X

ജനിതക മാറ്റം വരുത്തിയ മനുഷ്യക്കുഞ്ഞുങ്ങളെ സൃഷ‌്ടിച്ചതായി ചൈന

അമേരിക്കയടക്കമുള്ള പല രാജ്യങ്ങളിലും മനുഷ്യ ഭ്രൂണങ്ങളിലുളള ജനിതക മാറ്റം നിരോധിച്ചിട്ടുണ്ട്. ചൈനയിൽ ഇത്തരം ഗവേഷണങ്ങള്‍ക്ക് നിയമസാധുതയുണ്ടെങ്കിലും പല ഗവേഷകരും എതിർപ്പുന്നയിച്ചിരുന്നു.

ലോകത്ത് ആദ്യമായി ജനിതക മാറ്റം വരുത്തിയ മനുഷ്യക്കുഞ്ഞുങ്ങളെ സൃഷ‌്ടിച്ചതായി ചൈനീസ‌് ഗവേഷകർ. ഷെൻചെനിയിലെ സതേൺ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകനായ ഡോക്ടര്‍ ഹി ജിയാൻകൂ ആണ് ‘ക്രിസ്പർ കാസ്– 9’ എന്ന ജീൻ എഡിറ്റിങ് വിദ്യ ഉപയോഗിച്ച് എച്ച്ഐവി രോഗബാധയുണ്ടാകാത്ത വിധം ജനിതക മാറ്റം വരുത്തിയ ഇരട്ടകളെ സൃഷ്ടിച്ചതായി അവകാശപ്പെട്ടത്. എന്നാല്‍ ഒരു വൈദ്യശാസ്ത്ര പ്രസിദ്ധീകരണങ്ങളിലും ഇതുമായി ബന്ധപ്പെട്ട ഗവേഷണം ഇതുവരെ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടില്ല. കൂടുതല്‍ വ്യക്തമായ തെളിവുകളോ രേഖകളോ പുറത്തുവിട്ടിട്ടുമില്ല.

അമേരിക്കയടക്കമുള്ള പല രാജ്യങ്ങളിലും മനുഷ്യ ഭ്രൂണങ്ങളിലുളള ജനിതക മാറ്റം നിരോധിച്ചിട്ടുണ്ട്. ചൈനയിൽ ഇത്തരം ഗവേഷണങ്ങള്‍ക്ക് നിയമസാധുതയുണ്ടെങ്കിലും പല ഗവേഷകരും എതിർപ്പുന്നയിച്ചിരുന്നു. ഡോ. ​​ഹെ-യുടെ കണ്ടുപിടുത്തം ചൈനീസ് സയൻസിന്‍റെ ആഗോള പ്രശസ്തിക്കും വികസനത്തിനും വലിയ തിരിച്ചടിയാണെന്ന് 122 ചൈനീസ് ശാസ്ത്രജ്ഞര്‍ സംയുക്ത പ്രസ്താവനനയിലൂടെ വ്യക്തമാക്കി.

അതേസമയം ഹിയുടെ അവകാശവാദം രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടില്ല. മനുഷ്യഭ്രൂണം ഉപയോഗിച്ചുള്ള പരീക്ഷണങ്ങളുടെ നൈതികതയെക്കുറിച്ച് തർക്കം തുടരുന്നതിനിടെയാണ് ഈ വാര്‍ത്തകളെന്നതും ശ്രദ്ധേയമാണ്. ഹി പരീക്ഷണത്തിന് തിരഞ്ഞെടുത്ത ദമ്പതികളിൽ പുരുഷന്മാരെല്ലാം എച്ച്ഐവി ബാധിതരും സ്ത്രീകൾ രോഗബാധ ഇല്ലാത്ത ഇല്ലാത്തവരുമായിരുന്നു. ഇവരുടെ 3–5 ദിവസം പ്രായമായ ഭ്രൂണത്തിൽനിന്ന് ഏതാനും കോശങ്ങൾ പുറത്തെടുത്താണ് ‘ക്രിസ്പര്‍ കാസ് 9’ എന്ന ജീൻ എഡിറ്റിംഗ് നടത്തിയത്. മനുഷ്യ ശരീരത്തിലെ ഡിഎന്‍എയുടെ ഭാഗങ്ങളായ ജീനുകളില്‍നിന്ന് ചില ഭാഗങ്ങള്‍ നീക്കം ചെയ്യാനോ കൂട്ടിച്ചേര്‍ക്കാനോ ഉപയോഗിക്കുന്ന ഏറ്റവും കൃത്യതയുള്ള വിദ്യയാണ് ക്രിസ്പര്‍ കാസ് 9.

മനുഷ്യ കോശങ്ങളിലെ ജനിതക മാറ്റത്തിന് ഭാവിയില്‍ വലിയ സാധ്യതയാണ് ഉള്ളതെങ്കിലും അതിനേക്കാളേറെ ആശങ്കകളുമുണ്ട്. ജനിതകമാറ്റങ്ങൾ അടുത്ത തലമുറയിലേക്കു കൂടി പകരും എന്നതാണ് പ്രധാന കാരണം. സാധാരണ ഐവിഎഫ് ചികിത്സയിലൂടെയായിരുന്നു കുഞ്ഞുങ്ങളുടെ ജനനമെന്നും പ്രത്യേകമായി രൂപകല്‍പന ചെയ്ത പ്രത്യുത്പാദന കോശമാണ് ഭ്രൂണത്തില്‍ നിക്ഷേപിച്ചതെന്നും ഹി വ്യക്തമാക്കി. ഹോങ് കോംഗില്‍ ഹ്യൂമൻ ജീനോം എഡിറ്റിംഗിന്‍റെ രണ്ടാം അന്താരാഷ്ട്ര ഉച്ചകോടി നടക്കുന്നതിനിടെയാണ് ഹി തന്‍റെ ഗവേഷണ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

അക്കാദമി രംഗത്ത് കൂടുതല്‍ അവലോകനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ഇടനല്‍കാതെ ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു ഗവേഷണ പുരോഗതി പരസ്യപ്പെടുത്തുക എന്നത് തികച്ചും അസാധാരണമായ സംഭവമാണ്. ഷെൻസെൻ ഹാർമണിക്കെയര്‍ ഹോസ്പിറ്റലിന്‍റെ എത്തിക്സ് ബോർഡിൽ നിന്നും ഗവേഷണം നടത്താന്‍ അനുമതി ലഭിച്ചതായി ഹി പറഞ്ഞിരുന്നു. എന്നാല്‍ ഹോസ്പിറ്റല്‍ ആ വാദം നിഷേധിച്ചു രംഗത്തെത്തി. ഹിയുടെ വെളിപ്പെടുത്തലുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷൻ ഉത്തരവിട്ടു.