X

ഗോവധ നിരോധനത്തിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം: ഇക്കുറി ഡല്‍ഹിയില്‍

എരുമയുടെ കിടാവുകളുമായി യാത്ര ചെയ്ത ആറംഗ സംഘത്തിനാണ് ആക്രമണം നേരിടേണ്ടി വന്നത്

ഗോവധ നിരോധനത്തിന്റെ പേരില്‍ ആള്‍ക്കൂട്ടം നടത്തുന്ന ആക്രമണം രാജ്യത്ത് തുടരുന്നു. ഇന്ന് രാവിലെ ഡല്‍ഹിയിലെ ഹരിദാസ് നഗറില്‍ നിന്നാണ് ഏറ്റവും പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എരുമയുടെ കിടാവുകളുമായി യാത്ര ചെയ്ത ആറംഗ സംഘത്തിനാണ് ആക്രമണം നേരിടേണ്ടി വന്നത്. ഇവര്‍ സഞ്ചരിച്ച വാഹനവും ജനക്കൂട്ടം അടിച്ചുതകര്‍ത്തു.

സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗോസംരക്ഷണത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ ആക്രമണമുണ്ടായിരിക്കുന്നത്. മഹാത്മാഗാന്ധി ഇത്തരം ആക്രമണങ്ങള്‍ അംഗീകരിക്കില്ലെന്നും ഗാന്ധിജിയുടെ നാട്ടില്‍ പശുവിന്റെ പേരിലുള്ള വധങ്ങള്‍ അനുവദിക്കില്ലെന്നുമാണ് അന്ന് പ്രധാനമന്ത്രി പറഞ്ഞത്.

എന്നാല്‍ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ഝാര്‍ഖണ്ഡില്‍ ഗോവധ നിരോധനത്തിന്റെ പേരില്‍ ആക്രമണമുണ്ടായിരുന്നു. ഹരിയാനയില്‍ 15 വയസ്സുകാരനായ ജുനൈദിനെ ജനക്കൂട്ടം ട്രെയിനില്‍ വച്ച് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത് വിവാദമായപ്പോഴാണ് പ്രധാനമന്ത്രി ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. സീറ്റിന്റെ പേരിലുള്ള തര്‍ക്കത്തിനിടെ ബീഫ് തീറ്റക്കാരന്‍ എന്നാരോപിച്ചായിരുന്നു ജുനൈദിന് നേരെ ആക്രമണമുണ്ടായത്.

This post was last modified on July 8, 2017 5:33 pm