X

അമുസ്ലീങ്ങളെ അകറ്റി നിര്‍ത്താന്‍ ആഹ്വാനം ചെയ്ത ഇസ്ലാമിക് പ്രഭാഷകനെതിരെ ഐബി അന്വേഷണം

അഴിമുഖം പ്രതിനിധി

മതവിദ്വേഷ പ്രസംഗം നടത്തിയതിന് ഇസ്ലാമിക് പ്രഭാഷകന്‍ ഷംസുദ്ദീന്‍ ഫരീദിനെതിരെ ഐബി അന്വേഷണം. അമുസ്ലിങ്ങളെ അകറ്റി നിര്‍ത്തണമെന്ന് ഷംസുദ്ദീന്‍ പ്രസംഗിച്ചതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷംസുദ്ദീന്‍റെ പ്രകോപനപരമായ പ്രസംഗങ്ങള്‍ മുന്‍നിര്‍ത്തി പോലീസും ഇന്‍റലിജന്‍സ് ബ്യൂറോയും അന്വേഷണം ആരംഭിച്ചു.

കണ്ണൂരില്‍ മദ്രസാ അധ്യാപകനാണ് 42കാരനായ ഷംസുദ്ദീന്‍ ഫരീദ്. മുമ്പ് മലപ്പുറം അറബിക് കോളജില്‍ അധ്യാപകനായിരിക്കെ വിദ്യാര്‍ഥികളോട് ലൈംഗികാധിക്ഷേപം നടത്തിയതിന് കോളേജ് ഷംസുദ്ദീനെ പുറത്താക്കിയിരുന്നു. വിദ്യാര്‍ഥികളുടെ പരാതിയിന്മേല്‍ 2012ല്‍ പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍, മുസ്ലിം സംഘടനകളായ സിമിക്കും ജമാ അത് ഇസ്ലമിക്കും എതിരെ ക്യാംപെയ്ന്‍ നടത്തിയതിന് തനിക്കെതിരെ കെട്ടിച്ചമച്ച കേസാണതെന്നാണ് ഷംസുദ്ദീന്‍റെ ആരോപണം.

ഫരീദിന്‍റെ പ്രഭാഷണങ്ങള്‍ അമുസ്ലിങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്നില്ല. പക്ഷെ, വിശ്വാസികള്‍ അമുസ്ലിങ്ങളില്‍ നിന്ന് അകന്നു നില്‍ക്കണമെന്ന വിദ്വേഷം പടര്‍ത്തുന്ന തരത്തിലുള്ളവയാണ്. കൂടുതല്‍ അമുസ്ലിങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ താമസിക്കരുതെന്നും പ്രസംഗങ്ങളില്‍ ഇയാള്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അന്വേഷണത്തിനായി ഷംസുദ്ദീന്‍റെ പ്രസംഗങ്ങളുടെ വീഡിയോ ശേഖരിച്ചു തുടങ്ങിയതായി കണ്ണൂരിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. 

ഷംസുദ്ദീന്‍ തീവ്രമായ നവസഫലിസത്തിന്‍റെ വക്താവാണ്. എന്നാല്‍ ഐഎസിന് എതിരെയാണ് ഷംസുദ്ദീന്‍റെ പ്രഭാഷണങ്ങള്‍. ഇസ്ലാമിക് സ്റ്റേറ്റിനെ താന്‍ അംഗീകരിക്കില്ല. സലഫി തത്വങ്ങള്‍ക്കനുസൃതമായി താന്‍ ഐഎസിനും സിമി പോലെയുള്ള സംഘടനകള്‍ക്കും താന്‍ എതിരാണെന്നും ഷംസുദ്ദീന്‍ ഒരു ദേശീയമാധ്യമത്തോട് പ്രതികരിച്ചു.

എന്നാല്‍ ഷംസുദ്ദീന്‍ മൃദു ഭാഷിയായ ആളാണെന്നും എന്നാല്‍ പ്രസംഗങ്ങളിലൂടെ വിവാദ പരാമര്‍ശങ്ങള്‍ നടത്താറുണ്ടെന്നുമാണ് അയാളുമായി അടുത്ത ബന്ധമുള്ളയാളുകള്‍ പറഞ്ഞത്. 

This post was last modified on December 27, 2016 2:29 pm