X

‘സ്പെല്ലിംഗ് ശ്രദ്ധിക്കൂ ആന്‍റിജി’, സ്മൃതി ഇറാനിക്ക് ഇരുപത്തൊന്നുകാരന്‍റെ ഉപദേശം

അഴിമുഖം പ്രതിനിധി

ഒടുവില്‍ സ്മൃതി ഇറാനിയെ താന്‍ പറഞ്ഞ വാക്കുകള്‍ തന്നെ തിരിഞ്ഞുകൊത്തി. കൂട്ടത്തില്‍ അഹമ്മദാബാദിലെ ഇരുപത്തൊന്നുകാരന്‍റെ വക ഫ്രീയായിട്ടൊരു ഉപദേശവും കിട്ടി.

‘Governor’എന്നെഴുതേണ്ടതിന് പകരം ‘governer’എന്ന് തെറ്റി ട്വീറ്റ് ചെയ്തതാണ് സ്മൃതി ഇറാനിക്ക് വിനയായത്. ഇത് ചൂണ്ടിക്കാണിച്ച് സരള്‍ പട്ടേല്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഗ്രാമര്‍ തെറ്റിച്ചതിന് കഴിഞ്ഞ ആഴ്ച സ്മൃതി ഇറാനി കണക്കിന് കളിയാക്കിയ അഹമ്മദാബാദുകാരന്‍ സരള്‍ പട്ടേലിന് ഇത് മധുരപ്രതികാരമായി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സരള്‍ പട്ടേല്‍, സ്മൃതി ഇറാനിയുടെ കളിയാക്കലിന് ഇരയായത്. ബീഹാര്‍ വിദ്യാഭ്യാസ മന്ത്രി അശോക്‌ ചൌധരി ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള തന്‍റെ ട്വീറ്റില്‍ സ്മൃതി ഇറാനിയെ “ഡിയര്‍” എന്ന് അഭിസംബോധന ചെയ്തതാണ് വിവാദങ്ങളുടെ തുടക്കം. ഇതിനെതിരേ സ്മൃതി ഇറാനി രൂക്ഷമായി പ്രതികരിച്ചിരുന്നു. എല്ലാം കൂടിയായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുത്തു.

സോഷ്യല്‍ മീഡിയയില്‍ നടന്ന ചര്‍ച്ചകളിലാണ് സരള്‍ പട്ടേല്‍ പങ്കെടുക്കുകയും തന്‍റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തത്.

 “Had you went to college/University you would know that it’s a common practice to address people as ‘Dear’.”

ഇതായിരുന്നു സരള്‍ പട്ടേലിന്റെ കമന്റ്.

വ്യാകരണപ്പിശക് എവിടെ ആയാലും ക്ഷമിക്കാത്ത സ്മൃതി ഇറാനി സരള്‍ പട്ടേലിന് മറുപടിയും കൊടുത്തു.

“ഗ്രാമര്‍ ശ്രദ്ധിക്കൂ മോനേ” എന്നായിരുന്നു സ്മൃതിയുടെ ട്വീറ്റ്.

ഇന്നലെ ലക്നൌ യാത്രയിലായിരുന്ന സ്മൃതി ഇറാനി ഉത്തര്‍പ്രദേശ്‌ ഗവര്‍ണര്‍ റാം നായക്കുമായി ചേര്‍ന്ന് ചിത്രമെടുക്കുകയും അത് ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു. പോസ്റ്റ്‌ ചെയ്യുന്ന കൂട്ടത്തില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്ക് ഒരക്കിടി പറ്റിപ്പോയി. ‘governor’ എന്നെഴുതേണ്ടതിന് പകരം ‘governer” എന്നായിപ്പോയി ട്വീറ്റ് ചെയ്തത്.

സ്പെല്ലിംഗ് ശ്രദ്ധിക്കൂ ആന്‍റിജി എന്നായിരുന്നു പട്ടേല്‍ തിരിച്ച് ട്വീറ്റ് ചെയ്തത്. തുടര്‍ന്നുള്ള ട്വീറ്റുകളിലും പട്ടേല്‍ വിശദീകരിച്ചു.

“ഇതാണ് കാവ്യനീതി. മിനിയാന്ന് അവരെന്നോട് വ്യാകരണം ശരിയാക്കാന്‍ പറഞ്ഞു. ഇന്നവര്‍ അക്ഷരത്തെറ്റ് വരുത്തിയിരിക്കുന്നു. ബഹുമാന്യയായ അമ്മേ…ആ സ്പെല്ലിംഗ് ഒന്ന് ശ്രദ്ധിക്കൂ” എന്നായിരുന്നു സരള്‍ പട്ടേലിന്റെ തുടര്‍ന്നുള്ള ട്വീറ്റുകള്‍.

“അന്ന് ഞാന്‍ വളരെ സങ്കടപ്പെട്ടിരുന്നു. അങ്ങനെയൊരു തെറ്റ് ഞാന്‍ വരുത്താന്‍ പാടില്ലായിരുന്നു. അതുകൊണ്ട് മാത്രമാണ് എനിക്കന്ന് പഴി കേള്‍ക്കേണ്ടി വന്നത്. പക്ഷേ ഇന്ന് ഞാന്‍ വളരെ സന്തോഷവാനാണ്”- സരള്‍ പറഞ്ഞു.

സരള്‍ ട്വീറ്റ് ചെയ്ത് താമസിയാതെ സ്മൃതി പഴയ ട്വീറ്റ് നീക്കം ചെയ്ത് അക്ഷരത്തെറ്റ് ഇല്ലാത്ത പുതിയ ട്വീറ്റ് പോസ്റ്റ്‌ ചെയ്തു.

എന്നിട്ടും സ്മൃതി രക്ഷപ്പെട്ടില്ലെന്നു മാത്രം.

“ഗവര്‍ണറുടെ സ്പെല്ലിംഗ് പഠിക്കാന്‍ സരളിന്റെ  ആന്‍റിക്ക് ഒരുമണിക്കൂറും എട്ട് മിനുട്ടും വേണ്ടി വന്നു”,- വിനയ് ദോകാനിയ ട്വീറ്റ് ചെയ്തു.

തെറ്റ് തിരിച്ചറിഞ്ഞാല്‍ സ്മൃതി ഇറാനി അത് തീര്‍ച്ചയായും നീക്കം ചെയ്യുമെന്നറിയാവുന്ന വിരുതന്മാര്‍ മുന്‍പേ തന്നെ സ്ക്രീന്‍ഷോട്ട് എടുത്തുവച്ചിരുന്നു. ഇതാണ് പിന്നീട് വൈറലായത്.

This post was last modified on December 27, 2016 4:17 pm