X

അരുതുകളുടെ ശാസനകളെ അവര്‍ ഇന്ന് പുഞ്ചിരിയോടെ എതിര്‍ക്കും

അഴിമുഖം പ്രതിനിധി

കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക ചരിത്രത്തില്‍ ഇടം നേടിയ തൃശൂരിലെ തേക്കിന്‍കാട് മൈതാനത്ത് മതമൗലികവാദികളുടെ പുത്തന്‍ ശാസനകള്‍ക്കെതിരെ ഇന്ന് വ്യത്യസ്തമായൊരു പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുന്നു. സദാചാരത്തിന്റെ പേരില്‍ തേക്കിന്‍ക്കാട് മൈതാനത്ത് നിന്ന് മനുഷ്യസ്വാതന്ത്ര്യത്തെ പടിയിറക്കുന്നവര്‍ക്കെതിരെ ‘സ്‌മൈലിംഗ് വെനസ്‌ഡേ’ എന്നു പേരിട്ടിരിക്കുന്ന സാംസ്‌കാരിക പ്രതിഷേധമാണ് നടത്തുന്നത്. മൈതാനത്ത് ആണ്‍-പെണ്‍കുട്ടികള്‍ ഒരുമിച്ചിരിക്കുന്നതിനെയും ഫൈന്‍ ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ മൈതാനിത്തിരുന്ന് ചിത്രം വരയ്ക്കുന്നതിനെയും അഹിന്ദുക്കള്‍ ഇവിടെക്ക് പ്രവേശിക്കുന്നതിനെയും ഹൈന്ദവ സംഘടനകള്‍ എതിര്‍ക്കുകയാണ്. ജനാധിപത്യവിരുദ്ധവും ഫാസിസ്റ്റ് മനോഭാവത്തോടെയുള്ളതുമായ ഈ നടപടിക്കെതിരെ ഒരു സര്‍ഗ്ഗാത്മക സായാഹ്നം പൊതുസമൂഹത്തിന്റെ പിന്തുണയോടെ ഇന്ന് സംഘടിപ്പിക്കപ്പെടുമ്പോള്‍ അത് പ്രതിഷേധത്തിന്റെ പുതിയൊരുഭവമായിരിക്കും കേരളത്തിനു മുന്നില്‍ ദൃശ്യവത്കരിക്കുക. 

ചിരിച്ചും പാട്ടുപാടിയും കൂട്ടംകൂടിയും വിശേഷം പറഞ്ഞും കഥ പറഞ്ഞും പടം വരച്ചുമെല്ലാം ഈ സായാഹ്നം ആഘോഷിക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. 

ഒരുമിച്ചിരിക്കരുത് എന്നു പറയുന്നവരോട്, ഞങ്ങളിതാ ഒരുമിച്ചിരിക്കുന്നു, ഒരു ഭൂമികുലുക്കവും ഉണ്ടാവുന്നില്ലായെന്ന് പറയാന്‍ കഴിയണം. പാടരുത് എന്നു പറയുന്നവരോട് ഞങ്ങളിതാ പാടുന്നു ആകാശം പൊട്ടി വീഴുന്നില്ലായെന്നു പറയാന്‍ പറ്റണം. തമ്മില്‍ മിണ്ടരുത് എന്നു പറയുന്നവരോട് ഞങ്ങളിതാ മിണ്ടുന്നു മനോഹരങ്ങളായ കവിതകളല്ലാതെ മറ്റൊന്നും ഞങ്ങളില്‍ നിന്നുണ്ടാവുന്നില്ലായെന്നു പറയണം– എന്നാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവയ്ക്കുന്ന സമരമുദ്രാവാക്യം. അരുതുകളുടെ എണ്ണംകൂടിവരുന്നൊരു കാലത്ത് അതിനെതിരെ പുഞ്ചിരിയോടെ നിഷേധത്തിന്റെ തലയാട്ടം നടത്തുന്ന ഒരുകൂട്ടം യുവാക്കള്‍ ഒത്തുചേര്‍ന്നു നടത്തുന്ന ഈ സര്‍ഗ്ഗാത്മക കൂട്ടായ്മയിലേക്ക് കൂടുതല്‍ പേരെ കൂട്ടുകൂടാന്‍ ഇവര്‍ ക്ഷണിക്കുകയാണ്. കൂട്ടുകൂടല്‍ തന്നെയാണ് ഏറ്റവും വലിയ രാഷ്ട്രീയപ്രവര്‍ത്തനമെന്നും ഇവര്‍ ഓര്‍മ്മപ്പെടുത്തുന്നു.

This post was last modified on December 27, 2016 2:51 pm