X

കാന്‍സറിനെ കൊല്ലാന്‍ ഇനി റോബോട്ടിക് ഉപകരണം

കാന്തികചുരുളിലൂടെ വൈദ്യുതി കടത്തിവിട്ടും കാന്തികമണ്ഡലത്തില്‍ രൂപ മാറ്റം വരുത്തിയുമാണ് പരീക്ഷണം നടത്തിയത്.

കാനഡയില്‍ നിന്നുള്ള ഗവേഷക സംഘം കാന്‍സര്‍ രോഗംബാധിച്ച കോശങ്ങളെ നശിപ്പിക്കാന്‍ പുതിയ റോബോട്ടിക് ഉപകരണം കണ്ടെത്തിയിരിക്കുന്നു. അര്‍ബുദം ബാധിച്ച കോശത്തിലേക്ക് ഈ റോബോട്ടിനെ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്ന് സയന്‍സ് റോബോട്ടിക്സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഈ റോബോട്ടിന്റെ രൂപം ഇഷ്ടമുള്ള രീതിയിലേക്ക് മാറ്റാനാവും. 700 നാനോമീറ്ററാണ് വ്യാസം. കട്ടികുറഞ്ഞ ഗ്ലാസുകൊണ്ടു നിര്‍മിച്ച കൂട്ടിനുള്ളിലാണ് സൂക്ഷിക്കുന്നത്. ആറ് കാന്തികചുരുളുകളും ഇതിനുചുറ്റിലുമുണ്ടാകും. മനുഷ്യന്റെ മുടിയെക്കാള്‍ കനംകുറഞ്ഞ കാന്തിക ഉപകരണമാണ് ഇതിന്റെ അടിസ്ഥാനം. ഇത് വളരെ ചെറുതും മുത്തിന്റെ ആകൃതിയിലുമുള്ള റോബോട്ടിനുള്ളില്‍ ഘടിപ്പിക്കുകയാണ് ചെയ്യുക.

കാന്തികചുരുളിലൂടെ വൈദ്യുതി കടത്തിവിട്ടും കാന്തികമണ്ഡലത്തില്‍ രൂപ മാറ്റം വരുത്തിയുമാണ് പരീക്ഷണം നടത്തിയത്. പരീക്ഷണം നടത്തുമ്പോള്‍ മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെയാണ് ഈ ഉപകരണത്തിന്റെ സ്ഥാനം ഗവേഷകര്‍ നിയന്ത്രിച്ചത്.