X

സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാന്‍ നവംബര്‍ ഒമ്പതിന് പ്രത്യേക സമ്മേളനം; സ്വാഗതം ചെയ്യുന്നതായി തിരുവഞ്ചൂര്‍

പ്രത്യേക സഭാ സമ്മേളനം വിളിക്കുന്നതിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കും കോണ്‍ഗ്രസ് – യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന സോളാര്‍ അഴിമതി കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിനായി പ്രത്യേക സമ്മേളനം ചേരും. നവംബര്‍ ഒമ്പതിനാണ് നിയമസഭ ചേരുന്നത്. പ്രത്യേക സഭാ സമ്മേളനം വിളിക്കുന്നതിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതേസമയം സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസും തിരുവഞ്ചൂരിനെതിരെ കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചനയും അധികാരദുര്‍വിനിയോഗവും നടത്തിയതിന്റെ പേരില്‍ ക്രിമിനല്‍ കേസും എടുക്കുമെന്നാണ് നേരത്തെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പുറത്തുവിട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. അതേസമയം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ രംഗത്തുണ്ടെങ്കിലും നിയമസഭയില്‍ വയ്ക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പുറത്തുവിടാനോ ആര്‍ക്കും കൈമാറാനോ തയ്യാറല്ലെന്നാണ് മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും നിലപാട്. സരിത എസ് നായര്‍ ഉന്നയിച്ചിട്ടുള്ള ലൈംഗിക പീഡന ആരോപണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

This post was last modified on October 19, 2017 11:20 am