X

ഇന്ത്യയുടെ ഏറ്റവും വലിയ ഉപഗ്രഹം ജി സാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു; 16 ജിബിപിഎസ് ഡാറ്റ അവകാശവാദം

രാജ്യത്തിന്റെ മുഴുവന്‍ ഭൂപ്രദേശത്തേയും ഇത് കവര്‍ ചെയ്യും. 16 ജിബിപിഎസ് ഡാറ്റ വരെ ലഭ്യമാക്കും.

ഇന്ത്യയുടെ ഏറ്റവും ഭാരമുള്ളതും ഏറ്റവും വലുതുമായ ഉപഗ്രഹമായ ജി സാറ്റ് 11 കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ് ഫ്രഞ്ച് ഗയാനയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഇന്റര്‍നെറ്റ് സ്പീഡ് വര്‍ദ്ധിപ്പിക്കുന്നതിനും ജി സാറ്റ് 11 സഹായകമാകും. ഇന്ന് പുലര്‍ച്ചെ ഏരിയന്‍ 5 സ്‌പേസ് റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. തെക്കേ അമേരിക്കയുടെ വടക്കുകിഴക്കന്‍ തീരത്തുള്ള ഫ്രഞ്ച് അധീന പ്രദേശമായ കൂറോയിലെ ഏരിയന്‍ ലോഞ്ച് കോംപ്ലക്‌സില്‍ നിന്നായിരുന്നു വിക്ഷേപണം നടത്തിയത്.

ഇന്ത്യ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വലുപ്പമുള്ളതും ഏറ്റവും ഭാരമുള്ളതുമായ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു. 38 സ്‌പോട്ട് ബീമുകളും എട്ട് സബ് ബീമുകളുമാണ് ജി സാറ്റ് 11നുള്ളത്. രാജ്യത്തിന്റെ മുഴുവന്‍ ഭൂപ്രദേശത്തേയും ഇത് കവര്‍ ചെയ്യും. 16 ജിബിപിഎസ് ഡാറ്റ വരെ ലഭ്യമാക്കും. രാജ്യത്ത് 100 ജിബിപിഎസ് ഡാറ്റ കണക്ടിവിറ്റിയാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നതെന്നും ഇത് കൈവരിക്കാന്‍ സഹായകമായ നാല് ഉപഗ്രഹങ്ങളുടെ പരമ്പരയില്‍ മൂന്നാമത്തേതാണ് ജി സാറ്റ് 11 എന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു. 15 വര്‍ഷത്തെ ലൈഫ് ടൈം ആണ് ജിസാറ്റ് 11ന് കണക്കാക്കുന്നത്.

മേയ് 25നാണ് ജിസാറ്റ് 11ന്റെ വിക്ഷേപണം നേരത്തെ തീരുമാനിച്ചിരുന്നത് എന്നാല്‍ കൂടുതല്‍ സാങ്കേതിക പരിശോധനകള്‍ ആവശ്യമായതിനാല്‍ വിക്ഷേപണം മാറ്റുകയായിരുന്നു. ഗ്രാമങ്ങളില്‍ ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കുന്ന ഭാരത് നെറ്റ് പദ്ധതിക്കടക്കം ജി സാറ്റ് 11 സഹായകമാകും.

This post was last modified on December 5, 2018 10:06 am