X

“കുറെ സ്ഥലങ്ങള്‍ കണ്ടപ്പോള്‍ ബോംബ് ഉണ്ടാക്കുന്നത് പോലെ തോന്നുന്നു. താഴ്ന്ന ജാതിക്കാരാണ് അതില്‍ കൂടുതല്‍”: കെ മുരളീധരന് വേണ്ടി നടത്തിയ പ്രചരണ ദിവസം വിവരിച്ച്‌ മഹിളാ കോണ്‍ഗ്രസ് നേതാവ്

കുറെ സ്ഥലങ്ങള്‍ കണ്ടപ്പോള്‍ ബോംബ് ഉണ്ടാക്കുന്ന പോലെ തോന്നുന്നു. താഴ്ന്ന ജാതിക്കാര്‍ ആണ് അതില്‍ കൂടുതല്‍

കെ മുരളീധരനു വേണ്ടി പ്രചാരണത്തിന് ഇറങ്ങിയ മഹിളാ കോണ്‍ഗ്രസ്സ് നേതാവിന്റെ പോസ്റ്റ് വിവാദത്തില്‍. കോണ്‍ഗ്രസ് മഹിളാ നേതാവ് അന്നമ്മ ജേക്കബ് കുന്നുന്മേലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമാകുന്നത്. പോസ്റ്റ് വിവാദമായതോടെ എഡിറ്റ് ചെയ്‌തെങ്കിലും അപ്പോഴേക്കും അതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പോസ്റ്റ് ചര്‍ച്ചയായതോടെ അന്നമ്മയുടെ ഫേസ്ബുക്ക് പേജ് ലഭ്യമല്ലാത്ത അവസ്ഥയിലാണ്.

‘രാവിലെ മുതല്‍ പ്രചരണം തുടങ്ങി. പേരാമ്പ്രയിലെ ഓരോ വീടും കയറി ഇറങ്ങുന്നു. ശ്രീ മുരളീധരനെ കുറിച്ചു ഉണ്ണിത്താന്‍ ജിപറഞ്ഞ അഭിപ്രായങ്ങള്‍ ആ നാട്ടിലെ നല്ലവരായ ജനങ്ങള്‍ തള്ളി കളഞ്ഞു. ഇടയ്ക്ക് ചില പാര്‍ട്ടി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു. അവിടെ കുറെ സ്ഥലങ്ങള്‍ കണ്ടപ്പോള്‍ ബോംബ് ഉണ്ടാക്കുന്ന പോലെ തോന്നുന്നു. താഴ്ന്ന ജാതിക്കാര്‍ ആണ് അതില്‍ കൂടുതല്‍’ എന്ന പോസ്റ്റില്‍ നിന്നും ജാതിപരാമര്‍ശത്തെ കുറിച്ചുള്ള വരികള്‍ മാറ്റിയതാണ് വിവാദത്തിനിടയാക്കിയത്.

ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ക്ക് ഇവര്‍ മറുപടിയും നല്‍കിയിരുന്നു. താഴ്ന്ന ജാതി എന്ന് പറയുന്നത് അവരുടെ ജാതി പറയുന്നതായി കണക്കാക്കരുതെന്നാണ് അന്നമ്മയുടെ വിശദീകരണം. പലരും ഇതിലെ ജാതി പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയതോടെയാണ് ഇവര്‍ പോസ്റ്റില്‍ എഡിറ്റിംഗ് നടത്തിയതെന്ന് വ്യക്തമാണ്. അതേസമയം എഡിറ്റിംഗ് നടത്തിയിട്ടും പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചതോടെയാണ് ഈ പേജ് തന്നെ അപ്രത്യക്ഷമായത്.

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”