അഴിമുഖം പ്രതിനിധി
പറഞ്ഞവാക്ക് പാലിക്കാത്ത രാഷ്ട്രീയക്കാരെ പരിഹസിച്ച് അര്‍ജുന അവാര്‍ഡ് ജേതാവും ഇന്ത്യന്‍ വോളിബോള്‍ താരവുമായ ടോം ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തന്റെ വീട്ടിലേക്കുള്ള തകര്‍ന്ന റോഡ് ശ രിയാക്കി തരാമെന്ന് അര്‍ജുന അവാര്‍ഡ് ലഭിച്ച സമയത്ത് തനിക്ക് നല്‍കിയ സ്വീകരണത്തില്‍ മന്ത്രിയും എംഎല്‍എയും വാഗ്ദാനം ചെയ്തതാണെങ്കിലും ഇപ്പോഴും റോഡിന്റെ അവസ്ഥയ്ക്ക് മാറ്റമില്ലെന്നും കൂടുതല്‍ അപകടരമായെന്നും ടോം പറയുന്നു. ഈ റോഡിലൂടെ വോട്ട് അഭ്യര്‍ത്ഥിച്ചു വരുന്നവര്‍ സൂക്ഷിക്കണമെന്നും തട്ടിവീണാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഒരു ഓട്ടോപോലും കിട്ടില്ലെന്നും ടോം പറയുന്നു. ടോം ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
പ്രിയമുള്ള നേതാക്കന്മാരേ,
നിങ്ങള്‍ വോട്ടുതേടിയുള്ള ഓട്ടത്തിലായിരിക്കുമല്ലോ, അല്ലേ…. വോട്ടുപിടിക്കാന്‍ എന്റെ നാടായ കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തിലെ കാവിലും പാറയിലേക്ക് നിങ്ങളെല്ലാം വരുമല്ലോ. ആ വഴി വരുമ്പോള്‍ ഒന്നു സൂക്ഷിക്കണേ. എന്റെ വീട്ടിലേക്കുള്ള റോഡ് മുഴുവന്‍ തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്. സൂക്ഷിച്ചു നടന്നില്ലെങ്കില്‍ തട്ടി വീഴും. വീഴുന്നത് ഇളകിത്തെറിച്ചുകിടക്കുന്ന മെറ്റല്‍ക്കൂമ്പാരത്തിലേക്കായിരിക്കും. വോട്ടു പിടിക്കാന്‍ വന്ന് തട്ടിയടിച്ച് വീണാല്‍ ആശുപത്രിയിലെത്തിക്കാന്‍ ഒരു ഓട്ടോ പോലും കേറാത്ത റോഡാണേ ചേട്ടന്മാരേ…
എനിക്ക് അര്‍ജുന അവാര്‍ഡ് ലഭിച്ചപ്പോള്‍ കോഴിക്കോട്ട് യോഗം നടത്തി അനുമോദിക്കാന്‍ നിങ്ങളെല്ലാം ഉണ്ടായിരുന്നു. അന്ന് ഞാന്‍ ഈ റോഡ് തകര്‍ന്ന് കിടക്കുന്നത് സൂചിപ്പിച്ചപ്പോള്‍ മന്ത്രിയും എം.എല്‍.എയും പഞ്ചായത്ത് പ്രസിഡന്റുമെല്ലാം ഇപ്പോ ശര്യാക്കിത്തരാമെന്നാണ് പറഞ്ഞത്. പക്ഷേ എപ്പോ ശശിയാക്കിത്തരാമെന്നാണ് ഉദ്ദേശിച്ചതെന്ന് മനസിലായിരുന്നില്ല. അന്ന് മന്ത്രി അനുവദിച്ച അഞ്ചുലക്ഷത്തിന് ഈ റോഡില്‍ മെറ്റലിട്ടതാണ് ഇപ്പോള്‍ വലിയ കുരിശ്. ഇട്ടവര്‍ മടങ്ങിയതിന് പിന്നാലെ ആ മെറ്റല്‍ക്കഷണങ്ങളെല്ലാം ഇളകിയിങ്ങ് പോന്നു. അതു വരെ നടന്നെങ്ങിലും പോകാമായിരുന്നു. ഇപ്പോള്‍ അതും വയ്യ.
കഴിഞ്ഞയാഴ്ച ഗോവയില്‍ വച്ച് കളിക്കിടെ എന്റെ കാലിന് പരിക്കേറ്റു. കോഴിക്കോട് ബേബി മെമ്മോറിയലില്‍ ഓപ്പറേഷന്‍ കഴിഞ്ഞ് കിടക്കുകയാണ്. ആഴ്ചയിലൊരിക്കല്‍ ചെക്കപ്പിന് ആശുപത്രിയില്‍ പോകേണ്ടിവരും. ഇവിടെ താമസിച്ചാല്‍ എന്നെ കട്ടിലോടെ പൊക്കിയെടുത്തേ ആശുപത്രിയിലെത്തിക്കാനാകൂ. അതിനാല്‍ ജോലിചെയ്യുന്ന കൊച്ചിയിലേക്ക് പോവുകയാണ്. ഇനി ആഴ്ചയിലൊരിക്കല്‍ കൊച്ചി എറണാകുളം ആംബുലന്‍സ് ട്രിപ്പടിക്കാം. എന്റെ കാര്യം പോട്ടെ. ഞങ്ങളുടെ വീടിന് മുകളിലായി കാലു വയ്യാത്ത ഒരു ചേച്ചിയുണ്ട്:. ആ പാവം വര്‍ഷങ്ങളായി അനുഭവിക്കുന്ന സങ്കടം എന്തായിരിക്കും.
എന്നു കരുതി നിങ്ങള്‍ ഇതൊന്നും വലിയ കാര്യമാക്കേണ്ട കേട്ടോ…. ഇതുവഴി ഇനിയും വരില്ലേ വോട്ടുകളും ആട്ടിത്തെളിച്ചുകൊണ്ട്…
This post was last modified on December 27, 2016 4:03 pm
Leave a Comment