X

യാത്രക്കാരിയ്ക്ക് ബാക്കി തുക നല്‍കാന്‍ 10 ദിവസമായി കാത്തിരിക്കുന്ന കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍

ബാഗിൽ ഒരു രൂപ പോലും കൊണ്ട് പോകാതെ സർവീസ് തുടങ്ങണമെന്നാണ് ksrtc rule. ഇനി അഥവാ കൊണ്ട് പോകണമെങ്കിൽ controlling inspector അനുമതിയോടെ വേബില്ലിൽ ടി തുക കാണിച്ച് ഇനിഷ്യൽ ചെയ്യണം.

10 ദിവസമായിട്ടും ടിക്കറ്റിന്റെ ബാക്കി തുക വാങ്ങാന്‍ എത്താത്ത യാത്രക്കാരിയെ തേടുകയാണ് ഈ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍. ബാക്കി തുകയ്ക്ക് വേണ്ടി കണ്ടക്ടര്‍മാരും യാത്രക്കാരും തമ്മില്‍ വഴക്കുണ്ടാകുന്ന കാലത്താണ് മാതൃകയായി ലിവിന്‍ ഫ്രാന്‍സിസ് എന്ന കണ്ടക്ടറുടെ കുറിപ്പ്.

കൊട്ടാരക്കരയില്‍ നിന്നും നാഗര്‍കോവിലേക്ക് ഈ മാസം ആറിന് സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസിലാണ് സംഭവം. കൊട്ടാരക്കര ബസ് സ്റ്റാന്‍ഡില്‍ നിന്നും കയറിയ പ്രായമായ സ്ത്രീയും അവരുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീയുമാണ് ബാക്കി തുക വാങ്ങാതെ പോയത്. തിരുവനന്തപുരത്തേക്കാണ് ഇരുവരും യാത്ര ചെയ്തത്. 2000 രൂപ നല്‍കിയപ്പോള്‍
132 രൂപ ടിക്കറ്റ് നല്‍കിയിട്ട് ബാക്കി തുക കണ്ടക്ടര്‍ ടിക്കറ്റിനു പിന്നില്‍ എഴുതി കൊടുക്കുകയുമാണ് ചെയ്തത്.

പലയിടത്തുമായാണ് ചില്ലറ വാങ്ങി ലിവിന്‍ യാത്രക്കാര്‍ക്ക് നല്‍കിയത്. മെഷീനില്‍ ഉള്ള കളക്ഷനേക്കാള്‍ 1868 രൂപ കൂടുതലായി ബാഗില്‍ കണ്ടപ്പോള്‍ മുന്നിലിരുന്ന യാത്ര ചെയ്ത അവര്‍ക്ക് നല്‍കാനുള്ള ബാക്കി തുകയാണെന്നു മനസിലാക്കിയ ലിവിന്‍ അവരെ എല്ലായിടവും അന്വേഷിച്ചു. എന്നാല്‍ അപ്പോഴേക്കും അവര്‍ ഇറങ്ങിയിരുന്നു.

അന്ന് രാത്രി തന്നെ ഡ്യൂട്ടിക്ക് ശേഷം ലിവിന്‍ ബാക്കി തുക യു.ആര്‍.ബി ആയി കൊട്ടാരക്കര ഡിപ്പോയില്‍ ഏല്‍പ്പിച്ചിരുന്നു. അന്നു മുതല്‍ ബാക്കി രൂപ വാങ്ങാന്‍ യാത്രക്കാര്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ലിവിന്‍.

പോസ്റ്റ് വായിക്കാം,

‘ഈ കഴിഞ്ഞ 06-03-2019-തീയതി രാവിലെ 06.10 ന് കൊട്ടാരക്കരയിൽ നിന്നും നാഗർകോവിലേക്ക് സർവീസ് നടത്തവേ കൊട്ടാരക്കര ബസ്സ്റ്റാൻഡിൽ നിന്നും കയറിയ ഒരു പ്രായമായ സ്ത്രീയും അവരോടൊപ്പം മറ്റൊരു സ്ത്രീയും മുൻവശം ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഇവർ തിരുവനന്തപുരത്തേക്ക് ടിക്കറ്റ് ചോദിച്ചപ്പോൾ രണ്ടുപേരുടെയും ടിക്കറ്റ് നിരക്കായ 132 രൂപ ടിക്കറ്റ് ഞാൻ നൽകുകയും അവരുടെ കൈവശം ചില്ലറ ഇല്ലാത്തതിനാൽ 2000 രൂപ നോട്ട് എനിക്ക് നൽകുകയും സർവീസ് തുടങ്ങിയതിനാൽ എന്റെ കൈവശം ബാലൻസ് കൊടുക്കാൻ ഇല്ലാത്തതിനാൽ ടിക്കറ്റിന്റെ മറുവശം ബാലൻസ് തുക എഴുതി കൊടുക്കുകയും ചെയ്‌തു. സാധാരണ ഉള്ളതിനേക്കാൾ അന്ന് ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു.

നിർഭാഗ്യവശാൽ യാത്രക്കാർ മിക്കവരും വല്ല്യ നോട്ടുകളാണ് തന്ന് കൊണ്ടിരുന്നത്. കൈവശം ബാലൻസ് ഇല്ലാത്തത് കൊണ്ട് ടിക്കറ്റിന്റെ മറുഭാഗത്ത് ബാലൻസ് തുക എഴുതി കൊടുത്ത് കൊണ്ടിരുന്നു. ഭൂരിഭാഗം യാത്രക്കാരും കേശവദാസപുരത്തും പാളയത്തും ഇറങ്ങേണ്ടതിനാൽ തമ്പാനൂർ സ്റ്റാൻഡിൽ ചെന്ന് ചില്ലറ മാറി കൊടുത്തു അസൗകര്യം ഒഴിവാക്കി വിടേണ്ടതിനാൽ വെഞ്ഞാറമൂട് ksrtc ഡിപ്പോയിൽ ചെന്നപ്പോൾ ക്യാഷ് കൗണ്ടറിൽ പോയി ചില്ലറ മാറാൻ ശ്രെമിച്ചു. ദൗർഭാഗ്യകരമെന്നു പറയട്ടെ അവിടെ ചില്ലറ കൊടുക്കാൻ ഇല്ലെന്ന് പറഞ്ഞ് എന്നെ ഒഴിവാക്കി വിടുകയായിരുന്നു. അവിടെ വച്ച് സർവീസ് നടത്തി കൊണ്ടിരുന്ന ചില കണ്ടക്ടർമാരെ സമീപിച്ചു 2000 രൂപയ്ക്ക് ചില്ലറ മാറി. വീണ്ടും സർവീസ് തുടർന്നു. തിരക്കും കൂടിക്കൊണ്ടിരുന്നു. കൊടുക്കാനുള്ള ബാലൻസ് തുകയും കൂടിക്കൊണ്ടിരുന്നു. മണ്ണന്തല കഴിഞ്ഞപ്പോൾ തന്നെ ബാലൻസ് കിട്ടാനുള്ളവരെ സമീപിച്ചു ബാലൻസ് തുക കൊടുത്തു കൊണ്ടിരുന്നു. ഇതിനിടയിൽ കേശവദാസപുരത്തു എത്തിയപ്പോൾ തന്നെ കയ്യിലുള്ള ചില്ലറ മുഴുവൻ കാലിയായി.

മെഡിക്കൽ കോളേജിൽ പോകാൻ കേശവദാസപുരത്തു ഇറങ്ങേണ്ട ഒരു സ്ത്രീക്കും അവരുടെ മകനും ബാക്കി തുക കൊടുക്കാൻ കഴിയാതെ തമ്പാനൂർ സ്റ്റാൻഡിൽ വരെ യാത്ര ചെയ്യിപ്പിക്കേണ്ട അവസ്ഥ വന്നു. തമ്പാനൂർ സ്റ്റാൻഡിൽ എത്തിയപ്പോൾ തന്നെ അവിടെയുള്ള പല കണ്ടക്ടർ മാരെയും സമീപിച്ചു ചില്ലറ മാറി ബാക്കിയുള്ളവക്ക് കൊടുക്കാനുള്ള ബാലൻസ് കൊടുത്തു തീർത്തു. പിന്നീട് ഞാൻ ബാഗ് കളക്ഷൻ നോക്കിയപ്പോൾ മെഷീനിൽ ഉള്ള കളക്ഷനേക്കാൾ 1868 രൂപ കൂടുതൽ ഉള്ളതായി കാണപ്പെട്ടു. ഈ ബാലൻസ് തുക മുൻവശം ഇരുന്ന സ്ത്രീക്ക് കൊടുക്കാനുള്ളതാണെന്നു എനിക്ക് ബോധ്യപ്പെടുകയും എന്നാൽ അവരെ അവിടെയെല്ലാം അന്വേഷിച്ചപ്പോൾ കണ്ടെത്താൻ കഴിഞ്ഞില്ല. ഡ്യൂട്ടി കഴിഞ്ഞ് അന്ന് രാത്രി ഈ ബാലൻസ് തുക URB ആയി കൊട്ടാരക്കര ഡിപ്പോയിൽ അടച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഈ തുക അന്വേഷിച്ചു ആരും ഒരു ഡിപ്പോയിലും വന്നിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഇനി ടിക്കറ്റ് നഷ്ടപ്പെട്ടാൽ പോലും അന്വേഷിച്ചു വന്നാൽ ആളെ മനസ്സിലാക്കി കഴിഞ്ഞാൽ ബാലൻസ് തുക കൈപറ്റാവുന്നതാണ്.

NB – 1. ബാഗിൽ ഒരു രൂപ പോലും കൊണ്ട് പോകാതെ സർവീസ് തുടങ്ങണമെന്നാണ് ksrtc rule. ഇനി അഥവാ കൊണ്ട് പോകണമെങ്കിൽ controlling inspector അനുമതിയോടെ വേബില്ലിൽ ടി തുക കാണിച്ച് ഇനിഷ്യൽ ചെയ്യണം.

2. തുക വീട്ടിൽ നിന്നും കൊണ്ട് വരാൻ കഴിയാത്തത് കൊണ്ട് ഡിപ്പോയിൽ ചോദിച്ചാൽ ചില്ലറ മാറിത്തരാനുള്ള അനുമതി എങ്കിലും ഉണ്ടാകണമെന്ന് അപേക്ഷിച്ചു കൊള്ളുകയാണ്..’

This post was last modified on March 16, 2019 5:04 pm