X

ഒടുവില്‍ ടുളി ഭീകരന്റെ രഹസ്യം കണ്ടെത്തി

അഴിമുഖം പ്രതിനിധി

അര നൂറ്റാണ്ടിലധികമായി ജൈവ ശാസ്ത്രജ്ഞരെ കുഴക്കിയിരുന്ന വിചിത്ര ജീവിയായിരുന്നു ടുളി രാക്ഷസന്‍. 307 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് അഴിമുഖത്തില്‍ ജീവിച്ചിരുന്നതാണ് ടുളിമോണ്‍സ്ട്രം ഗ്രിഗാറിയം എന്ന് ശാസ്ത്ര നാമമുള്ള ഈ ജീവികള്‍. എന്നാല്‍ ഈ ജീവിക്ക് പിന്നിലെ നിഗൂഢതയെ അനാവരണം ചെയ്തുവെന്ന് ഇന്നലെ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി.

സെഗ്മെന്റഡ് വേം അല്ലെങ്കില്‍ സ്വതന്ത്രമായി നീന്തിയിരുന്ന ഒരു ഒച്ച് എന്നായിരുന്നു ഇവയെ കുറിച്ച് മുമ്പ് കരുതിയിരുന്നത്. എന്നാല്‍ ടുളി രാക്ഷസന്റെ അനവധി ഫോസിലുകള്‍ വിശകലനം ചെയ്ത് ശാസ്ത്രജ്ഞര്‍ ഇത് രണ്ടുമല്ല ടുളികള്‍ എന്ന് കണ്ടെത്തി. ലാംപ്രേ എന്ന താടിയെല്ലില്ലാത്തയിനം മീനാണ് ഇവയെന്നാണ് യെല്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍. ഇന്ന് നദികളിലും കടലിലും വസിക്കുന്ന ഈല്‍ ഇനത്തില്‍പ്പെടുന്ന നട്ടെലുള്ളവയാണ് ലാംപ്രേകള്‍.

ടോര്‍പ്പിഡോ ആകൃതിയുള്ള ശരീരത്തില്‍ നിന്ന് തുമ്പിക്കൈയും അതിനറ്റത്ത് ചവണ പോലത്തെ ഭാഗവുമായിരുന്നു ടുളി രാക്ഷസന്‍മാരുടേത്. ചവണയുടെ ആകൃതിയുള്ള ഭാഗത്ത് രണ്ട് നിര പല്ലുകളുമുണ്ടായിരുന്നു. തലയില്‍ നിന്നും രണ്ടു വശത്തേക്കും നീണ്ടു പോകുന്ന വടിയുടെ അറ്റത്താണ് കണ്ണുകളുടെ സ്ഥാനം. 35 സെന്റീമീറ്റര്‍ നീളമുണ്ട് ഈ ജീവികള്‍ക്ക്.

നട്ടെല്ലുള്ള ജീവികളാണ് ഇവയെന്നാണ് പുതിയ കണ്ടെത്തല്‍. ചെകിളപ്പൂക്കളും നോട്ടോകോര്‍ഡും ഇവയ്ക്കുണ്ട്. ഈ നോട്ടോകോര്‍ഡ് നട്ടെല്ലായി പ്രവര്‍ത്തിക്കുന്നു. നേരത്തെ ശാസ്ത്രജ്ഞര്‍ ഈ നോട്ടോകോര്‍ഡിനെ കരുതിയിരുന്നത് അന്നനാളമായിട്ടായിരുന്നു. ഇവയെന്താണ് ഭക്ഷിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

1958-ല്‍ ഫോസില്‍ പര്യവേഷകനായ ഫ്രാന്‍സിസ് ടുളി ഇല്ലിനോയ്‌സിലെ കല്‍ക്കല്‍ മൈന്‍ കുഴികളില്‍ നിന്നാണ് ഇവയെ ആദ്യമായി കണ്ടെത്തുന്നത്. ഇതുകാരണമാണ് അവയ്ക്ക് ടുളിയെന്ന പേര് വീഴാന്‍ കാരണം.

This post was last modified on December 27, 2016 3:55 pm