X

ഡൊണാള്‍ഡ് ട്രംപില്‍ നിന്നും ഉന്നത ബഹുമതി നേടി മലയാളി ശാസ്ത്രജ്ഞ

നിരവധി ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും അവാര്‍ഡിന് അര്‍ഹരായി.

ശാസ്ത്ര സാങ്കേതിക മേഖലകളിലെ ഗവേഷണ മികവിനുള്ള അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഏറ്റവും വലിയ അവാര്‍ഡ് (Presidential Early Career Award for Scientists and Engineers (PECASE)) ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചപ്പോള്‍ അത് ഇന്ത്യക്കാര്‍ക്ക് ആഹ്ളാദിക്കാനുള്ള നിമിഷമായി. ഒരു മലയാളിയടക്കം നിരവധി ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും ഇത്തവണ അവാര്‍ഡിന് അര്‍ഹരായി. സ്വതന്ത്ര ഗവേഷണം നടത്തി ശാസ്ത്ര സാങ്കേതിക രംഗത്തെ നാളെയുടെ മികച്ച വാഗ്ദാനമായി ഉയരാന്‍ സാധ്യതയുള്ളവര്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയാണ് PECASE. രാജ്യത്തെ സര്‍ക്കാര്‍ അംഗീകൃത ഗവേഷണ സ്ഥാപനങ്ങളാണ് മിടുക്കരായ ഗവേഷകരെ നാമനിര്‍ദേശം ചെയ്യുന്നത്.

വിർജീനിയ സർവകലാശാലയിലെ ജ്യോതിശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ നിത്യ കള്ളിവയലില്‍  പുരസ്കാരം നേടിയ ഒരു മലയാളി. നാഷണൽ സയൻസ് ഫൌണ്ടേഷനാണ് അവരെ പുരസ്കാരത്തിനായി നാമനിര്‍ദേശം ചെയ്തത്. 2015-ല്‍ യു.എസ് സയന്‍സ് ഫൌണ്ടേഷന്‍റെ 4.6 കോടി രൂപയുടെ കരിയര്‍ ഡവലപ്മെന്‍റ് ഗവേഷണ പുരസ്കാരവും ഈ കോട്ടയം കാരി നേടിയിരുന്നു. അഞ്ചു വര്‍ഷത്തെ സമാന ഗവേഷണ ഗ്രാന്‍റോടുകൂടിയതാണ് പുതിയ അവാര്‍ഡ്.

മുണ്ടക്കയത്തെ ജേക്കബ് കള്ളിവയലിലിന്‍റെയും പരേതയായ കിനിയുടേയും ഇളയമകളാണ് നിത്യ. കോട്ടയത്തെ പള്ളിക്കൂടത്തിലും ഊട്ടി ലോറന്‍സ് സ്കൂളില്‍നിന്നുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബ്രിട്ടണിലെ യുണൈറ്റഡ് വേള്‍ഡ് കോളേജ് ഓഫ് അറ്റ്ലാന്റിക്, അമേരിക്കയിലെ മിഷിഗണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മൌണ്ട് ഹോളിയോക് എന്നിവിടങ്ങളില്‍നിന്നും ഉപരിപഠനം നേടിയ ശേഷം ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍നിന്ന് ആസ്ട്രോ ഫിസിക്സില്‍ ഡോക്ടറേറ്റും നിത്യ നേടിയിട്ടുണ്ട്. അമ്മയുടെ ഒന്നാം ചരമ വാര്‍ഷികത്തിലാണ് പുതിയ പുരസ്കാരം നേട്ടം നിത്യയെ തേടിയെത്തിയത്.

നിത്യക്കു പുറമേ പുരസ്കാരം നേടിയ ഇന്ത്യക്കാര്‍ ഇവരാണ്: സ്റ്റാൻഫോർഡ് സർവകലാശാലയിലെ സഞ്ജയ് ബസു, റിവർ‌സൈഡ് സർവകലാശാലയിലെ സുവീന്‍ മത്തുടു, സാൻ ഡീഗോ സർവകലാശാലയില്‍ നിന്നുള്ള പിയ പാൽ, പത്മിനി രംഗമണി എന്നിവരാണ് കാലിഫോര്‍ണിയയില്‍ നിന്നും അവാര്‍ഡിന് അര്‍ഹരായത്.

ജോർജിയയിൽ നിന്ന്, ജോർജിയ ടെക്കിലെ ധ്രുവ് ബാത്ര, നാഷണൽ സെന്റർ ഫോർ എമർജിംഗ് ആൻഡ് സൂനോട്ടിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സുബ്ബിയൻ പനയമ്പള്ളി എന്നിവരാണ് ജേതാക്കളായത്. ഇഡാഹോ നാഷണൽ ലബോറട്ടറിയിലെ വിവേക് അഗർവാൾ, ഇല്ലിനോയിസ് സർവകലാശാലയിലെ ഗൌരവ് ഭല്‍, പ്രശാന്ത് ജെയിൻ എന്നിവരും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ അനിഷ് തോമസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാൻഡേർഡ്സ് ആന്റ് ടെക്നോളജി ഫിസിക്കൽ മെഷർമെന്റ് ലബോറട്ടറിയിലെ വരുൺ വർമ്മ എന്നീ ഇന്ത്യക്കാരും അവാര്‍ഡിന് അര്‍ഹരായി.

മസാച്യുസെറ്റ്സ് സർവകലാശാലയിലെ ബാർന സാഹ, മിനസോട്ട സർവകലാശാലയിലെ ഭാരത് ജലൻ, പ്രിൻസ്റ്റൺ സർവകലാശാലയിലെ അമീർ അഹ്മദി, വണ്ടർ‌ബിൽറ്റ് സർവകലാശാലയിലെ മീനാക്ഷി മധുർ എന്നീ ഇന്ത്യക്കാരും, ബ്രൗൺ സർവകലാശാലയില്‍ നിന്നുള്ള സോഹിനി രാമചന്ദ്രൻ, അനിത ശുക്ല എന്നീ ഇന്ത്യന്‍ വംശജരും അവാര്‍ഡ് പട്ടികയില്‍ ഇടംപിടിച്ചു.

Read More: ഡോ. സൗമി മാത്യൂസ്‌: എച്ച്‌ഐവി ചികിത്സയിലെ നാഴികക്കല്ലായ കണ്ടുപിടിത്തത്തില്‍ ഈ മലയാളിയുമുണ്ട്

This post was last modified on July 9, 2019 4:35 pm