X

നടക്കുന്നത് ജൈവ ഉന്മൂലനം; കഴിഞ്ഞ 10 ദശലക്ഷം വർഷങ്ങളെ അപേക്ഷിച്ച് 10 മുതൽ 100 ഇരട്ടിയിലധികം വേഗത്തില്‍

ജീവികളുടെ പരസ്പര സഹവർത്തിത്വത്തെയും നിലനില്പിനെയും കണക്കിലെടുക്കാതെയുള്ള മനുഷ്യന്റെ പ്രവർത്തികൾ അവന്റെ നാശത്തിനു വഴിവെക്കുമെന്ന് റിപ്പോർട്ട് ഊന്നിപ്പറയുന്നു.

സമുദ്രത്തിനടിയിലെ പവിഴപ്പാറ മുതൽ മഴക്കാടുകൾ ഉൾപ്പടെ ഭൂമിയിൽ ജീവന്‍ നിലനിർത്താൻ സഹായിക്കുന്ന ജൈവവൈവിധ്യങ്ങളെല്ലാം ചരിത്രത്തിലിതുവരെ കണ്ടിട്ടില്ലാത്ത വിധം നശിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ 10 ദശലക്ഷം വർഷങ്ങളെ അപേക്ഷിച്ച് 10 മുതൽ 100 ഇരട്ടിയിലധികം വേഗതാ നിരക്കിലാണ് ജൈവവൈവിധ്യം ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഗ്ലോബൽ അസ്സസ്മെന്റ് റിപ്പോർട്ട് സ്ഥാപിക്കുന്നത്.

സസ്തനികളായ വന്യജീവികളുടെ ശരീര ഭാരം 82 ശതമാനത്തോളം കുറഞ്ഞുവെന്നും ജീവികളുടെ ആവാസവ്യവസ്ഥകൾ വലിയ രീതിയിൽ തകർക്കപ്പെട്ടുവെന്നുമാണ് റിപ്പോർട്ട് കണ്ടെത്തുന്നത്. മനുഷ്യരുടെ തന്നെ പ്രവർത്തനങ്ങളാണ് പ്രകൃതിയെ ഈ വിധത്തിൽ നശിപ്പിച്ചതെന്നാണ് പഠനം പറയുന്നത്. ലോകത്തിലെ പ്രഗത്ഭരായ 450ൽ പരം ശാസ്ത്രജ്ഞരുടെ മൂന്നുവർഷത്തോളം നീണ്ട അധ്വാനത്തിന്റെ ഫലമായാണ് റിപ്പോർട്ട് പുറത്തുവരുന്നത്.

പരാഗണത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന നിരവധി പ്രാണികളും ഈച്ചകളും വൻ തോതിൽ വംശനാശഭീഷണി നേരിടുകയാണ്. ഇതിനോടകം തന്നെ ചില പ്രാണികൾ കൂട്ടത്തോടെ നശിച്ചുപോയിട്ടുമുണ്ട്. സമുദ്രാടിത്തട്ടിലെ പവിഴപുറ്റുകളും ജലസസ്യങ്ങളും അതിവേഗത്തിൽ നശിച്ചുകൊണ്ടിരിക്കുകയാണ്. പരാഗണം നടത്തുന്ന പ്രാണികളും മറ്റും നശിക്കുന്നത് കൃഷിയെയും ആഗോളസാമ്പത്തിക രംഗത്തെയും തന്നെ സാരമായി ബാധിക്കുമെന്നാണ്‌ റിപ്പോർട്ട് പറയുന്നത്.

ആയിരത്തി അഞ്ഞൂറോളം അക്കാദമിക് പ്രബന്ധങ്ങളും മറ്റ് ശാസ്ത്രാന്വേഷണങ്ങളും പഠിച്ചുകൊണ്ട് തയ്യാറാക്കപ്പെട്ട റിപ്പോർട്ട് മനുഷ്യൻ സ്വന്തം സ്വാര്‍ഥതാല്പര്യങ്ങൾക്കായി നടത്തുന്ന പ്രവർത്തനങ്ങളിലേക്കു തന്നെയാണ് വിരൽ ചൂണ്ടുന്നത്. ‘ജൈവപരമായ ഉന്മൂലനം’ (biological annihilation ) എന്ന വാക്കാണ് അതിവേഗത്തിൽ ജൈവവൈവിധ്യം നശിപ്പിക്കപ്പെടുന്ന പ്രക്രിയയെ സൂചിപ്പിക്കാനായി ശാസ്ത്രജ്ഞർ ഉപയോഗിക്കുന്നത്. നഗരവൽകരണം, മലിനീകരണം, യന്ത്രബോട്ടുകൾ ഉപയോഗിച്ചുള്ള വ്യവസായികാടിസ്ഥാനത്തിലുള്ള മൽസ്യബന്ധനം, മനുഷ്യനിർമ്മിതമായ കാലാവസ്ഥ വ്യതിയാനം, വനനശീകരണം മുതലായ അടിയന്തിര കാരണങ്ങളാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. ജീവികളുടെ പരസ്പര സഹവർത്തിത്വത്തെയും നിലനില്പിനെയും കണക്കിലെടുക്കാതെയുള്ള മനുഷ്യന്റെ പ്രവർത്തികൾ അവന്റെ നാശത്തിനു വഴിവെക്കുമെന്ന് റിപ്പോർട്ട് ഊന്നിപ്പറയുന്നു.

This post was last modified on May 7, 2019 7:30 am