X

അരുൺ പ്രസാദിന്റെ ‘OCD’ എന്ന കവിതയ്ക്ക് ‘ഫെമിനിസ്റ്റ് പാരഡി’: സോഷ്യൽ മീഡിയയിൽ വിവാദം

വിവാഹമോചനത്തിനു ശേഷം ഭർത്താവുമൊത്ത് താൻ താമസിച്ചിരുന്ന വീട്ടില്‍ സന്ദർശനം നടത്തുന്നതായി സങ്കൽപ്പിക്കുന്ന ഒരു സ്ത്രീയുടെ തോന്നലുകളാണ് അരുണിന്റെ കവിതയിൽ

അരുൺ പ്രസാദിന്റെ കവിതയിലെ സ്ത്രീപക്ഷരാഹിത്യം ചോദ്യം ചെയ്ത് ഒരു വിഭാഗം ഫെമിനിസ്റ്റുകൾ രംഗത്തെത്തിയത് സോഷ്യൽ മീഡിയയിൽ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ജിസ ജോസ് എന്ന പ്രൊഫൈൽ ഇദ്ദേഹത്തിന്റെ ‘OCD’ എന്നു പേരുള്ള ഒരു കവിതയ്ക്ക് പാരഡി എഴുതിയതോടെയാണ് ഈ വിവാദത്തിന് തുടക്കമായത്. വിവാഹമോചനത്തിനു ശേഷം ഭർത്താവുമൊത്ത് താൻ താമസിച്ചിരുന്ന വീട്ടില്‍ സന്ദർശനം നടത്തുന്നതായി സങ്കൽപ്പിക്കുന്ന ഒരു സ്ത്രീയുടെ തോന്നലുകളാണ് അരുണിന്റെ കവിതയിൽ. ഇതിൽ സ്ത്രീവിരുദ്ധതയുണ്ടെന്നാണ് സ്ത്രീപക്ഷവാദികളുടെ ആരോപണം.

ഭർത്താവുമൊത്ത് തങ്ങിയിരുന്ന വീട്ടിലേക്ക് സ്വപ്നയാത്ര നടത്തുന്ന സ്ത്രീക്ക് താൻ മുമ്പ് അവിടെ ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യുന്നതായി തോന്നലുണ്ടാകുന്നു. ഇതിന്റെ മനശ്ശാസ്ത്രപരമായ വിശദീകരണവും കവിതയിൽ തന്നെ കാണാം. തനിക്ക് ‘ഒബ്സസീവ് കമ്പൽഷൻ ഡിസോർഡർ’ ഉണ്ടെന്ന് കഥാപാത്രം പറയുന്നുണ്ട്. തന്നിൽ സമൂഹം ഏൽപ്പിച്ചിട്ടുള്ള ബാധ്യതകളെ രഹസ്യമായ വിചാരങ്ങളിലൂടെയോ പ്രവൃത്തികളിലൂടെയോ പൂർത്തീകരിക്കുകയും അതുവഴി സാമൂഹിക ഇടപെടൽ സാധ്യതകൾ ഒഴിവാക്കുന്നതിന് ഒഴികഴിവ് കണ്ടെത്തുകയും ചെയ്യുന്ന ഒരു കഥാപാത്രത്തെയാണ് അരുൺ പ്രസാദ് കവിതയിൽ അവതരിപ്പിക്കുന്നത്.

എന്നാൽ, കവിതയിലെ സ്ത്രീയുടെ പെരുമാറ്റം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന വാദമാണ് സ്ത്രീപക്ഷ നിലപാടുകളോടെ മുമ്പോട്ടു വെക്കുന്നത്. കവിതയിൽ അവതരിപ്പിച്ചിട്ടുള്ളത് ഒരു ‘കുലസ്ത്രീയെ’ ആണെന്നും അവർ ആരോപിക്കുന്നു. മറുപടിയായി ജിസ ജോസ് എഴുതിയ പാരഡിയിൽ വീട്ടുജോലികൾ ചെയ്യുക എന്ന, സാമൂഹികമായി അടിച്ചമർത്തപ്പെട്ട ഒരു സ്ത്രീയിൽ ഏൽപ്പിക്കപ്പെടാറുള്ള ബാധ്യതകളെ ഏറ്റെടുക്കാത്ത ഒരു സ്ത്രീയെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

തന്റെ കവിതയ്ക്ക് പാരഡിയെഴുതിയ ജിസ ജോസിന് അരുൺ പ്രസാദ് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകിയിട്ടുണ്ട്. അത് ഇപ്രകാരം പറയുന്നു: “കലയിലെ പൊളിറ്റിക്കൽ കറക്ട്നസിൽ വിശ്വസിക്കുന്ന ഒരാളല്ല എങ്കിൽ കൂടി കാലത്തെ പകർത്തുക എന്ന ഉദ്ദേശം കുലസ്ത്രീയെന്ന് നിങ്ങൾ പരിഹസിച്ച്‌ മാറ്റിനിർത്തുന്ന ഒരു സമൂഹത്തിൽ ഒരാളെങ്കിലും നിലനിൽക്കുന്നുണ്ടെങ്കിൽ അത്‌ അടയാളപ്പെടുത്തുവാൻ ഞാൻ ബാധ്യസ്ഥനാണ്‌. എനിക്കതിൽ ഒരു ലജ്ജയുമില്ല. കവിതയെ ലോജിക്ക്‌ കൊണ്ട്‌ അളക്കരുത്‌. നിങ്ങൾ അങ്ങനെ ഒരാൾ അല്ലാതിരിക്കാം. നിങ്ങൾക്കങ്ങനെ ആകേണ്ടതില്ലായിരിക്കാം. പക്ഷെ റിയാലിറ്റിയിൽ നിലനിൽക്കുന്ന അവരെപ്പറ്റി എഴുതുന്നതിനു ഒരാളെ റദ്ദ്‌ ചെയ്യുന്ന രീതിയിൽ പരിഹസിക്കുന്നത്‌ എന്തിനാണ്‌? കുലസ്ത്രീകളും, കുലഫെമിനിസ്റ്റുകളും, partriarchial ഫെമിനിസ്റ്റുകളും ഒക്കെ reality ആയ ഈ കാലഘട്ടത്തിൽ?”

വായനക്കാരും അല്ലാത്തവരും ഈ ചർച്ചയിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ജിസ ജോസിന് അരുൺ പ്രസാദ് എഴുതിയ മറുപടിയിൽ കവി വിഷ്ണുപ്രസാദും കമന്റ് ചെയ്ത് ഇടപെട്ടു. വിഷ്ണുപ്രസാദിന്റെ കമന്റ് ഇങ്ങനെ: “എന്ത് പോക്രിത്തരത്തിനും ലൈക്കടിക്കാനും ഷെയർ ചെയ്യാനും നല്ല വായനക്കാർ എന്ന് കരുതുന്നവർ തന്നെയുള്ളപ്പോൾ ഇവിടെ കവിതയെഴുതാതിരിക്കുകയാണ് ബുദ്ധി.”

ജിസ ജോസിന്റെ പാരഡി പോസ്റ്റിലും കാര്യമായ ചർച്ചകൾ നടക്കുന്നുണ്ട്. എസി ശ്രീഹരിയുടെ വാക്കുകൾ ഇങ്ങനെ: “ഇബ്സന്റെ നോറയ്ക്കു ശേഷം ആര് എന്ന് ചോദിച്ചാൽ ഇവളേ… എന്ന് ഞാൻ പറയും. കവിതയുണ്ടോ ഇല്യോ, വരവും ഇരിപ്പും പോക്കും കിടുക്കി!”

This post was last modified on January 28, 2019 12:25 pm