X

സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

തമോഗര്‍ത്തങ്ങള്‍ സംബന്ധിച്ചും ആപേക്ഷികത സംബന്ധിച്ചുമുള്ള കണ്ടുപിടിത്തങ്ങള്‍ ശ്രദ്ധേയമായി - A Brief History of Time അടക്കമുള്ള വിഖ്യാത ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം ഇക്കാര്യം അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. തമോഗര്‍ത്തങ്ങള്‍ സംബന്ധിച്ചും ആപേക്ഷികത സംബന്ധിച്ചുമുള്ള കണ്ടുപിടിത്തങ്ങളും പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ശ്രദ്ധേയമായി. A Brief History of Time അടക്കമുള്ള വിഖ്യാത ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്‌. ഭീമമായ ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. ആൽബർട്ട് ഐൻസ്റ്റീൻറെ ആപേഷികതാസിദ്ധാന്തത്തിന്‌ പുതിയ വിശദീകരണം നൽകി. പ്രപഞ്ചോല്പത്തിയെക്കുറിച്ചും സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചു.

പ്രപഞ്ചത്തിന് മഹത്തായ ഒരു രൂപകല്‍പ്പനയുണ്ടെന്നും എന്നാല്‍ ഇതിന് പിന്നില്‍ ദൈവം എന്നൊരു ശക്തിയില്ലെന്നും സ്റ്റീഫന്‍ ഹോക്കിംഗ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. താനൊരു നിരീശ്വരവാദിയാണെന്നും 2017ല്‍ സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞു. “പ്രപഞ്ചത്തെ ആരും നിര്‍മ്മിച്ചിട്ടില്ല. ആരും നമ്മുടെ വിധി മുന്നോട്ട് പോകുന്നതിനായി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നില്ല” – സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞിരുന്നു. പ്രപഞ്ചത്തിന്റെ തുടക്കം കണ്ടെത്താന്‍ സയന്‍സിന് കഴിയും. പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന് നമ്മള്‍ ദൈവത്തോട് ചോദിക്കേണ്ട കാര്യമില്ല. ദൈവമില്ല എന്ന് തെളിയിയ്ക്കുകയല്ല ഇത് ചെയ്യുന്നത്. ദൈവത്തിന്റെ ആവശ്യമില്ല എന്ന് മാത്രമാണ് ഇത് വ്യക്തമാക്കുന്നത് – ഹോക്കിംഗ് പറഞ്ഞു.

1942 ജനുവരി 8ന്‌ ബ്രിട്ടനിലെ ഓക്സ്ഫോർഡിലാണ്‌ സ്റ്റീഫൻ ഹോക്കിംഗിന്‍റെ ജനനം. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസിൽ ‍ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷെയറിലെ സെന്റ് ആൽബൻസ് സ്കൂളിൽ ചേർന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെങ്കിലും ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു സ്റ്റീഫൻ ഹോക്കിങിന്‌ താത്പര്യം.

സ്റ്റീഫന്‍ ഹോക്കിങ് അര നൂറ്റാണ്ടിലേറെ കാലം അതിജീവിച്ചതിന് പിന്നിലെ ആ രഹസ്യം

17-ആം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ കൈകാലുകൾ തളർന്നു പോകാൻ കാരണമായ നാഡീരോഗം (Motor Neuron Disease) അദ്ദേഹത്തെ ബാധിച്ചത്. കൈകാലുകൾ ചലിപ്പിക്കാനാവാത്ത അവസ്ഥയിലും സഹപ്രവർത്തകരുടെ പിന്തുണ അദ്ദേഹത്തിന്‌ ആത്മവിശ്വാസം പകർന്നു. ഗവേഷണ ബിരുദം നേടിയ ശേഷം 1965-ൽ ജെയ്ൻ വൈൽഡിനെ വിവാഹം കഴിച്ചു. 1991-ൽ അവർ വിവാഹമോചനം നേടി. ലൂസി, റോബര്‍ട്ട്, ടിം എന്നിവരാണ് മക്കള്‍. സ്റ്റീഫന്‍ ഹോക്കിംഗിന്റെ ജീവിതം ജെയിംസ് മാര്‍ഷ് The Theory of Everything (2014) എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ എഡ്ഡി റെഡ്‌മെയ്ന്‍ ആണ് ഹോക്കിംഗിനെ അവതരിപ്പിച്ചത്.

ജീവിക്കാന്‍ വേറെ ഗ്രഹം നോക്കിക്കോളൂ, 1000 കൊല്ലം കയ്യിലുണ്ട്; മാനവരാശിയോട് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞു

This post was last modified on March 14, 2018 12:02 pm