X

“ടോള്‍സ്‌റ്റോയിയുടെ വാര്‍ ആന്‍ഡ് പീസിനൊപ്പം ഹിറ്റ്‌ലറുടെ ആത്മകഥയായ മെയ്ന്‍കാംഫ് കൂടി സൂക്ഷിക്കുന്നത് അപകട സാധ്യത കുറയ്ക്കും”; ജഡ്ജിയുടെ നിരീക്ഷണത്തിനെതിരെ പരിഹാസവും വിമര്‍ശനവും

യുദ്ധവും സമാധാനം മറ്റ് പ്രദേശത്തെ യുദ്ധത്തെക്കുറിച്ചെന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം

ഭീമ കൊറേഗാവ് സംഭവത്തില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ വെര്‍നോണ്‍ ഗോണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ ബോംബെ ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ  പരിഹാസവും വിമര്‍ശനവും. ജസ്റ്റീസ് സാരംഗ് കോട്വാളാണ് വിവാദ പരാമര്‍ശം നടത്തിയത്.

ഗോണ്‍സാല്‍വസിന്റെ വീട്ടില്‍ നടന്ന റെയ്ഡിനെക്കുറിച്ച് പ്രോസിക്യൂഷന്‍ നടത്തിയ വിവരണത്തിനിടെയായിരുന്നു ജഡ്ജിയുടെ വിവാദ പരാമര്‍ശം. ലിയോ ടോള്‍സ്‌റ്റോയിയുടെ യുദ്ധവും സമാധാനം, മാര്‍ക്‌സിസ്റ്റ് ആര്‍ക്കൈവ്‌സ്, ആനന്ദ് പട്വര്‍ധനന്റെ ജയ് ഭീം കോമ്രേഡിന്റെ സിഡി എന്നിവയാണ് ഗോണ്‍സാല്‍വസിന്റെ വീട്ടില്‍നിന്ന് കിട്ടിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഇതേ തുടര്‍ന്നാണ് വിവാദ പരാമര്‍ശം ജഡ്ജി നടത്തിയത്.

ടോള്‍സ്‌റ്റോറിയുടെ യുദ്ധവും സമാധാനവും എന്ന കൃതി മറ്റൊരു രാജ്യത്തെ യുദ്ധത്തെ കുറിച്ചുളളതാണ്. ഇത്തരം തെറ്റായ കാര്യങ്ങള്‍ നിങ്ങള്‍ എന്തിനാണ് സൂക്ഷിക്കുന്നത്. അതെക്കുറിച്ച് നിങ്ങള്‍ കോടതിക്ക് വിശദീകരണം നല്‍കേണ്ടിവരുമെന്നാണ് ബോംബെ ഹൈക്കോടതി ജഡ്ജി പറഞ്ഞത്. ഇതെക്കുറിച്ചാണ് സോഷ്യല്‍ മീഡയില്‍ വ്യാപകമായ ചര്‍ച്ചയായത്. യുദ്ധവും സമാധാനവും എന്ന വിഖ്യാത കൃതിയെ ഭീകരവാദവുമായി ബന്ധപ്പടുത്തി മനസ്സിലാക്കിയതാണ് വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാക്കിയത്.

ഇത്തരം അസംബന്ധങ്ങളെ നേരിടാനുള്ള വഴി വാര്‍ ആന്റ് പീസിന്റെ ഒരു കോപ്പി വാങ്ങി സൂക്ഷിക്കുകയാണെന്ന് പ്രശസ്ത സംഗീതജ്ഞനും പ്രഭാഷകനുമായ ടി എം കൃഷ്ണ പറഞ്ഞു.

നരേന്ദ്ര മോദി വാര്‍ ആന്റ് പീസ് വായിക്കുന്നതിന്റെ പഴയ ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു മറ്റ് ചിലരുടെ പരിഹാസം.

ടോള്‍സ്‌റ്റോയിയുടെ പുസ്തകത്തിനൊപ്പം ഹിറ്റ്‌ലറുടെ ആത്മകഥയായ മെയ്ന്‍ കാംഫുകൂടി സൂക്ഷിക്കുന്നത് അപകട സാധ്യത കുറയ്ക്കുമെന്നായിരുന്നു മറ്റ് ചിലരുടെ പരിഹാസം.

തന്റെ പുസ്തക ഷെല്‍ഫ് തന്നെ ദേശവിരുദ്ധമാണെന്നായിരുന്നു എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സിദ്ധാര്‍ത്ഥ് ഭാട്ടിയയുടെ പ്രതികരണം

ഒരു വര്‍ഷം മുമ്പാണ് സുധാ ഭരദ്വാജ്, ഗോണ്‍സാല്‍വെസ്, അരുണ്‍ ഫെരേര തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുവരെ ഇവര്‍ക്ക് ജാമ്യം കിട്ടിയിരുന്നില്ല.

This post was last modified on August 29, 2019 1:51 pm