ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)
ഈ മാസം ആദ്യം തുര്‍ക്കി പ്രധാനമന്ത്രി അഹമത് ദാവുതോഗ്ലൂ നഷ്ടപ്പെട്ട ഒരു തലയോട്ടിക്കായി തെരച്ചില്‍ തുടങ്ങി. ഇസ്താംബുളിലെ 16-ആം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച സുലൈമാനിയ പള്ളിയുടെ മുന്നില്‍ നിന്നുകൊണ്ട്, ആ കെട്ടിടം രൂപകല്‍പന ചെയ്ത ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രഗത്ഭനായ ശില്പി മിമാര്‍ സീനാനിന്റെ നഷ്ടപ്പെട്ട ഭൌതികാവശിഷ്ടങ്ങള്‍ക്കായി തെരച്ചില്‍ നടത്തുമെന്ന് ദാവുതോഗ്ലൂ പ്രഖ്യാപിച്ചു.
പള്ളിവളപ്പില്‍ത്തന്നെ അടക്കിയിരിക്കുന്ന സിനാന്റെ കബര്‍ 1930-കളില്‍ പുറത്തെടുക്കുകയും സിനാന്റെ വംശീയ സ്വത്വം അറിയാനായി അന്നത്തെ വിദഗ്ധര്‍ തലയോട്ടി എടുത്തുമാറ്റുകയും ചെയ്തതായി കരുതുന്നു. തുടര്‍ന്നുള്ള ദശകങ്ങളില്‍ അത് അപ്രത്യക്ഷമാവുകയും ചെയ്തു.
“ഇത്തരമൊരു പ്രാകൃതമായ നടപടി ഉണ്ടായിട്ടുണ്ടെങ്കില്‍ നമുക്ക് അദ്ദേഹത്തിന്റെ കബറില്‍ പോയി നമ്മുടെ ആദരവര്‍പ്പിക്കാന്‍ ആകില്ല,” ദാവുതോഗ്ലൂ പറഞ്ഞു. “ഡി എന്‍ എ പരിശോധന അടക്കമുള്ള നമ്മുടെ എല്ലാ സങ്കേതങ്ങളും ഉപയോഗിച്ച് ആ തലയോട്ടി മടക്കിക്കൊണ്ടുവരാനും അദ്ദേഹത്തിന്റെ സ്മരണയെ ദീപ്തമാക്കാനും നാം ശ്രമിക്കും.”
സിനാന്റെ തലയോട്ടിക്കായുള്ള ഈ ആഗ്രഹം രാഷ്ട്രീയഭാരം നിറഞ്ഞതാണ്. ചരിത്രകാരന്മാരുടെ ഇടയില്‍ പൊതുസമ്മതിയുള്ള അഭിപ്രായം, ഇസ്താംബുളിലും, എഡിര്‍നെയിലുമുള്ള വലിയ പള്ളികളടക്കം നിരവധി മഹാസൌദങ്ങളുടെ ശില്പി, അര്‍മീനിയന്‍ അല്ലെങ്കില്‍ ഗ്രീക് വംശജനായ ഇസ്ലാമിലേക്ക് മതം മാറിയ ഒരാളാകാം എന്നാണ്. ബഹുവംശീയ ജനതകളുടെ ഒരു മിശ്രിതമായിരുന്നു ഓട്ടോമന്‍ സുല്‍ത്താന് കീഴില്‍ ഓട്ടോമന്‍ സാമ്രാജ്യത്തില്‍ നിരവധി നൂറ്റാണ്ടുകള്‍ കഴിഞ്ഞുവന്നത്.
പക്ഷേ മുസ്തഫ കമാല്‍ അത്താതുര്‍ക്കിന്റെ നേതൃത്വത്തില്‍ വന്ന ആധുനിക തുര്‍ക്കിയുടെ ഭരണാധികാരികള്‍ക്ക് ഈ പാരമ്പര്യം തൊട്ടുകൂടാത്തതായിരുന്നു. അത്താതുര്‍ക്കിന്റെ കീഴിലുള്ള തുര്‍ക്കി ദേശീയത അക്രമാസക്തമാം വിധത്തില്‍ മതേതരവും ഏകസ്വഭാവമുള്ള, തുര്‍ക്കി സ്വത്വത്തില്‍ അടിയുറച്ച മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഒട്ടും ഇടം നല്‍കാത്ത ഒന്നായിരുന്നു. വെറും നിഴല്‍ മാത്രമായിമാറിയ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ കമാല്‍ ഭരണകൂടത്തിന്റെ ശക്തി ഉപയോഗിച്ചുള്ള സ്വത്വ നിര്‍മ്മാണം അഡോള്‍ഫ് ഹിറ്റ്ലറില്‍പ്പോലും ഒരു ആരാധകനെ സൃഷ്ടിച്ചു.
കുറച്ചുകാലം മുമ്പുവന്ന ഒരു പഠനമനുസരിച്ച് അന്നത്തെ വംശീയ സിദ്ധാന്തങ്ങളാല്‍ പ്രചോദിതരായ ഒരു സംഘം ശാസ്ത്രജ്ഞരാണ് സിനാന്റെ കബര്‍ തുറന്നു തലയോട്ടി എടുത്തുമാറ്റിയത്.
“അദ്ദേഹം ഒരു തുര്‍ക്കി വംശജനായിരുന്നു എന്നു തെളിയിക്കാനായിരുന്നു അത്,” പണ്ഡിതനായ സെല്‍കാക് മുലയിം 2010-ല്‍ ഡെയിലി ന്യൂസിനോട് പറഞ്ഞു. “അവര്‍ തലയോട്ടിയുടെ അളവുകളെടുക്കുകയും അതില്‍നിന്നും അദ്ദേഹം ഒരു തുര്‍ക്കി വംശജനാണെന്ന തീര്‍പ്പിലെത്തുകയും ചെയ്തു.” ഇവര്‍ മധ്യ ഏഷ്യയിലെ പേരുകേട്ട പോരാളികളിലേക്ക് തങ്ങളുടെ തുര്‍ക്കി വംശത്തിന്റെ ശ്രേഷ്ഠതാവാദത്തെ ബന്ധിപ്പിച്ചു. നൂറ്റാണ്ടുകളായി ഓട്ടോമന്‍ ഭൂപ്രദേശത്ത് തങ്ങളോടു ചേര്‍ന്നുകഴിഞ്ഞിരുന്ന ഗ്രീക്കുകാര്‍, ജൂതന്മാര്‍, അര്‍മീനിയക്കാര്‍ എന്നിവരില്‍ നിന്നും വേറിട്ട അസ്തിത്വം ഇവര്‍ അവകാശപ്പെട്ടു.
“തുര്‍ക്കി ചരിത്രത്തിലെ ഏറ്റവും അടഞ്ഞ കാലമായ 1930-കളിലെ ഞെട്ടിപ്പിക്കുന്ന നിരവധി സംഭവങ്ങളില്‍ ഒന്നുമാത്രമാണിത്,” സീനാന്‍ തലയോട്ടി സംഭവത്തെ പരാമര്‍ശിച്ചുകൊണ്ട് തുര്‍ക്കിയിലെ പംക്തിയെഴുത്തുകാരന്‍ മുസ്തഫ അകിയോള്‍ 2010-ല്‍ പറഞ്ഞു. “ഓട്ടോമന്‍/ഇസ്ളാമിക പാരമ്പര്യത്തെ തുടച്ചുനീക്കിക്കൊണ്ട് രാജ്യത്തിന് അഭിമാനത്തിന്റെ ഒരു പുതിയ സ്രോതസും സ്വത്വവും നല്കാന്‍ ശ്രമിച്ച ഭരണകൂടം വംശീയതയില്‍ പാതി പരിഹാരം തേടി.”
സിനാന്റെതടക്കം 64,000 കുഴിമാടങ്ങള്‍ 1930-കളുടെ പകുതിയില്‍ തുറക്കുകയും പലവിധ ‘നരവംശ പഠനങ്ങള്‍ക്ക്’ വിധേയമാക്കുകയും ചെയ്തു. 1938-ല്‍ അത്താതുര്‍കിന്റെ മരണശേഷവും രണ്ടാം ലോകമഹായുദ്ധത്തില്‍ യൂറോപ്പില്‍ ഫാസിസത്തിന്റെ പരാജയത്തിന് ശേഷവുമാണ് ഈ പ്രവണത ഒന്നു ശമിച്ചത്. സീനാന്റെ തലയോട്ടി ഏതെങ്കിലും സ്വകാര്യ ശേഖരത്തിലേക്ക് പോയിട്ടുണ്ടാകാമെന്നോ അല്ലെങ്കില്‍ ഏതോ സര്‍വകലാശാലയില്‍ പൊടിപിടിച്ചു കിടക്കാം എന്നോ, അതോ തിരിച്ചറിയാനാകാത്തവിധം കേടുവന്നിരിക്കാം എന്നും കരുതുന്നുണ്ട്.
തങ്ങളുടെ അമ്പരപ്പിക്കുന്ന വൈവിധ്യമുള്ള അധീനപ്രദേശങ്ങള്‍ മൂലമാകാം 16-ആം നൂറ്റാണ്ടിലെ ഓട്ടോമന്‍ ഭരണാധികാരികള്‍ സിനാന്റെ വംശീയ പശ്ചാത്തലത്തെക്കുറിച്ച് അത്ര ആകുലരായിരുന്നില്ല. അതേസമയം ദാവുതോഗ്ലൂവിന്റെ ഒന്നര പതിറ്റാണ്ടോളമായി അധികാരത്തിലുള്ള ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ടി,AKP, ഈ നഷ്ടാവശിഷ്ടങ്ങളെ ഒരു പ്രതീകമാക്കുന്നതിന് കൃത്യമായ കാരണങ്ങളുണ്ട്.
ആധുനിക തുര്‍ക്കിയുടെ ചരിത്രത്തിലെ ഏത് ഭരണാധികാരിയെക്കാളും കൂടുതല്‍ കാര്യങ്ങളാണ് ഓട്ടോമന്‍ ഭൂതകാലത്തെ പുനരധിവസിപ്പിക്കാന്‍ AKP സ്ഥാപകരിലൊരാളായ തുര്‍ക്കി പ്രസിഡണ്ട് റിസപ് തയ്യിപ് ഏര്‍ദോഗാന്‍ ചെയ്തിട്ടുള്ളത്. ഏര്‍ദോഗാനും സഖ്യകക്ഷികളും അത്താതുര്‍ക്കിന്റെ കടുത്ത മതേതരത്വത്തില്‍ നിന്നും മതാധിഷ്ഠിതമായ തലത്തിലേക്ക് തുര്‍ക്കി രാഷ്ട്രീയത്തെ പ്രതിഷ്ഠിച്ചു. കഴിഞ്ഞ നവംബറില്‍ തന്റെ കക്ഷി പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയപ്പോള്‍ ഏര്‍ദോഗാന്‍ ഓട്ടോമന്‍ ചക്രവര്‍ത്തിമാര്‍ കിരീടധാരണം നടത്താറുള്ള ഇസ്താംബൂള്‍ പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ നടത്തി.
“തലയോട്ടി വേര്‍പ്പെടുത്തിക്കൊണ്ട് അവര്‍ സിനാന്റെ ഓര്‍മ്മകളെ അപമാനിച്ചു,” എന്നു ദാവുതോഗ്ലൂ സുലെയ്മാനിയ പള്ളിക്ക് മുന്നില്‍ നിന്നു വിലപിച്ചു. “സീനാന്‍ ഒരു നാഗരികതയെ മുഴുവന്‍ ഒന്നിപ്പിച്ചു നമുക്കായിത്തന്നു, നമുക്കോ, അയാളുടെ ശരീരം പോലും സരക്ഷിക്കാനായില്ല.”
മുന്‍ തുര്‍ക്കി സര്‍ക്കാരുകളില്‍ നിന്നും വ്യത്യസ്തമായി അത്താതുര്‍ക്കിന്റെ ദേശീയതയുടെ നിഷേധാത്മക വശങ്ങള്‍ വെളിവാക്കാനും AKP വലിയ ശ്രമങ്ങള്‍ നടത്തുന്നു. തുര്‍ക്കിയിലെ വലിയ വംശീയ ന്യൂനപക്ഷമായ കുര്‍ദുകളുടെ സാംസ്കാരികാവകാശങ്ങളെ തീരെ അപര്യാപ്തം എന്ന വിമര്‍ശം ഉണ്ടെങ്കിലും, നാമമാത്രമായെങ്കിലും അവര്‍ അംഗീകരിച്ചു. ഒരു നൂറ്റാണ്ടുമുമ്പ് നടന്ന അര്‍മീനിയന്‍ വംശഹത്യയുടെ ചരിത്രത്തെ നേരിടാനും അവര്‍ ശ്രമം നടത്തുന്നു.
തുര്‍ക്കി പ്രധാനമന്ത്രി അഹമത് ദാവുതോഗ്ലൂ
എന്നാല്‍ സീനാന്‍ തലയോട്ടി വിഷയത്തില്‍ രാഷ്ട്രീയ അവസരവാദമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
“അത്തരമൊരു തലയോട്ടി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് 1930-കളിലെ അപമാനകരമായ സമീപനമായി കാണും. പക്ഷേ മറ്റ് നിന്ദ്യമായ സമീപനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇതൊന്നുമല്ല,” തുര്‍ക്കി ചരിത്രകാരന്‍ ഐസെ ഹര്‍ ന്യൂനപക്ഷങ്ങള്‍ക്കും വംശീയ വിമതര്‍ക്കും എതിരായ അടിച്ചമര്‍ത്തലുകളെ സൂചിപ്പിച്ചുകൊണ്ടു പറഞ്ഞു.
അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന വിമതരെ ഇല്ലാതാക്കുന്ന ഒരു ഭൂരിപക്ഷ സമഗ്രാധിപത്യ ഭരണകൂടമാണ് ഏര്‍ദോഗാനും AKP-യും സൃഷ്ടിക്കുന്നതെന്ന് എതിരാളികള്‍ ആരോപിക്കുന്നു.
“സിനാന്റെ തലയോട്ടി അന്വേഷിക്കുന്ന ദാവുതോഗ്ലൂ താന്‍കൂടി ഉത്തരവാദിയായ AKP-ക്കു കീഴില്‍ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ സൂത്രധാരന്മാരെ അന്വേഷിക്കാത്തതെന്താണ്,” ഹര്‍ ചോദിക്കുന്നു.
This post was last modified on April 29, 2016 8:03 am
Leave a Comment