X

“വിമാനത്താവളം അദാനിക്ക് വിറ്റപ്പോൾ ആറാട്ട് ആചാരം ചൂണ്ടിക്കാട്ടി സമരം ചെയ്യാതിരുന്നതെന്ത്?” -ശബരിമല പ്രശ്നമുന്നയിച്ച് തിരുവനന്തപുരത്ത് പ്രചാരണത്തിനിറങ്ങിയ ബിജെപിക്കാരെ ചോദ്യം ചെയ്ത് വോട്ടർ

'ഹിന്ദുക്കളെ ദ്രോഹിച്ചില്ലേ' എന്ന ചോദ്യവുമായാണ് വോട്ട് ചോദിക്കാനെത്തിയവർ തുടങ്ങുന്നത്.

ശബരിമല വിഷയം ചർച്ചയാക്കിയത് ഇത്തവണ ബിജെപിക്ക് നേട്ടമാകുമെന്ന കണക്കു കൂട്ടലാണ് കേന്ദ്ര-സംസ്ഥാന നേതാക്കൾക്കുള്ളത്. തിരുവനന്തപുരം മണ്ഡലം ഇവർക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലം കൂടിയാണ്. പ്രതീക്ഷകളോടെ വോട്ട് ചോദിച്ചിറങ്ങിയ ബിജെപി പ്രവർത്തകരോട് മണ്ഡലത്തിലെ വോട്ടർമാർ ഉന്നയിക്കുന്ന ചോദ്യങ്ങൾ എന്തൊക്കെയായിരിക്കും. അവയിൽ ശബരിമല വിഷയം ഉൾപ്പെടുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

‘ഹിന്ദുക്കളെ ദ്രോഹിച്ചില്ലേ’ എന്ന ചോദ്യവുമായാണ് വോട്ട് ചോദിക്കാനെത്തിയവർ തുടങ്ങുന്നത്. ഹിന്ദുക്കളെ എങ്ങനെയാണ് ദ്രോഹിച്ചതെന്നായി വീട്ടുകാരന്റെ ചോദ്യം. ശബരിമലയിലെ ആചാരം എന്നു പറഞ്ഞു തുടങ്ങിയ പ്രവർത്തകനോട് ശബരിമലയിലെ ആചാരം മാത്രം സംരക്ഷിച്ചാൽ മതിയോ എന്ന് മറുചോദ്യം. കേന്ദ്ര സർക്കാർ അദാനിക്ക് വിറ്റ തിരുവനന്തപുരം വിമാനത്താവളത്തിലെ ആചാരം ആര് സംരക്ഷിക്കും? ലേലത്തിൽ വിറ്റഴിക്കുമ്പോൾ അവിടുത്തെ ആചാരം സംരക്ഷിക്കപ്പെടുമോ എന്ന് നിങ്ങൾ അന്വേഷിക്കാതിരുന്നതെന്ത്? സമരം ചെയ്യാതിരുന്നതെന്ത്? എന്നിങ്ങനെ ചോദ്യശരങ്ങളായി. ഒടുവിൽ പ്രവർത്തകർ വീട് വിട്ട് പോകും വരെ ചോദ്യങ്ങളുയരുന്നതാണ് വീഡിയോയിൽ കാണുന്നത്. സോഷ്യൽ മീഡിയയിൽ ഈ വിഡിയോ പ്രചരിക്കുന്നുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിലൂടെയാണ് വർഷത്തിലൊരിക്കൽ ആറാട്ട് ഘോഷയാത്ര നടക്കുക. മതപരമായ ഈ ചടങ്ങിനായി റൺവേ അടച്ചിടും.