X

ആറ് ബില്ലുകള്‍, മൂന്ന് ദിവസം: ദോശ പോലെ ബില്ല് ചുട്ടെടുക്കാന്‍ പാര്‍ലമെന്റ്

അഴിമുഖം പ്രതിനിധി

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കാന്‍ കേവലം മൂന്ന് ദിനം മാത്രമുള്ളപ്പോള്‍ അവശേഷിക്കുന്ന ബില്ലുകള്‍ നിയമം ആക്കിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. സമവായത്തിലെത്തിയ ബില്ലുകള്‍ പാസാക്കാമെന്ന് വെള്ളിയാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം ആയിരുന്നു.

എസ് ടി എസ് സി ബില്‍, അറ്റോമിക് എനര്‍ജി ബില്‍ തുടങ്ങിയ ബില്ലുകള്‍ ഈ മൂന്നു ദിവസങ്ങളില്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുനാലും പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ പാസാക്കുമെന്ന് ഏറെ പ്രതീക്ഷ ഉയര്‍ത്തിയ ചരക്കു സേവന നികുതി പാസാക്കാന്‍ ഇടയില്ല.

നാഷണല്‍ ഹെറാള്‍ഡ് കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം ഈ സമ്മേളന കാലയളവിലെ ഏറെ ദിനങ്ങളും പാര്‍ലമെന്റ് സ്തംഭിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് മുതല്‍ പാര്‍ലമെന്റ് സുഗമമായി പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണ് പാര്‍ലമെന്ററി കാര്യ മന്ത്രി എം വെങ്കയ്യ നായിഡു പുലര്‍ത്തുന്നത്. പക്ഷേ, ധനകാര്യ മന്ത്രി അരുണ്‍ജെറ്റ്‌ലിക്ക് എതിരെ ബിജെപി എംപിയായ കീര്‍ത്തി ആസാദ് ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ ഇന്ന് പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ നായിഡുവിന്റെ പ്രതീക്ഷകള്‍ ബഹളത്തില്‍ മുങ്ങിപ്പോകാനാണ് സാധ്യത.

പ്രധാനപ്പെട്ട ബില്ലുകള്‍ പാസാക്കുന്നതിന് സഹകരിക്കണമെന്ന് നായിഡു അഭ്യര്‍ത്ഥിച്ചിരുന്നു. ഉപരിസഭയായ രാജ്യസഭയില്‍ എല്ലാദിവസങ്ങളും പ്രതിപക്ഷം സ്തംഭിപ്പിച്ചിരുന്നു. ഇവിടെ 18 ബില്ലുകളാണ് തീരുമാനം കാത്ത് കിടക്കുന്നത്. ഈ സമ്മേളനത്തില്‍ ഒരു പുതിയ ബില്ലും രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ ഭരണപക്ഷത്തിനായിട്ടില്ല. അതേസമയം ചെക്ക് മടങ്ങുന്ന കേസുകള്‍ സംബന്ധിച്ച ഒരു ബില്ല് മാത്രമാണ് പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ പാസാക്കിയിട്ടുള്ളത്.

രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള എസ് ടി, എസ് സി ബില്‍ പാസാക്കാന്‍ വിശാലമായ രാഷ്ട്രീയ സമവായം ഉളവായിട്ടുണ്ട്. ഡിസംബര്‍ 14-നാണ് ഈ ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ഇന്ന് ചര്‍ച്ച ചെയ്യാനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. നവംബര്‍ 26-നാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത്.

This post was last modified on December 27, 2016 3:32 pm