന തരത്തിലുള്ള ഡോക്യുമെന്റുകള്‍, പ്രസന്റേഷനുകള്‍ തുടങ്ങിയവ തയാറാക്കുക, ഭാഷാ കമ്പ്യൂട്ടിങ്, ഇന്റര്‍നെറ്റില്‍ നിന്നും ഡിജിറ്റല്‍ പഠനത്തിനാവിശ്യമായ കാര്യങ്ങള്‍ എടുക്കുക, അവയുടെ നിയമവശങ്ങള്‍, ഓഡിയോ റെക്കോര്‍ഡിങ്, വീഡിയോ എഡിറ്റിങ് തുടങ്ങിയവയിലാണ് പരിശീലനം നല്‍കുന്നത്. സാധാരണ ഉപയോഗിക്കുന്ന പഠന സഹായ സോഫ്റ്റ്വെയറുകള്‍ കാഴ്ചപരിമിതര്‍ക്കു വേണ്ടി അനുയോജ്യമായ മാറ്റം വരുത്തി അതിലാണ് പരിശീലനം നല്‍കികൊണ്ടിരിക്കുന്നത്. ഓര്‍ക്ക (Orca) എന്ന സ്‌ക്രീന്‍ റീഡിങ് സോഫ്റ്റ്‌വെയറാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓര്‍ക്ക പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയറായതിനാല്‍ ഭിന്നശേഷിക്കാര്‍ക്കുകൂടി പ്രയോജനപ്പെടുന്നവിധം ഇവയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്നതാണ്്.

കാഴ്ചപരിമിതിയുള്ള കുട്ടികളെ പഠിപ്പിക്കുന്ന കുന്നംകുളം സര്‍ക്കാര്‍ വിദ്യാലയത്തിലെ പ്രഥമാധ്യാപകന്‍ സത്യശീലന്‍മാഷും മകന്‍ നളിനും തയാറാക്കിയ ബ്രെയിലി ശാരദാ കീബോര്‍ഡും ഓര്‍ക്കയുടെ ഭാഗമാക്കിയിട്ടുണ്ട്. കാഴ്ച പരിമിതര്‍ക്കിടയില്‍ ബ്രെയിലി ശാരദാ കീബോര്‍ഡിന്റെ സ്വീകാര്യയതയാണ് ഉള്‍പ്പെടുത്താന്‍ കാരണം. എന്നാലും ഇപ്പോള്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകള്‍ക്ക് അക്‌സസബിലിറ്റി പരിമിതികളുണ്ട്. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ പരിഹരിച്ച് പുതിയ പാക്കേജുകള്‍ തയാറാക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തി വരുകയാണ്. കൂടാതെ സ്‌കൂളുകളില്‍ കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന കമ്പ്യൂട്ടറുകള്‍ എത്തിക്കാനും, അവര്‍ക്ക് ‘ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം’ മാതൃകയില്‍ പ്രത്യേക ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ നടത്താനും ഐ.ടി@സ്‌കൂള്‍ തീരുമാനിച്ചിട്ടുണ്ട്.’


ഐടി@സ്‌കൂള്‍ പദ്ധതി

പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഒരു പദ്ധതിയാണ് ഐടി@സ്‌കൂള്‍. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഐടി അധിഷ്ഠിതമായി പാഠ്യരീതികള്‍ക്ക് നേതൃത്വം നല്‍കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അധ്യാപകര്‍ക്ക് ഐടി മേഖലയില്‍ പരിശീലനം നടത്തുക, പാഠപുസ്തകങ്ങള്‍, അധ്യാപക സഹായികള്‍, തുടങ്ങിയവയുടെ നിര്‍മ്മാണത്തില്‍ എസ്.സി.ഇ.ആര്‍.ടി യെ സഹായിക്കുക, ലാപ്‌ടോപ്പ്, കമ്പ്യൂട്ടര്‍, തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് എങ്ങനെ പഠിക്കാം, പഠിപ്പിക്കാം തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. മാഹി, ലക്ഷദ്വീപ്, ഗള്‍ഫ് എന്നിവടങ്ങളില്‍ അടക്കം, കേരള സര്‍ക്കാറിന്റെ കീഴിലുള്ള 2738-ലധികം സ്‌കൂളുകളില്‍ ഈ പദ്ധതിയുമായി ഐടി@സ്‌കൂള്‍ ബന്ധപ്പെടുന്നുണ്ട്.

This post was last modified on May 30, 2017 1:06 pm