X

കുത്ത്ബുദ്ദീൻ അൻസാരിയും അശോക് മോച്ചിയും കണ്ണൂരിൽ വീണ്ടുമെത്തി; ഇത്തവണ പി ജയരാജന് വോട്ടഭ്യർത്ഥിക്കാൻ

സിപിഎം നേതാവ് പി ജയരാജൻ ലോകസഭയിലേക്ക് മത്സരിക്കുന്നു എന്നറിഞ്ഞ് രണ്ട് വിശിഷ്ടാതിഥികൾ കണ്ണൂരിലെത്തി. രണ്ട് ഫോട്ടോഗ്രാഫുകളിലൂടെ ഗുജറാത്ത് കലാപത്തിന്റെ മുഖങ്ങളായി മാറിയ രണ്ടുപേർ. കുത്ത്ബുദ്ദീൻ അൻസാരിയും അശോക് മോച്ചിയും. ഒരാൾ ഇരയും മറ്റെയാൾ വേട്ടക്കാരനുമായിരുന്നു അന്ന്. ഇന്ന് ഇരുവരും സുഹൃത്തുക്കളാണ്. രണ്ടുപേരെയും ഒരേ വേദിയിൽ ഒരുമിച്ചിരുത്തി മാനവികസ്നേഹത്തിന്റെ ഭാഷ പറഞ്ഞുകൊടുത്ത പി ജയരാജൻ മത്സരിക്കുന്നതറിഞ്ഞാണ് ഇരുവരും വീണ്ടും അദ്ദേഹത്തിന്റെ വീട്ടിലേക്കെത്തിയത്.

ഇരുവരും വീട്ടിൽ വന്നതിന്റെയും വിഷുസദ്യ കഴിക്കുന്നതിന്റെയും ചിത്രങ്ങൾ ജയരാജൻ ഫേസ്ബുക്കിൽ പങ്കുവെച്ചു. കലാപത്തിന്റെ ഇരയായ കുത്ത്ബുദ്ദീൻ അൻസാരിയെ പിന്നീട് സംരക്ഷിച്ചത് സിപിഎമ്മായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നറിഞ്ഞപ്പോൾ ഓടി വന്നതാണ് പ്രിയപ്പെട്ട കുത്തബ്ദീൻ അൻസാരിയും അശോക് മോച്ചിയും. ഗുജറാത്ത് വർഗ്ഗീയ കലാപത്തിൽ വാളുയർത്തിപ്പിടിച്ച മോച്ചിയുടെയും കൈകൂപ്പി നിന്ന അൻസാരിയുടെയും ചിത്രങ്ങൾ വർഷങ്ങൾക്ക് മുൻപ് നമ്മുടെയെല്ലാം മനസ്സിൽ പതിഞ്ഞവയാണ്. ദലിതനായ തന്നെ വംശഹത്യയുടെ ഭാഗമാക്കിയതുള്‍പ്പെടെ എല്ലാം പിന്നീട് അശോക് മോച്ചി പരസ്യമായി ഏറ്റ് പറയുകയായിരുന്നു. കലാപത്തിന്റെ ഇരയായ കുത്തബ്ദീൻ അൻസാരിയെ പിന്നീട് സംരക്ഷിച്ചത് സിപിഐ എമ്മായിരുന്നു.

ഇരുവരുമായും എനിക്ക് വർഷങ്ങളായി ബന്ധമുണ്ട്. ഗുജാറാത്ത് കലാപത്തിന് 12 വർഷം പൂർത്തിയായ വേളയിൽ 2014 ൽ “വംശഹത്യയുടെ വ്യാഴവട്ടം” എന്ന പേരിൽ കണ്ണൂർ തളിപ്പറമ്പിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അന്ന് ഇരുവരെയും ഒന്നിച്ചൊരു വേദിയിൽ കൊണ്ടുവന്നത് രാജ്യമാകെ ചർച്ച ചെയ്ത കാര്യമായിരുന്നു. അന്ന് തുടങ്ങിയ ബന്ധമാണ്. അത് ഇപ്പോഴും തുടരുന്നു.

വിശേഷ ദിവസങ്ങളിൽ ഇരുവരും ഇങ്ങോട്ടും ഞാൻ തിരിച്ചും ഫോണിൽ വിളിക്കാറുണ്ട്.

ഞാൻ സ്ഥാനാർത്ഥിയായതറിഞ്ഞാണ് ഇരുവരും ഇന്ന് വിഷുദിനത്തിൽ വീട്ടിൽ എന്നെ കാണാനെത്തിയത്. എനിക്ക് വോട്ടഭ്യർത്ഥിച്ചു കൊണ്ടുള്ള ഒരു കേക്കും അൻസാരിയും മോച്ചിയും കൂടി മുറിച്ചു. വീട്ടിൽ നിന്ന് വിഷു സദ്യയും കഴിച്ച് ഇരുവരും മടങ്ങി. ഇനിയുള്ള ദിവസങ്ങളിൽ എനിക്ക് വേണ്ടി വടകരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനാണ് ഇവരുടെ തീരുമാനം. സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി….

Related Post
Leave a Comment