X

ഉമ്മന്‍ചാണ്ടിക്കെതിരായ സോളാര്‍ ആരോപണം: പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി

അഴിമുഖം പ്രതിനിധി

സോളാര്‍ കേസില്‍ ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെ ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ലൈംഗിക ആരോപണവും അഞ്ചരക്കോടി രൂപ കോഴ നല്‍കിയ എന്ന വെളിപ്പെടുത്തലും നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. ഇപി ജയരാജനാണ് നോട്ടീസ് നല്‍കിയത്. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം സോളാര്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. ഇതേ തുടര്‍ന്ന് ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിക്ക് നേരേയും ഇത്തരത്തിലെ ആരോപണം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ഇത്തരത്തില്‍ അധപതിക്കരുതായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു.എറണാകുളത്ത് വച്ച് മുഖ്യമന്ത്രി ബിജുവുവമായി സംസാരിച്ചത് എന്താണെന്ന് വ്യക്തമാക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിനോട് ശത്രുതയുള്ള ആളാണ് ബിജു രാധാകൃഷ്ണനെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ കാര്യങ്ങളും സോളാര്‍ കമ്മീഷന്‍ അന്വേഷിക്കുന്നുണ്ട്. ബിജുവിന്റെ ആരോപണം ബാലിശമാണെന്നും അത് നിലനില്‍ക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. മൊഴിയുടെ ഒരുഭാഗം അടര്‍ത്തിയെടുത്ത് സഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിക്കുന്നത് ശരിയല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ജുഡീഷ്യല്‍ കമ്മീഷനെ ദുര്‍ബലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. അഭിഭാഷകനുമായി സംസാരിച്ച് തെളിവുകള്‍ ഹാജരാക്കുന്നത് തീരുമാനിക്കുമെന്നും ബിജു പറഞ്ഞു. ഇന്ന് സോളാര്‍ കമ്മീഷനു മുന്നില്‍ വീണ്ടും ഹാജരാകുന്ന ബിജുവിനെ സര്‍ക്കാര്‍ അഭിഭാഷകന്‍ ക്രോസ് വിസ്താരം ചെയ്യും.

This post was last modified on December 27, 2016 3:25 pm