X

മണിയുടെ മരണം: പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിക്കുന്നു

അഴിമുഖം പ്രതിനിധി

കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അവ്യക്തതകള്‍ നീക്കുന്നതിനായി മണിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കൊപ്പം ഫോറന്‍സിക്, രാസ പരിശോധന വിദഗ്ദ്ധരേയും ഉള്‍പ്പെടുത്തി പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിക്കും. മണിയുടെ ആന്തരികാവയവങ്ങളിലെ വിഷത്തിന്റെ അളവ് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അന്വേഷണം സംഘം കാക്കനാട് രാസ പരിശോധന ലാബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കലാഭവന്‍ മണിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് കീടനാശിനി തിരിച്ചറിയാന്‍ കഴിഞ്ഞില്ലന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് മരണശേഷം ആന്തരികാവയവങ്ങളുടെ പരിശോധനയിലാണ് കീടനാശിനി കണ്ടെത്തിയത്. കീടനാശിനിയുണ്ടെന്ന കണ്ടെത്തല്‍ ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം നിഷേധിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് മുതിര്‍ന്ന ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചത്.

മണിയുടെ മരണത്തെ കുറിച്ച് വ്യക്തത വരുത്താന്‍ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെ വിട്ടയച്ചു. ഇന്നലെ രാത്രി വീട്ടിലേക്ക് മടങ്ങിയ ഇവരോട് രാവിലെ തിരിച്ചെത്താനും അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരാഴ്ചയായി ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയായിരുന്നു. എന്നാല്‍ നിര്‍ണായകമായ ഒന്നും ഇവരില്‍ നിന്ന് ലഭിച്ചില്ല.

This post was last modified on December 27, 2016 3:54 pm