X

ഒരു ചുഴലിക്കാറ്റിനൊപ്പം യുഎസ്സിന് നഷ്ടപ്പെട്ടത് ഒരു ദ്വീപിനെ

വലാക ചുഴലിക്കാറ്റ് വീശിയടിച്ച് കടന്നുപോയപ്പോൾ യുഎസ്സിന് നഷ്ടമായത് ഒരു ദ്വീപിനെ. സെപ്തംബർ 29നാണ് ഈ ചുഴലിക്കാറ്റ് കടന്നുപോയത്. അര മൈൽ നീളവും നാനൂറടി വീതിയുമുള്ള ദ്വീപാണ് കടലിൽ മുങ്ങിപ്പോയത്. സ്റ്റോം സർജ് എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ഇവിടെ പ്രവർത്തിച്ചത്. ന്യൂനമർദ്ദം മൂലം വെള്ളപ്പൊക്കവും സുനാമിയും ഉണ്ടാകുന്നതാണ് സ്റ്റോം സർജ് എന്നറിയപ്പെടുന്നത്. കഴിഞ്ഞ സുനാമിക്കാലത്ത് കേരളത്തിൽ ചില ഭാഗങ്ങൾ കടലിനടിയിലായിരുന്നു.

പതിനൊന്നേക്കറോളം വരുന്ന ഈ ഭൂമി കടലിൽ മുങ്ങിയത് സാറ്റലൈറ്റ് ചിത്രങ്ങൾ താരതമ്യം ചെയ്ത് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. യുഎസ്സിലെ ഹവായ് സംസ്ഥാനത്തിലെ ഹോനോലുലു കൗണ്ടിയുടെ ഭാഗമായിരുന്നും ഈ ദ്വീപ്.

ദ്വീപിനെ കാണാതായതറിഞ്ഞ നിമിഷം താന്‍ അന്തംവിട്ടുപോയെന്നും ഒരു തെറി വായിൽ നിന്നും തെറിച്ചെന്നും ഹവായ് യൂണിവേഴ്സിറ്റിയിലെ എർത്ത് സയൻസ് വിഭാഗത്തിലെ പ്രൊഫസർ ചിപ്പ് ഫ്ലച്ചർ പറയുന്നു. ഇദ്ദേഹവും ഇദ്ദേഹത്തിന്റെ സഹപ്രവർത്തകനും ചേർന്ന് ഈ ദ്വീപിൽ ഗവേഷണം നടത്തി വരുന്നുണ്ടായിരുന്നു. ഈ ഭൂമിയുടെ കാലപ്പഴക്കം നിർണയിക്കാനുള്ള ചില പദ്ധതികളൊക്കെയാണ് ഇവർക്കുണ്ടായിരുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളുടെ സ്വഭാവം പഠിക്കുകയായിരുന്നു ലക്ഷ്യം.

രണ്ടായിരത്തിനടുത്ത് പഴക്കമുള്ള ദ്വീപാണിതെന്ന് ചിപ്പ് ഫ്ലച്ചർ പറയുന്നു. തങ്ങൾ വെറും മൂന്നു മാസമേ ആയിട്ടുള്ളൂ ദ്വീപിലെത്തിയിട്ട്. 1952 വരെ യുഎസ് കോസ്റ്റ് ഗാർഡ് ഈ ദ്വീപിൽ ഒരു റഡാർ സ്റ്റേഷൻ പ്രവർത്തിപ്പിച്ചിരുന്നു.