X

‘ഇത് കലക്കി ബ്രോ! കപ്പലണ്ടി വാങ്ങാൻ പോണ ലാഘവത്തോടെ വെനീസ് മേളയുടെ റെഡ് കാർപ്പറ്റിൽ കയറിയ ആദ്യത്തെയാൾ’

മുണ്ടുടുത്ത് വെനീസിലെ റെഡ് കാര്‍പ്പറ്റില്‍ മാസ് കാണിച്ച ജോജു ജോര്‍ജാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം

മുണ്ടുടുത്ത് വെനീസിലെ റെഡ് കാര്‍പ്പറ്റില്‍ മാസ് കാണിച്ച ജോജു ജോര്‍ജാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.  വർഷങ്ങള്‍ക്ക് ശേഷം വെനീസ് മേളയിലേക്ക് തിരഞ്ഞെടുത്ത മലയാള സിനിമയായ ചോല കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചു. ചിത്രത്തിന്റെ പ്രദർശനം കാണാനായിരുന്നു സംവിധായകന്‍ സനൽ കുമാർ ശശിധരൻ, ജോജു ജോർജ്, നിമിഷ സജയൻ, സിജോ വടക്കൻ , അഖിൽ വിശ്വനാഥ് എന്നിവർ റെഡ് കാർപ്പറ്റിൽ എത്തിയത്.

റെഡ്കാർപ്പെറ്റിൽ കൈയ്യടികളോടെയാണ് കാണികൾ ഇവരെ വരവേറ്റത്. ചോലയുടെ ആദ്യ ഷോയാണ് വെനീസിൽ നടന്നത്. മേളയിലെ മത്സരവിഭാഗങ്ങളില്‍ ഒന്നായ ‘ഓറിസോന്റി കോംപറ്റീഷനി’ലാണ് ചിത്രം പ്രദർശിപ്പിച്ചത്. തന്റെ ഫേസ്ബുക്ക് പേജിൽ ജോജു തന്നെയാണ് ഇതിന്റെ വീഡിയോ പങ്കുവച്ചത്.

“മുക്കിലെ മുറുക്കാൻ കടയിൽ കപ്പലണ്ടി വാങ്ങാൻ പോണ ലാഘവത്തോടെ വെനീസ് മേളയുടെ
റെഡ് കാർപ്പറ്റിൽ കയറിയ ആദ്യത്തെയാൾ!, ഇത് കലക്കി ബ്രോ”, മുണ്ടുടുത്ത് വെനീസിലെത്തിയ  ജോജുവിനെ കുറിച്ച് സംവിധായകന്‍ വി.സി അഭിലാഷ് കുറിച്ചതാണിത്. ഈ കമന്റും ഇപ്പോള്‍ വ്യാപകമായി ആഘോഷിക്കപ്പെടുന്നുണ്ട്.

ലോകത്തിലെ മൂന്ന് പ്രധാന ചലച്ചിത്ര മേളകളിൽ ഒന്നായ വെനീസിൽ മൽസര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യൻ ചിത്രം കൂടിയാണ് ചോല. കഴിഞ്ഞ വർഷം മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ചിത്രമായ ചോലയിലൂടെയാണ് മികച്ച നടിക്കുള്ള പുരസ്കാരം നിമിഷ സജയനെ തേടിയെത്തിയത്.

കെ.വി. മണികണ്ഠൻ, സനൽ കുമാർ ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്‌ഷൻ ഹൗസിന്റെ ബാനറിൽ ജോജു തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഷാജി മാത്യു, അരുണാ മാത്യു എന്നിവർ ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍ ആണ്. ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 7 വരെ വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് മേള നടക്കുന്നത്.

This post was last modified on September 4, 2019 8:09 am