X

ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്റെ മരണം ഹ്രസ്വചിത്രമാകുന്നു

ഹരിത ഹരിദാസ്

മുന്നില്‍ മരിച്ചു കിടക്കുന്നത് യുദ്ധത്തിനുവന്ന ശത്രുവാണെങ്കിലും അവന്റെ കുടുംബത്തിനു അവസാനമയി ഒരു നോക്ക് കാണുവാന്‍ ചിന്നി ചിതറിയ ഒരു ശരീരമല്ല കൊടുത്തു വിടേണ്ടതെന്നു പറഞ്ഞു കൊണ്ട് നിരഞ്ജന്‍ ആ മൃതശരീരത്തിനടുതെക്ക് നടന്നു നീങ്ങി. പിന്നീട് എല്ലാം ഒരു പൊട്ടിച്ചിതറലില്‍ അവസാനിച്ചു. ഇത്, രാജ്യം ഒട്ടാകെ അലയടിച്ച പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന്റെ അന്ത്യനിമിഷങ്ങളുടെ ഓര്‍മ്മയില്‍ ഒരുങ്ങുന്ന ഹ്രസ്വചിത്രത്തിലെ ഒരു രംഗം.

മമ്മൂട്ടി നായകനായ ‘പട്ടാളം’ എന്ന ചലച്ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ച റെജി നായരുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘വാര്‍ ഫ്രണ്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നിരഞ്ജന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

മലപ്പുറം വേങ്ങരക്കടുത്ത് ചെരുപ്പടി മലയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘വാര്‍ ഫ്രന്റി’ല്‍ നിരഞ്ജനായി നാടകനടന്‍ പ്രമോദ് കോഴിക്കോട് വേഷമിടുന്നു. യുദ്ധമെന്നത് കണ്ണുനീരാണെന്നും കോട്ടങ്ങള്‍ക്ക് മാത്രം വഴിയൊരുക്കുമെന്നും ‘വാര്‍ ഫ്രണ്ട്’ നമ്മളോരോരുത്തരെയും ഓര്‍മ്മിപ്പിക്കുന്നു.

ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള വാര്‍ ഫ്രന്റിന്റെ സംഗീതസംവിധാനം ഔസേപ്പച്ചന്‍ നിര്‍വഹിക്കുന്നു. സ്‌ട്രൈക്കര്‍ മീഡിയയുടെ ബാനറില്‍, റിപ്പബ്ലിക്ക് ദിനത്തില്‍, തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ഹാളില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ്, രതിന്‍ രാധാകൃഷ്ണനും ക്യാമറ, ലാല്‍ ബാബുവും കൈകാര്യം ചെയ്യുന്നു.

(മാധ്യമ വിദ്യാര്‍ത്ഥിനിയാണ് ലേഖിക)

This post was last modified on December 27, 2016 3:36 pm