X

ജക്കാര്‍ത്തയില്‍ സ്‌ഫോടനങ്ങളും വെടിവയ്പ്പും

അഴിമുഖം പ്രതിനിധി

ജക്കാര്‍ത്തയില്‍ നടന്ന വിവിധ സ്‌ഫോടനങ്ങളിലും പൊലീസും ഭീകരരും തമ്മിലെ വെടിവയ്പ്പിലും ആറു പേര്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് സ്‌ഫോടന പരമ്പരയും ഏറ്റുമുട്ടലും ഉണ്ടായത്.ഭീകരര്‍ ഒരു തിയേറ്റര്‍ സമുച്ചയത്തില്‍ ഒളിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. മൂന്ന് പൊലീസുകാരും മൂന്ന് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വക്താവ് അറിയിച്ചു. രാഷ്ടപതിയുടെ കൊട്ടാരം, യുഎന്‍ ഓഫീസ്, മാള്‍ എന്നിവ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ ഇടത്താണ് ആക്രമണം നടന്നിരിക്കുന്നത്.

പാകിസ്താന്‍, തുര്‍ക്കി എംബസികള്‍ക്ക് മുന്നിലും സ്‌ഫോടനമുണ്ടായതായി ഇന്തോനേഷ്യന്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌ഫോടനങ്ങള്‍ക്കുശേഷം സരിനാഹ് ഷോപ്പിംഗ് മാളിന് പുറത്ത് വന്‍തോതില്‍ പൊലീസുകാര്‍ എത്തുകയും അക്രമികളുമായി വെടിവയ്പ്പുണ്ടാകുകയും ചെയ്തു. രാഷ്ട്രപതിയുടെ കൊട്ടാരത്തിന് ഒന്നര കിലോമീറ്റര്‍ അകലെയാണ് ഒരു ബോംബ് സ്‌ഫോടനം നടന്നത്.

പടിഞ്ഞാറന്‍ ജക്കാര്‍ത്തയിലെ പാല്‍മേറയില്‍ ഒരു സ്‌ഫോടനം നടന്നതായി മാധ്യമങ്ങളുടെ ട്വീറ്റ് സന്ദേശം ഉണ്ട്.

ജക്കാര്‍ത്തയില്‍ കനത്ത വെടിവയ്പ്പ് നടക്കുന്നതായി യുഎന്‍ ഉദ്യോഗസ്ഥന്‍ ജെറമി ഡഗ്ലസ് ട്വീറ്റ് ചെയ്തു. അദ്ദേഹം താമസിക്കുന്ന ഹോട്ടലിന് സമീപത്ത് ഒരു ചാവേര്‍ എത്തിയതായും ട്വീറ്റ് സന്ദേശത്തില്‍ പറയുന്നു.

സര്‍ക്കാര്‍ ഉദ്യോസ്ഥരേയും വിദേശികളേയും മറ്റും ആക്രമിക്കാനുള്ള ഇസ്ലാമിക ഭീകരരുടെ നീക്കത്തെ പരാജയപ്പെടുത്തിയെന്ന് അവകാശപ്പെട്ട ഇന്തോനേഷ്യ ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

This post was last modified on December 27, 2016 3:36 pm