X

യു പിഎ സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിച്ചത് തെറ്റായിപ്പോയെന്ന് യെച്ചൂരി

അഴിമുഖം പ്രതിനിധി

ഇന്ത്യ-അമേരിക്ക ആണവക്കരാറിന്റെ പേരില്‍ ഇടതുപാര്‍ട്ടികള്‍ യു.പി.എ സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിക്കാനെടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.പകരം ജനങ്ങളെ സംഘടിപ്പിക്കാന്‍ സാധിക്കുമായിരുന്ന വിലക്കയറ്റത്തിന്റെ പേരിലായിരിക്കണമായിരുന്നു ഇത്തരം തീരുമാനം എടുത്തിരുന്നെങ്കില്‍ 2009ലെ പൊതുതിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പിന്തുണ നേടാന്‍ പറ്റുമായിരുന്നു. 

ആണവക്കരാറിനെ എതിര്‍ത്ത പാര്‍ട്ടി തീരുമാനം ശരിയായിരുന്നു. എന്നാല്‍ പിന്തുണ പിന്‍വലിക്കാന്‍ അത് ഒരു കാരണമാക്കരുതായിരുന്നുവെന്ന് പാര്‍ട്ടി തന്നെ വിലയിരുത്തിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹംഇങ്ങനെ അഭിപ്രായപ്പെട്ടത്. 

ആണവക്കരാര്‍ ജനത്തിന്റെ പ്രശ്‌നമാക്കി അവതരിപ്പിച്ച് വോട്ടാക്കി മാറ്റാന്‍ 2009 ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. പിന്തുണ പിന്‍വലിച്ച സമയം തെറ്റിപ്പോയി.

യു.പി.എയുടെ പൊതുമിനിമം പരിപാടിയുടെ ഭാഗമല്ലാത്ത  ആണവക്കരാര്‍നടപ്പാക്കാന്‍ ഇന്ത്യയ്ക്ക്മേല്‍ അമേരിക്കയുടെ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. ആണവക്കരാറുമായി മുന്നോട്ട് പോകാനുള്ള തീരുമാനം കൈക്കൊണ്ടതോടെ യു.പി.എ ഇടതുപക്ഷത്തെ കൈയൊഴിയുകയായിരുന്നു.

സംഘടനാശക്തി വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക പ്ലീനം വിളിച്ചുചേര്‍ക്കും. വിവിധ മുന്നണികളിലായി ചിതറിക്കിടക്കുന്ന ഇടതുകക്ഷികളെ ഒന്നിപ്പിക്കുകയാണ്പാര്‍ട്ടിയുടെ ലക്ഷ്യം. ഭൂമി ഏറ്റെടുക്കല്‍ ബില്‍ പോലുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. എന്നാല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി ഒരു മുന്നണിയുടെ ഭാഗമാകില്ലെന്നും അദ്ദേഹം പറഞ്ഞു

This post was last modified on December 27, 2016 3:10 pm