X

കോണ്‍ഗ്രസ് നേതൃനിരയിലേക്ക് കെ.സി വേണുഗോപാല്‍ വളര്‍ന്നത് അമ്പരപ്പിക്കുന്ന വേഗതയില്‍

കാലുവാരലുകളിലൂടെ കുപ്രസിദ്ധമായ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്നും വളരെ ചുരുങ്ങിയ കാലം കൊണ്ട് കെസി വേണുഗോപാല്‍ നേടിയ ഈ വളര്‍ച്ച അത്ര നിസാരമല്ല.

കോണ്‍ഗ്രസിന്റെ സംഘടനാ രംഗത്ത് കെ.സി വേണുഗോപാല്‍ എന്ന അമ്പത്തഞ്ചുകാരന്‍ ഇന്ന് നിറഞ്ഞു നില്‍ക്കുകയാണ്. പയ്യന്നൂരിലെ ഹൈസ്‌കൂളില്‍ നിന്നും ആരംഭിച്ച ആ പൊതുജീവിതം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പരമോന്നത ബോഡിയായ പ്രവര്‍ത്തക സമിതിയിലെ ഒമ്പത് അംഗങ്ങള്‍ മാത്രമുള്ള കോര്‍കമ്മിറ്റിയില്‍ എത്തിച്ചിരിക്കുകയാണ്. അതായത് കോണ്‍ഗ്രസിനെ സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുന്ന കമ്മിറ്റിയിലെ അംഗം. വിദ്യാര്‍ത്ഥി രാഷ്ട്രീയം തൊട്ടുള്ള തെരഞ്ഞെടുപ്പ് വിജയങ്ങളാണ് കൊഴുമേല്‍ ചാറ്റാടി വേണുഗോപാല്‍ എന്ന കെ.സി വേണുഗോപാലിന്റെ ഊര്‍ജ്ജം. ആ ഊര്‍ജ്ജമാണ് മാന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ ഊര്‍ജ്ജസഹമന്ത്രിയും ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനമാക്കി അദ്ദേഹത്തെ വളര്‍ത്തിയത്.

കഴിഞ്ഞദിവസം എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.സി എന്നു വിളിപ്പേരുള്ള വേണുഗോപാലിന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിന്നും ആലപ്പുഴയിലേക്ക് പറിച്ചുനട്ടപ്പോഴും ആ പോരാട്ട വീര്യത്തിന് യാതൊരു ദൗര്‍ബല്യവും സംഭവിച്ചില്ലെന്ന് മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കുള്ള വളര്‍ച്ചയുടെ ആദ്യപടിയായി ആ പറിച്ചുനടല്‍ മാറുകയും ചെയ്തു. കണ്ണൂര്‍ പയ്യന്നൂരിലെ കണ്ടോന്താറില്‍ കുഞ്ഞികൃഷ്ണന്റെ മകനാണ് വേണുഗോപാല്‍. കാലുവാരലുകളിലൂടെ കുപ്രസിദ്ധമായ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്നും വളരെ ചുരുങ്ങിയ കാലം കൊണ്ട് കെ.സി നേടിയ ഈ വളര്‍ച്ച അത്ര നിസാരമല്ല. സംഘടനാ തെരഞ്ഞെടുപ്പിലൂടെ കെ എസ് യുവിന്റെ സംസ്ഥാന പ്രസിഡന്റായ കെ.സി അഞ്ച് വര്‍ഷം ഈ സ്ഥാനത്ത് തുടര്‍ന്നു. 1992 മുതല്‍ 2000 വരെ തുടര്‍ച്ചയായി എട്ട് വര്‍ഷം യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായിരുന്നു. 1996, 2001, 2006 വര്‍ഷങ്ങളില്‍ ആലപ്പുഴയില്‍ നിന്നും നിയമസഭയിലെത്തി. 2004-06 കാലഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രിയായി.

ഇതിനിടയിലാണ് 2009-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കെ.സിയെ ആലപ്പുഴയില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍ തെറ്റിയില്ല. പതിനഞ്ചാം ലോക്‌സഭയിലെത്തിയ അദ്ദേഹം പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതോടെ 2011-ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ ഊര്‍ജ്ജ സഹമന്ത്രിയായി. 2012 ഒക്ടോബറില്‍ വ്യോമയാന വകുപ്പിന്റെ സഹമന്ത്രിയായും അവരോധിക്കപ്പെട്ടു. 2014-ലും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.സി ഈ സമയത്താണ് രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമനം. അതിനു പിന്നാലെയാണ് വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കെ.സിയെ പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കുന്നത്. ഇപ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായിപ്പോയ അശോക്‌ ഗെഹ്ലോട്ട് വഹിച്ചിരുന്ന പദവിയാണിത്‌. ഇതിനിടയില്‍ സോളാര്‍ വിവാദം അടക്കമുള്ളവ കെ.സിക്കെതിരെ രാഷ്ട്രീയ എതിരാളികളും സ്വന്തം പാര്‍ട്ടിയിലെ മറുഗ്രൂപ്പുകാരും ഉയര്‍ത്തിക്കൊണ്ടു വന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല.

Also Read: കെ.സി വേണുഗോപാലിനെ അട്ടിമറിക്കാന്‍ ആരിഫിന് കഴിയുമോ? ആലപ്പുഴ എല്ലാവര്‍ക്കും നിര്‍ണായകം; ഇതാണ് സാധ്യതകള്‍

കോണ്‍ഗ്രസില്‍ രാഹുല്‍ യുഗം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മറ്റൊരു മഹാദൗത്യം കോണ്‍ഗ്രസ് നിര്‍വഹിച്ചിരുന്നു. രാഹുലിനൊപ്പം പാര്‍ട്ടിയെ നയിക്കേണ്ട പുതുതലമുറയുടെ പട്ടിക ഒരുക്കലായിരുന്നു അത്. മതനിരപേക്ഷ ശോഷണങ്ങള്‍ക്കും ജനാധിപത്യധ്വംസനങ്ങള്‍ക്കുമെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ശബ്ദമാകാന്‍ നാടൊട്ടുക്കും നേതാക്കളെ തിരയുന്നതായിരുന്നു അത്. അതിന്റെ ഭാഗമായാണ് കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഏല്‍പ്പിച്ച ദൗത്യങ്ങള്‍ അവര്‍ വിജയകരമായി നിര്‍വഹിക്കുകയും ചെയ്തു.

ബെഹ്തര്‍ ഭാരത് എന്ന ആശയം രാഹുല്‍ ഗാന്ധി മനസില്‍ കാണുമ്പോള്‍ അതിനുള്ള രാഷ്ട്രീയ സാഹചര്യം ഒരുക്കുന്ന ആളായിരുന്നു അദ്ദേഹം. മറ്റ് നേതാക്കളെ കൂടി ഉള്‍പ്പെടുത്തി രാഹുല്‍ ഗാന്ധി പത്രസമ്മേളനങ്ങളില്‍ അടക്കം പങ്കെടുക്കുന്ന കാലം വന്നതോടെയാണ് കെ സി വേണുഗോപാലിന്റെ ജൈത്രയാത്ര ആരംഭിക്കുന്നത്. ആദ്യം രാഹുലിന്റെ അരികിലായിരുന്നെങ്കില്‍ ഇപ്പോള്‍ തൊട്ടരികിലാണെന്ന് മാത്രം. ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ചുമതല കെ.സി വേണുഗോപാലിനായിരുന്നു. ഭരണം കിട്ടിയില്ലെങ്കിലും കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കാന്‍ കെസിക്ക് സാധിച്ചു. അതോടെ തന്നെ സംഘടനാ തലപ്പത്തെ കെ.സി വേണുഗോപാലിന്റെ സാധ്യതകള്‍ തുറന്നു. പിന്നീട് രാജ്യം ഉറ്റുനോക്കിയ കര്‍ണാടക തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് പങ്കാളിത്തമുള്ള സര്‍ക്കാരുണ്ടാക്കാനും അതിനെ നിലനിര്‍ത്താനും രാഷ്ട്രീയ കുതിരക്കച്ചവടങ്ങളുടെ സാധ്യതകള്‍ തകര്‍ക്കാനും കെ സി മുന്നില്‍ തന്നെയുണ്ടായി. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആയപ്പോഴും കര്‍ണാടാകയുടെ ചുമതല കെ.സിയെ തന്നെയാണ് രാഹുല്‍ ഗാന്ധി ഏല്‍പ്പിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പിന് ശേഷം രാജസ്ഥാനിലും മധ്യപ്രദേശിലും പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട അസ്വാരസ്യങ്ങളെ വളരെ സൂക്ഷ്മതയോടെയാണ് കെ സി വേണുഗോപാല്‍ കൈകാര്യം ചെയ്തത്. ചുരുക്കത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുന്നണി പോരാളിയായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഇദ്ദേഹം. പ്രതിപക്ഷ നേതൃനിരയിലെ ഈ ശക്തമായ സാന്നിധ്യത്തിന്റെ പുതിയ ദൗത്യമെന്താവുമെന്നാണ് ഇനി അറിയാനുള്ളത്.

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on January 25, 2019 2:19 pm