X

പ്രളയം നല്‍കിയ പാഠങ്ങള്‍ കൂടി ഉള്‍ക്കൊണ്ടു വികസന കാഴ്ചപ്പാടുകള്‍ക്ക് രൂപം നല്‍കാന്‍ കഴിയണം; ശാന്തിവനം സന്ദര്‍ശിച്ചു പി രാജീവ്

ദേശീയപാതക്ക് ചേർന്ന് ഇതു പോലൊരു കാട് അത്യപൂർവ്വമായ കാഴ്ചയാണ്

110 കെവി ലൈന്‍ വലിക്കുന്നതു സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം നേതാവും എറണാകുളം മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ പി.രാജീവ് ശാന്തിവനം സന്ദര്‍ശിച്ചു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ശാന്തിവനം സംരക്ഷിക്കണം എന്നാവശ്യപ്പെട് പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെയാണ് രാജീവിന്റെ സന്ദര്‍ശനം. വൈപ്പിന്‍, പറവൂര്‍ മേഖലകളിലെ വൈദ്യുതി ലൈന്‍ വലിക്കേണ്ടത് അത്യാവശ്യമാണെന്നും എന്നാല്‍ പ്രളയം നല്‍കിയ പാഠങ്ങള്‍ കൂടി ഉള്‍ക്കൊണ്ടു വികസന കാഴ്ചപ്പാടുകള്‍ക്ക് രൂപം നല്‍കാന്‍ കഴിയണമെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

ഇന്നു ശാന്തി വനം സന്ദർശിച്ചു. 110 കെവി ലൈൻ വലിക്കുന്നതു സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. കളമശ്ശേരി മണ്ഡലത്തിലെ 83 ബൂത്തിലെ റീ പോളിങ്ങിനിടയിൽ നിന്നാണ് ശാന്തിവനത്തിലേക്ക് പോയത്. ദേശീയപാതക്ക് ചേർന്ന് ഇതു പോലൊരു കാട് അത്യപൂർവ്വമായ കാഴ്ചയാണ്. വൈപ്പിൻ, പറവൂർ മേഖലകളിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി വൈദ്യുതി ലൈൻ വലിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, പ്രളയം നൽകിയ പാഠങ്ങൾ കൂടി ഉൾകൊണ്ട് വികസന കാഴ്ചപാടുകൾക്ക് രൂപം നൽകാൻ കഴിയണം. 
ഇപ്പോൾ മരങ്ങൾ മുറിച്ച് ടവർ നിർമ്മാണം നടക്കുകയാണ്. അതിന്റെ ചെളി, ആ വളപ്പിലെ ജൈവ സമ്പത്തിനെ തന്നെ ബാധിക്കുന്ന രൂപത്തിൽ തള്ളിയിരിക്കുന്നു. അത് ഉടൻ തന്നെ മാറ്റേണ്ടതാണ്. പാരിസ്ഥിക ആഘാതം പരമാവധി കുറച്ചു മാത്രമേ ഏതു വികസനവും നടപ്പിലാക്കാവൂ.

ഇതു സംബന്ധിച്ച് കളക്ടറുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും സംസാരിച്ചിരുന്നു. നാളെ തന്നെ കളക്ടർ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതു വരെ നിർമ്മാണം താൽക്കാലികമായി നിർത്തി വെച്ചിട്ടുണ്ട്. ചെളി ഇന്നു തന്നെ മാറ്റാമെന്ന് അറിയിച്ചിട്ടുണ്ട്. 20 വർഷം മുമ്പ് 7.8 കോടി രൂപക്ക് ഭരണാനുമതി ലഭിച്ച പദ്ധതിക്ക് ഇപ്പോൾ 30.47 കോടി രൂപയുടേതായി മാറി. പദ്ധതി വൈകാതെ പൂർത്തീകരിക്കാൻ കഴിയണം. മീനയും സുഹൃത്തുക്കളും ഉന്നയിക്കുന്ന ആശങ്കകളും ബദലുകളും വസ്തുതാതപരമായി പരിശോധിക്കാൻ കഴിയണം. തിരിച്ചു നൽകാൻ കഴിയാത്ത നഷ്ടങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ കഴിയണം. ഇപ്പാഴത്തെ സാഹചര്യത്തിൽ സാധ്യമായ പരിഹാരം കാണുന്നതിന് കളക്ടറുടെ യോഗത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’

Read More : പുതുച്ചേരി ലെഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് തിരിച്ചടി; സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതി