X

പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കണമെന്ന്‌ സ്പീക്കര്‍

അഴിമുഖം പ്രതിനിധി

ഇന്ത്യയ്ക്ക് പുതിയ പാര്‍ലമെന്റ് മന്ദിരം ആവശ്യമാണെന്ന് ലോക് സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍. നഗര വികസന മന്ത്രാലയത്തിന് അയച്ച കത്തിലാണ് മഹാജന്‍ ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചിട്ടുള്ളത്. കത്ത് കഴിഞ്ഞ ആഴ്ച നഗര വികസന മന്ത്രി എം വെങ്കയ്യ നായിഡുവിന് ലഭിച്ചതായി മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

നിലവിലെ പാര്‍ലമെന്റ് മന്ദിരത്തേക്കാള്‍ കൂടുതല്‍ സ്ഥലവും സാങ്കേതിക തികവുള്ളതുമായ പുതിയ മന്ദിരം ആവശ്യമാണെന്ന് അവര്‍ കത്തില്‍ എഴുതുന്നു. ഇപ്പോഴത്തെ പാര്‍ലമെന്റിലോ രാജ്പഥിലോ പുതിയത് നിര്‍മ്മിക്കാം. പാര്‍ലമെന്റിന്റെ പഴക്കവും പ്രവര്‍ത്തനങ്ങളും ജീവനക്കാരും വര്‍ദ്ധിക്കുന്നതും കാരണം കെട്ടിടം അമിതമായി ഉപയോഗിക്കുന്നതിന്റേയും അപകടാവസ്ഥയുടേയും ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്.

കത്തിലെ വിഷയയം പാര്‍ലമെന്ററി കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റിയും കേന്ദ്ര മന്ത്രിസഭയും ചര്‍ച്ച ചെയ്യുമെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭരണഘടനയിലെ 81-ാം വകുപ്പ് പ്രകാരം 2026-ല്‍ ലോക് സഭാ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. നിലവിലെ മന്ദിരത്തിലെ ലോക്‌സഭയില്‍ 550 അംഗങ്ങള്‍ക്കുള്ള സീറ്റുകളേയുള്ളൂ. കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കാനുള്ള ഇടവും ഇല്ല എന്ന് കത്ത് ചൂണ്ടിക്കാണിക്കുന്നു. അവസാനത്തെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയെ പ്രതിനിധീകരിക്കുന്ന അംഗങ്ങള്‍ പാര്‍ലമെന്റില്‍ വേണമെന്ന് 81-ാം വകുപ്പ് പറയുന്നു.

ഇതാദ്യമായല്ല പുതിയ പാര്‍ലമെന്റ് മന്ദിരത്തിനുവേണ്ടിയുള്ള വാദം ഉയരുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സ്പീക്കറായിരുന്ന മീര കുമാറും ഇതേ ആവശ്യം ഉന്നയിക്കുകയും വിഷയം പഠിക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു.

This post was last modified on December 27, 2016 3:32 pm