X

അന്റാർട്ടിക്കയിൽ നിന്ന് അടർന്നത് ന്യൂയോർക്ക് സിറ്റിയുടെ ഇരട്ടി വലുപ്പമുള്ള മഞ്ഞ്പാളി

അപകടകരമായ വേഗതയിലാണ് ഇപ്പോൾ അന്റാർട്ടിക്കയിൽ മഞ്ഞുരുകുന്നതെന്ന് കണ്ടെത്തിക്കൊണ്ട് കഴിഞ്ഞ വർഷം അമേരിക്കയിലെയും ബ്രിട്ടനിലെയും മുതിർന്ന ശാസ്ത്രജ്ഞർ ഒരു റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു

അന്റാർട്ടിക്കയിൽ മഞ്ഞുപാളികൾ അടർന്നു മാറുന്നത് ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. എന്നാൽ കഴിഞ്ഞ ദിവസം അടർന്നുമറിയ പാളിയുടെ വലിപ്പം അറിയുമ്പോഴാണ് ഞെട്ടിപ്പോകുന്നത്. ന്യൂയോർക്ക് നഗരത്തിന്റെ ഏതാണ്ട് ഇരട്ടിയോളം വലിപ്പം വരുന്ന മഞ്ഞുപാളികളാണ് അടർന്നു മാറിയത്. ദീർഘ നാളുകളായി നാസ നിരീക്ഷിച്ചു വരികയായിരുന്ന ഈ വിള്ളൽ അസ്വാഭാവികം തന്നെയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. “ഹാലോവീൻ ക്രാക്ക്” എന്ന് പേര് നൽകിയ ഈ വിള്ളൽ 2016 ഒക്ടോബറിലാണ് ആദ്യമായി കാണപ്പെട്ടത്. 35  വർഷമായി യാതൊരു മാറ്റവുമില്ലാതിരുന്ന മറ്റൊരു വിടവ് കൂടി ഹല്ലോവീനുമായി കൂട്ടിച്ചേർക്കപ്പെട്ടതുകൊണ്ടാണ് ഈ വലിയ വിള്ളലുണ്ടായതെന്നാണ് നാസ കണക്കുകൂട്ടുന്നത്.

വിള്ളൽ ഇപ്പോൾ കിഴക്കു ഭാഗത്തേക്ക് പരക്കുകയാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഈ രണ്ട് വലിയ വിള്ളലുകളും ചേരുന്നതോടെ 660 സ്‌ക്വയർ മൈൽ വിസ്താരത്തിൽ കൂറ്റൻ മഞ്ഞുപാളികൾക്ക് സ്ഥാനചലനമുണ്ടാകുമെന്ന് നാസ പറയുന്നു. മഞ്ഞുപാളികൾ അകന്നുമാറുന്ന കാൽവിങ് എന്ന പ്രക്രിയ സാധാരണയായി ഉണ്ടാകാറുള്ളതാണെങ്കിലും ഇപ്പോഴുണ്ടായത് പോലൊരു വലിയ വിള്ളൽ അസ്വാഭാവികമാണെന്നും അതിനെ കുറിച്ച് കൂടുതൽ പഠിക്കേണ്ടതുണ്ടെന്നും നാസ വിലയിരുത്തുന്നു.

തുടർന്നും വിള്ളലുകളുണ്ടായേക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്ഥാനചലനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്നതിനാൽ തന്നെ ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കരുതിയിരിക്കാൻ ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നുണ്ട്. അന്റാർട്ടിക്കയിൽ മഞ്ഞ് പാളികൾ അകലുന്നത് സമുദ്രനിരപ്പുയരാനുള്ള പ്രധാന കാരണമാണ്. അപകടകരമായ വേഗതയിലാണ് ഇപ്പോൾ അന്റാർട്ടിക്കയിൽ മഞ്ഞുരുകുന്നതെന്ന് കണ്ടെത്തിക്കൊണ്ട് കഴിഞ്ഞ വർഷം അമേരിക്കയിലെയും ബ്രിട്ടനിലെയും മുതിർന്ന ശാസ്ത്രജ്ഞർ ഒരു റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. ഹരിതഗൃഹ വാതകങ്ങൾ അമിതമായി പുറന്തള്ളപ്പെടുന്നതും ആഗോളതാപനവുമാണ് ഇതിന് കാരണമായി ഇവർ സൂചിപ്പിച്ചത്. അവസ്ഥ ഇതുപോലെ തന്നെ തുടരുകയാണെങ്കിൽ 2070 ആകുമ്പോൾ സമുദ്രത്തിലെ ജലനിരപ്പ് ഏകദേശം 25 സെന്റിമീറ്ററോളം ഉയരും എന്നും റിപ്പോർട്ട് പറയുന്നു.