X

കണ്ണിക്കണ്ടിടത്തൊക്കെ നിങ്ങള്‍ വരച്ചുവച്ചിരിക്കുന്ന ആ ചെ ഗുവേരയില്ലേ? മൂപ്പരുടെ മാര്‍ഗ്ഗമാണ് സിപി ജലീലിനെപ്പോലുള്ളവര്‍ പയറ്റുന്നത്: സിപിഎമ്മിനോട് വി ടി ബല്‍റാം

വീണ്ടും എന്‍കൗണ്ടര്‍ കില്ലിംഗുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും ചര്‍ച്ചകള്‍ വഴിതിരിക്കാനുള്ള മറ്റ് കച്ചിത്തുരുമ്പുകള്‍ തേടുകയാണ് സിപിഎം ബുദ്ധിജീവി ലോകം, കാര്യങ്ങള്‍ പണ്ടത്തെ അത്ര ഈസിയല്ലെങ്കിലും

സിപിഎമ്മിനെതിരെ വീണ്ടും ആഞ്ഞടിച്ച് തൃത്താല എംഎല്‍എ വിടി ബല്‍റാം വീണ്ടും. വയനാട് പോലീസിന്റെ വെടിയേറ്റ് മരിച്ച സി പി ജലീലിനെക്കുറിച്ച് പറഞ്ഞാണ് ബല്‍റാം ഇക്കുറി സിപിഎമ്മിനെ എതിര്‍ക്കുന്നത്. WhyEncounterKillings എന്ന ഹാഷ്ടാഗിലാണ് ബല്‍റാമിന്റെ രണ്ട് ഫേസ്ബുക്ക് പോസ്റ്റുകള്‍. നിങ്ങളുടെ കൊടിയിലും ടീ ഷര്‍ട്ടിലും കണ്ണിക്കണ്ട ഇലക്ട്രിക് പോസ്റ്റിലുമൊക്കെ വരച്ചുവച്ചിരിക്കുന്ന ആ ചെ ഗുവേരയില്ലേ? മൂപ്പരുടെ മാര്‍ഗ്ഗമാണ് സിപി ജലീലിനെ പോലുള്ള മാവോയിസ്റ്റുകളും പയറ്റിക്കൊണ്ടിരിക്കുന്നതെന്നാണ് ബല്‍റാമിന്റെ ഒരു പോസ്റ്റിലെ വിമര്‍ശനം. പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

“നിങ്ങടെ കൊടിയിലും ടീ ഷര്‍ട്ടിലും കണ്ണിക്കണ്ട ഇലക്ട്രിക് പോസ്റ്റിലുമൊക്കെ വരച്ചു വച്ചിരിക്കുന്ന ആ ചെ ഗുവേരയില്ലേ? മൂപ്പരുടെയൊക്കെ മാര്‍ഗ്ഗമാണ് ഈ സി.പി. ജലീലിനേപ്പോലുള്ള മാവോയിസ്റ്റുകളും പയറ്റിക്കൊണ്ടിരിക്കുന്നത്. ബൊളീവിയന്‍ കാടിന് പകരം വയനാടന്‍ കാടുകള്‍ ആവുന്നു എന്ന വ്യത്യാസമേയുള്ളൂ. എന്നുവച്ചാല്‍ കമ്മ്യൂണിസമെന്ന നിങ്ങളുടെ പ്രത്യയശാസ്ത്രത്തിലും അതിന്റെ യഥാര്‍ത്ഥ പ്രയോഗരീതികളിലും നിങ്ങള്‍ക്കില്ലാത്ത വിശ്വാസവും ആത്മാര്‍ത്ഥതയും സത്യസന്ധതയും ഉള്ളവരാണ് ഇങ്ങനെ നാടന്‍ തോക്കും പിടിച്ച് കാടുകയറുന്നതെന്ന് സാരം. അവരെയാണ് പിണറായി വിജയന്‍ എന്ന നിയോ ലിബറല്‍ കമ്മ്യൂണിസ്റ്റിന്റെ ഗവണ്‍മെന്റ് പിന്നില്‍ നിന്ന് വെടിവച്ച് കൊല്ലുന്നത്.

അതായത് ഒന്നുകില്‍ ചെ ഗുവേര പോലുള്ള അതിസാഹസികരുടേയും മാവോ, സ്റ്റാലിന്‍ തുടങ്ങിയ ക്രൂരരായ സ്വേച്ഛാധിപതികളുടേയും കാലം കഴിഞ്ഞു എന്നും നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന് ഇവരൊന്നും ഒരുനിലക്കും മാതൃകയല്ലെന്നും തുറന്ന് സമ്മതിക്കുക, ആ നിലയിലുള്ള വിപ്ലവ തള്ള് അവസാനിപ്പിക്കുക, ലോകം കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതികള്‍ക്ക് നേതൃത്വം കൊടുത്ത ഇവരെയൊന്നും പോസ്റ്ററിലും ഫ്‌ലക്‌സിലും ഫോട്ടോ വച്ച് ആരാധിക്കാതിരിക്കുക. അതല്ലെങ്കില്‍ അവരുടെയൊക്കെ ആഹ്വാനം കേട്ട് വഴി പിഴച്ചുപോയ അല്‍പ്പബുദ്ധികളെ ഇങ്ങനെ വ്യാജ ഏറ്റുമുട്ടലുണ്ടാക്കി ക്രൂരമായി കൊല്ലാതെയെങ്കിലുമിരിക്കുക.

ഇത് പഴയ കാലമല്ല, ഇന്ത്യ ഉത്തര കൊറിയയുമല്ല, കൊല്ലപ്പെടുന്നത് ആരുതന്നെയായാലും ഭരണകൂട കൊലപാതകങ്ങള്‍ക്ക് ഭരിക്കുന്ന സര്‍ക്കാര്‍ ഉത്തരം പറഞ്ഞേ മതിയാവൂ”.

മുഖ്യമന്ത്രി പിണറായി വിജയനെ കിം ജോംഗ് ഉന്നുമായി താരതമ്യം ചെയ്യുന്നതാണ് മറ്റൊരു പോസ്റ്റ്. രണ്ടര വര്‍ഷം മുമ്പ് താന്‍ ഷെയര്‍ ചെയ്ത ഈ ചിത്രം ഇപ്പോഴും ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്നും എന്നാല്‍ അന്ന് അത് ഷെയര്‍ ചെയ്ത തന്റെ ചിത്രം പട്ടി അടക്കമുള്ള മൃഗങ്ങളുടെ ചിത്രങ്ങളും ചേര്‍ത്ത് വച്ചുള്ള ഫോട്ടോഷോപ്പ് ആയിരുന്നു സിപിഎമ്മുകാരുടെയും പിണറായി ഭക്തരുടെയും ഉദാത്തമായ മറുപടിയെന്നും ബല്‍റാം ഓര്‍മ്മിപ്പിക്കുന്നു. കേരളത്തില്‍ സമീപകാലത്തൊന്നും കേട്ടുകേള്‍വി പോലുമില്ലാത്ത ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ തൊട്ടുപിന്നാലെ കടന്നുവരുന്നത് എങ്ങനെയെന്ന രാഷ്ട്രീയ ചോദ്യത്തിന് മോര്‍ഫിംഗിന്റെ ധാര്‍മ്മികതയേക്കുറിച്ചുള്ള പഠന ക്ലാസ് ആയിരുന്നു പല ബുദ്ധിജീവികളുടേയും മറുപടി. വീണ്ടും എന്‍കൗണ്ടര്‍ കില്ലിംഗുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും ചര്‍ച്ചകള്‍ വഴിതിരിക്കാനുള്ള മറ്റ് കച്ചിത്തുരുമ്പുകള്‍ തേടുകയാണ് സിപിഎം ബുദ്ധിജീവി ലോകം, കാര്യങ്ങള്‍ പണ്ടത്തെ അത്ര ഈസിയല്ലെങ്കിലും. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

രണ്ടര വര്‍ഷം മുന്‍പ് ഇങ്ങനെയൊരു പോസ്റ്റ് ഇട്ടിരുന്നു. കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് ഭരണാധികാരിയെ അദ്ദേഹത്തിന്റെ പാര്‍ട്ടി സമ്മേളനങ്ങളിലൊക്കെ ഫ്‌ലക്‌സ് ബോര്‍ഡ് വച്ച് ആരാധിക്കുന്ന ലോകത്തിലെ മറ്റൊരു കമ്മ്യൂണിസ്റ്റ് ഭരണാധികാരിയുമായി താരതമ്യപ്പെടുത്തുന്ന ഒരു രാഷ്ട്രീയ വിമര്‍ശനമായിരുന്നു ലക്ഷ്യം. ഇന്റര്‍നെറ്റില്‍ ഓള്‍റെഡി അവൈലബിള്‍ ആയ ഒരു ചിത്രത്തില്‍ #WhyEncounterKillings? എന്ന ചോദ്യം ചേര്‍ക്കുക മാത്രമാണ് അന്ന് ഞാന്‍ ചെയ്തത്. അതിരൂക്ഷമായ സൈബര്‍ അറ്റാക്ക് ആയിരുന്നു തിരിച്ച് നേരിടേണ്ടി വന്നത് എന്നത് ഇപ്പോഴും അതിന്നടിയിലെ കമന്റുകള്‍ പോയി നോക്കിയാല്‍ മനസ്സിലാകും. എന്റെ ചിത്രം പട്ടി അടക്കമുള്ള മൃഗങ്ങളുമായി ചേര്‍ത്ത് വച്ചുള്ള തിരിച്ചുള്ള ഫോട്ടോഷോപ്പ് ആയിരുന്നു സിപിഎമ്മുകാരുടേയും പിണറായി വിജയന്‍ ഭക്ത്കളുടേയും ഉദാത്തമായ മറുപടി. സിനിമാ അഭിനേത്രിയും ആക്റ്റിവിസ്റ്റുമായ ഷക്കീല, ട്രാന്‍സ്ജന്‍ഡര്‍ ആക്റ്റിവിസ്റ്റായ ശീതള്‍ ശ്യാം എന്നിവരുടെ ഫോട്ടോയും എനിക്കെതിരായ ആക്രമണത്തിന്നായി നവോത്ഥാനവും സ്ത്രീ ശാക്തീകരണവുമൊക്കെ വലിയ വായില്‍ ഉദ്‌ഘോഷിക്കുന്ന സിപിഎമ്മിന്റെ സൈബര്‍ അണികള്‍ ദുരുപയോഗപ്പെടുത്തിയിരുന്നു.

കേരളത്തില്‍ സമീപകാലത്തൊന്നും കേട്ടുകേള്‍വി പോലുമില്ലാത്ത ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ തൊട്ടുപിന്നാലെ കടന്നുവരുന്നത് എങ്ങനെയെന്ന രാഷ്ട്രീയ ചോദ്യത്തിന് മോര്‍ഫിംഗിന്റെ ധാര്‍മ്മികതയേക്കുറിച്ചുള്ള പഠന ക്ലാസ് ആയിരുന്നു പല ബുദ്ധിജീവികളുടേയും മറുപടി. വീണ്ടും എന്‍കൗണ്ടര്‍ കില്ലിംഗുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും ചര്‍ച്ചകള്‍ വഴിതിരിക്കാനുള്ള മറ്റ് കച്ചിത്തുരുമ്പുകള്‍ തേടുകയാണ് സിപിഎം ബുദ്ധിജീവി ലോകം, കാര്യങ്ങള്‍ പണ്ടത്തെ അത്ര ഈസിയല്ലെങ്കിലും.