X

‘എനിക്ക് സിനിമയില്‍ അവസരം കിട്ടാനായി അച്ഛന്‍ ഇതുവരെ ആരോടും സംസാരിച്ചിട്ടില്ല’: പീയുഷ് ഗോയലിനെതിരെ റിതേഷ് ദേശ്മുഖ്

മുംബൈയിലെ ഒബ്രോയി ഹോട്ടലിനകത്ത് വെടിവെയ്പ്പും ബോംബേറും നടക്കുമ്പോള്‍ പുറത്ത് ഒരു നിര്‍മാതാവുമായി സംസാരിക്കുകയായിരുന്നു വിലാസ്‌റാവുവെന്നായിരുന്നു പീയുഷ് ഗോയലിന്റെ ആരോപണം

മഹാരാഷ്ട്ര മുന്‍ മന്ത്രി വിലാസ്‌റാവു ദേശ്മുഖിനെതിരെ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് ബോളിവുഡ് നടനും ദേശ്മുഖിന്റെ മകനുമായ റിതേഷ് ദേശ്മുഖ് രംഗത്ത്. 2011-ല്‍ മുംബൈ ഭീകരാക്രമണം നടക്കുന്ന സമയത്ത് തന്റെ മകന് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നതിനെക്കുറിച്ചു മാത്രമായിരുന്നു വിലാസ്‌റാവുവിന്റെ ഉത്കണ്ഠയെന്ന പീയുഷ് ഗോയലിന്റെ പരാമര്‍ശത്തിനാണ് റിതേഷ് തന്റെ ട്വിറ്ററിലൂടെ പ്രതികരണവുമായി എത്തിയത്.

‘പിതാവിനൊപ്പം ഞാനും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ എനിക്ക് ഒരു അവസരത്തിനായി അദ്ദേഹം ശ്രമിച്ചു എന്നത് തെറ്റാണ്. എന്നെ സിനിമയില്‍ അഭിനയിപ്പിക്കുന്നതിനായി അദ്ദേഹം ഇതുവരെ ഒരു സംവിധായകനോടോ നിര്‍മ്മാതാവിനോടോ സംസാരിച്ചിട്ടില്ല,” താന്‍ അതില്‍ അഭിമാനിക്കുന്നതായും റിതേഷ് പറഞ്ഞു.

ഒരു മുന്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനുള്ള എല്ലാ അവകാശങ്ങളും ഗോയലിനുണ്ടെന്നും എന്നാല്‍ തിരിച്ച് പ്രതികരിക്കാനില്ലെന്ന് ഉറപ്പുള്ള ഒരാളെക്കുറിച്ച് ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നത് തെറ്റാണെന്നും കുറിപ്പില്‍ പറയുന്നു.

മുംബൈയിലെ ഒബ്രോയി ഹോട്ടലിനകത്ത് വെടിവെയ്പ്പും ബോംബേറും നടക്കുമ്പോള്‍ പുറത്ത് ഒരു നിര്‍മാതാവുമായി സംസാരിക്കുകയായിരുന്നു വിലാസ്‌റാവുവെന്നായിരുന്നു പീയുഷ് ഗോയലിന്റെ ആരോപണം. 2012-ലാണ് വിലാസ്‌റാവു ദേശ്മുഖ് അന്തരിച്ചത്.

Read More : കുറ്റവാളികൾ അധികാരവും പണവുമുപയോഗിച്ച് തിരിച്ചടിച്ചു തുടങ്ങിയിരിക്കുന്നു: ഇന്ത്യയില്‍ മീ ടൂ ആരോപണം ഉന്നയിച്ച സ്ത്രീകൾക്ക് സംഭവിക്കുന്നത് 

This post was last modified on May 14, 2019 10:23 pm